ഒരു കുഞ്ഞും അമ്മിഞ്ഞപ്പാലിനു വിശന്നിരിക്കരുത്, ഇത് അമ്മമാരുടെ സ്‌നേഹത്തില്‍ തീര്‍ത്ത ബാങ്ക്‌

ഒരു വര്‍ഷം മുന്‍പ് ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ബേബി ശ്രീ കരണ്‍ ആദ്യമായി മുലപ്പാല്‍ ഡൊണേറ്റ് ചെയ്യുന്നത്.
ഒരു കുഞ്ഞും അമ്മിഞ്ഞപ്പാലിനു വിശന്നിരിക്കരുത്, ഇത് അമ്മമാരുടെ സ്‌നേഹത്തില്‍ തീര്‍ത്ത ബാങ്ക്‌

കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ മുലപ്പാല്‍ ബാങ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. മുലപ്പാല്‍ നല്‍കാന്‍ സാധിക്കാത്ത അമ്മമാരുടെ നവജാത ശിശുക്കള്‍ക്ക് പാല് നല്‍കാന്‍ വേണ്ടിയാണ് മുലപ്പാല്‍ ബാങ്കുകള്‍ തുടങ്ങുന്നത്. തമിഴ്‌നാട്ടില്‍ ഇത്തരത്തില്‍ അമ്മമാരായ സ്ത്രീകളുടെ നേതൃത്വത്തില്‍ ഒരു മുലപ്പാല്‍ ബാങ്ക് തുടങ്ങിയിരിക്കുകയാണ്. 

ഒരു വര്‍ഷം മുന്‍പ് ഒരു ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് ബേബി ശ്രീ കരണ്‍ ആദ്യമായി മുലപ്പാല്‍ ഡൊണേറ്റ് ചെയ്യുന്നത്. മാസം തികയാതെ പ്രസവിച്ച് സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഒരു കുഞ്ഞിന് വേണ്ടിയുള്ള പോസ്റ്റായിരുന്നു അത്. ആശുപത്രിയിലെത്തി മുലപ്പാല്‍ ഡണേറ്റ് ചെയ്തതിന് ശേഷം കുഞ്ഞ് സുഖമായി ഇരിക്കുന്ന വിവരം ആശുപത്രി അധികൃതര്‍ ബേബിയെ അറിയിക്കുകയും ചെയ്തു.

ഇത് അവര്‍ക്ക് വളരെ നല്ല ഒരനുഭവമായിട്ടാണ് തോന്നിയത്. തുടര്‍ന്ന് ആറ് മാസത്തിന് ശേഷം മൂന്ന് സുഹൃത്തുക്കളുമായി (കൗസല്യ, ജഗദീഷ്, രമ്യാ ശങ്കരനാരായണന്‍) ചേര്‍ന്ന് ഇവര്‍ മുലപ്പാല്‍ ഡൊണേഷന്‍ ക്യാംപ് തുടങ്ങി. എഗ്മോറിലെ നിയോനാറ്റല്‍ ഇന്റന്‍സിവ് കെയര്‍ യൂണിറ്റില്‍ എല്ലാ ഞായറാഴ്ചയുമായിരുന്നു ക്യാംപ്. 

ഈ മൂന്ന് സ്ത്രീകളും മുലയൂട്ടുന്ന അമ്മമാരുമായിരുന്നു. ഇങ്ങനെയായിരുന്നു ചെന്നൈയില്‍ മുലപ്പാല്‍ ഡൊണേഷന്‍ ക്യാംപ് എന്ന ആശയം ഉടലെടുക്കുന്നതും യാഥാര്‍ത്ഥ്യമാകുന്നതും. 

ഇപ്പോള്‍ മുലപ്പാല്‍ ആവശ്യമുള്ളവര്‍ക്ക് വേണ്ടി തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു ഫേസ്ബുക്ക് കൂട്ടായ്മയുണ്ട് ഇവര്‍ക്ക്. 2000 അംഗങ്ങളുള്ള ഗ്രൂപ്പില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള അംഗങ്ങള്‍ മാത്രമേയുള്ളു. മുലപ്പാല്‍ ആവശ്യമുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചാല്‍ ഗ്രൂപ്പിലെ ഏതാനും അമ്മമാര്‍ ആശുപത്രിയില്‍ എത്തി പാല്‍ ദാനം ചെയ്യും.

പത്ത് അമ്മമാര്‍ മുലപ്പാല്‍ നല്‍കാന്‍ തയ്യാറായാല്‍ തന്നെ ഒരു ലിറ്റര്‍ പാല് ലഭിക്കുമെന്ന് ബേബി പറയുന്നു. മുലപ്പാല്‍ ഡൊണേഷന്‍ ക്യാംപ് നടത്തുന്നത് മിക്കവാറും ഞായറാഴ്ചകളില്‍ ആണ്. അമ്മമാരെല്ലാം ജോലി ചെയ്യുന്നവരായതിനാലാണിത്. അതേസമയം, ഇവര്‍ വീട്ടിലെത്തി മുലപ്പാല്‍ ശേഖരിക്കുകയും ചെയ്യാറുണ്ട്. 

ആശുപത്രിയില്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാനായി ഒരു ദിവസം ഏകദേശം 1500 തൊട്ട് 1800 മില്ലീലിറ്റര്‍ പാലാണ് വേണ്ടി വരുന്നത്. എന്നാല്‍ ഇവര്‍ക്ക് ക്യാംപു വഴി 1200 മില്ലീലിറ്റര്‍ പാലേ സംഭരിക്കാനാകുന്നുള്ളുവെന്നും ബേബി പറഞ്ഞു. 

മുലപ്പാല്‍ ഡൊണേറ്റ് ചെയ്യുന്നതിന് ഇവര്‍ ചില മാനദണ്ഡങ്ങളും മുന്നോട്ടു വയ്ക്കുന്നുണ്ട്. ആരോഗ്യപരമായി അനുയോജ്യമായവര്‍ക്കേ മുലപ്പാല്‍ ദാനം ചെയ്യാന്‍ കഴിയു. അലര്‍ജി പോലുള്ള രോഗങ്ങള്‍ എച്ച്‌ഐവി, എന്നിവ ഇല്ലെന്ന് ഉറപ്പ് വരുത്തണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com