ചികിത്സ ലഭിച്ചില്ല, പാക്കിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ ആള്‍ മരിച്ചു; 330 കിലോ തൂക്കം 

330 കിലോ തൂക്കമുളള നൂറുള്‍ ഹസനാണ് ആശുപത്രിയിലെ അക്രമസംഭവങ്ങളെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഐസിയുവില്‍ മരിച്ചത്
ചികിത്സ ലഭിച്ചില്ല, പാക്കിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ ആള്‍ മരിച്ചു; 330 കിലോ തൂക്കം 

ലാഹോര്‍: മതിയായ ചികിത്സ കിട്ടാതെ പാക്കിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ വ്യക്തി മരിച്ചു. 330 കിലോ തൂക്കമുളള നൂറുള്‍ ഹസനാണ് ആശുപത്രിയിലെ അക്രമസംഭവങ്ങളെ തുടര്‍ന്ന് ചികിത്സ കിട്ടാതെ ഐസിയുവില്‍ മരിച്ചത്. ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാക്കിസ്ഥാന്‍ ആര്‍മി ഹെലികോപ്റ്ററില്‍ 55കാരനായ നൂറുള്‍ ഹസനെ എയര്‍ലിഫ്റ്റ് ചെയ്തത് കഴിഞ്ഞ മാസം വലിയ വാര്‍ത്തയായിരുന്നു.

ലാഹോറിലെ ഷാലമാര്‍ ആശുപത്രിയിലാണ് സംഭവം. ഒരു വനിതാ രോഗി മരിച്ചതുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെ തുടര്‍ന്നാണ് നൂറുള്‍ ഹസനും മറ്റൊരു രോഗിയും ചികിത്സ കിട്ടാതെ മരിച്ചത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് സൃഷ്ടിച്ച ജീവനക്കാരുടെ അഭാവമാണ് നൂറുള്‍ ഹസന്റെ നില വഷളാവാന്‍ കാരണമായതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

വനിതാ രോഗിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

മരിച്ച വനിതാ രോഗിയുടെ ബന്ധുക്കള്‍  ആശുപത്രി അടിച്ചുതകര്‍ത്തു. ചില്ലുകള്‍ തകര്‍ക്കുകയും വെന്റിലേറ്റര്‍ നിശ്ചലമാക്കുകയും ചെയ്ത ബന്ധുക്കള്‍ ഡോക്ടര്‍മാരെ മര്‍ദിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഐസിയുവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നഴ്‌സുമാര്‍ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ ഒരു മണിക്കൂറോളം മതിയായ ചികിത്സ കിട്ടാതെ വന്നതോടെ നൂറുളിന്റെ നില വഷളായി. ഇത് മരണത്തില്‍ കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നില വഷളായ നൂറുളിനെ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് ഡോക്ടര്‍ മസൂള്‍ ഹസന്‍ പറയുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

പാക്കിസ്ഥാനിലെ ഏറ്റവും ഭാരം കൂടിയ ആളാണ് നൂറുള്‍ ഹസന്‍ എന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com