'അയാള്‍ക്ക് എന്നെ കൂടെ കിടക്കാന്‍ മാത്രമാണ് വേണ്ടിയിരുന്നത്, അവസാനം മൊഴി ചൊല്ലി'; ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതം

അമ്മയും സഹോദരിയും ക്രൂരമായി ആക്രമിക്കപ്പെടുന്നതും ഇല്ലാതാക്കപ്പെടുന്നതും അവര്‍ക്ക് കണ്ടു നില്‍ക്കേണ്ടിവന്നിട്ടുണ്ട്
'അയാള്‍ക്ക് എന്നെ കൂടെ കിടക്കാന്‍ മാത്രമാണ് വേണ്ടിയിരുന്നത്, അവസാനം മൊഴി ചൊല്ലി'; ഒരു ഓട്ടോറിക്ഷ ഡ്രൈവറുടെ ജീവിതം

ര്‍ത്താവ് മൊഴിചൊല്ലിയതോടെയാണ് പറക്കമുറ്റാത്ത മുന്ന് കുഞ്ഞുങ്ങളേയും കൊണ്ട് ഷിരീന്‍ തെരുവിലേക്ക് ഇറങ്ങിയത്. എന്നാല്‍ അവര്‍ തളര്‍ന്നില്ല. തന്റെ മക്കള്‍ക്ക് വേണ്ടി ഒറ്റപ്പെടുത്തലിനേയും കുത്തിനോവിക്കലുകളേയും അവര്‍ പോരാടി തോല്‍പ്പിച്ചു. ഇന്ന് അവര്‍ മുംബൈ നഗരത്തിലെ പ്രധാന ഓട്ടോറിക്ഷ ഡ്രൈവറാണ്. അത്ര എളുപ്പമായിരുന്നില്ല ഷിരീനിന്റെ ജീവിതം. അമ്മയും സഹോദരിയും ക്രൂരമായി ആക്രമിക്കപ്പെടുന്നതും ഇല്ലാതാക്കപ്പെടുന്നതും അവര്‍ക്ക് കണ്ടു നില്‍ക്കേണ്ടിവന്നിട്ടുണ്ട്. പിന്നീട് ഭര്‍ത്താവില്‍ നിന്ന് അനുഭവിച്ച പീഡനവും അവരെ തളര്‍ത്തി. എന്നാല്‍ അവര്‍ ആര്‍ക്കു മുന്നിലും തോറ്റില്ല. തന്റെ ജീവിതത്തെക്കുറിച്ച് ഹ്യുമണ്‍സ് ഓഫ് ബോംബെ എന്ന ഫേയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് ഷിരീന്‍. 

ഷിരീനിന്റെ കുറിപ്പ് വായിക്കാം;

പാവപ്പെട്ട യാഥാസ്ഥിതിക മുസ്‌ലിം കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എനിക്ക് 11 വയസു പ്രായമുള്ളപ്പോള്‍ എന്റെ മാതാപിതാക്കള്‍ എല്ലാദിവസവും കലഹിക്കാന്‍ തുടങ്ങി. ഇത് എന്നെ വളരെ അധികം ബാധിച്ചു. വൈകാതെ അവര്‍ വേര്‍പിരിഞ്ഞു. 

വീണ്ടുമൊരു വിവാഹം കഴിക്കാനുള്ള അമ്മയുടെ തീരുമാനം വലിയ രീതിയിലുള്ള അപവാദ പ്രചരണങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ആരെയും ഭയക്കാതെ തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നവരായിരുന്നു അവര്‍. വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ സഹോദരനൊപ്പം അമ്മ പുറത്തുപോയി. ഒരു കൂട്ടം ആളുകള്‍ അമ്മയെ തടഞ്ഞു നിര്‍ത്തി രണ്ടാം വിവാഹത്തിന്റെ കാര്യം പറഞ്ഞ് ആക്ഷേപിച്ചു. അമ്മയുടെ സ്വഭാവത്തെക്കുറിച്ച് അപവാദം പറഞ്ഞു. എന്റെ സഹോദരനെ പോലും അവര്‍ വെറുതെ വിട്ടില്ല. ആ സംഭവം അമ്മയ്ക്ക് താങ്ങാവുന്നതിനുമപ്പുറമായിരുന്നു. അന്ന് രാത്രി അവര്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു അത്. പക്ഷേ ഞങ്ങള്‍ക്ക് ജീവിക്കണമായിരുന്നോ. ഒരു വര്‍ഷത്തിനുള്ളില്‍ എന്നെയും എന്റെ സഹോദരിയേയും അച്ഛന്‍ വിവാഹം കഴിപ്പിച്ച് അയച്ചു. 

എന്റെ സഹോദരിയ്ക്ക് സ്ത്രീധനത്തിന്റെ പേരില്‍ പീഡനം ഏല്‍ക്കേണ്ടിവന്നു. അവള്‍ ഗര്‍ഭിണിയായപ്പോള്‍ അവര്‍ അവള്‍ക്ക് വിഷം നല്‍കി. ഞാന്‍ തകര്‍ന്നുപോയി. ഞാന്‍ ഏറ്റവും സ്‌നേഹിച്ചിരുന്ന രണ്ടുപേരെയാണ് എനിക്ക് നഷ്ടമായത്. അത് എനിക്കൊരു ഇരുട്ടറ ആയി മാറി. പക്ഷേ എന്റെ മകന്‍ ഈ ലോകത്തേക്ക് എത്തിയതോടെ എനിക്ക് മറ്റ് വഴികള്‍ ഇല്ലായിരുന്നു. അവനു വേണ്ടി മുന്നോട്ടു പോകണമായിരുന്നു. 

വൈകാതെ എന്റെ ഭര്‍ത്താവിനും ഞാനും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാകാന്‍ തുടങ്ങി. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതോടെ അദ്ദേഹം ഞങ്ങളെ നോക്കാതെയായി. കൂടെ കിടക്കാന്‍ മാത്രമാണ് അയാള്‍ക്ക് എന്നെ വേണ്ടിയിരുന്നത്. അവസാനം അയാള്‍ എന്നെ മൊഴിചൊല്ലി. എന്റെ കുഞ്ഞുങ്ങളേയും എടുത്ത് ആ വീട് വിട്ട് ഞാന്‍ ഇറങ്ങി. 

തെരുവില്‍ ഞാന്‍ ഒറ്റയ്ക്കായി. കൂടെ മൂന്ന് കുഞ്ഞുങ്ങളും. ഇത് വളരെ അധികം വേദനാജനകമായിരുന്നു. പക്ഷേ എനിക്ക് അതിനെ അതിജീവിക്കണമായിരുന്നു. അങ്ങനെ ചെറിയ ബിരിയാണിക്കട തുടങ്ങി. പക്ഷേ ഒരു ദിവസം മുനിസിപ്പാലിറ്റി അധികൃതര്‍ വന്ന് അത് പൊളിച്ചു. എന്റെ ഭര്‍ത്താവ് ഓട്ടോറിക്ഷ ഡ്രൈവര്‍ ആയിരുന്നു. മറ്റ് വഴികള്‍ ഇല്ലാതായതോടെ എന്റെ എല്ലാ സമ്പാദ്യവുമെടുത്ത് ഞാന്‍ ഓട്ടോ ഓടിക്കാന്‍ തുടങ്ങി. എനിക്ക് നല്ല പൈസ അതില്‍ നിന്നു ലഭിച്ചു. എന്നാല്‍ ഒരുപാട് പേര്‍ എന്നെ ഉപദ്രവിച്ചു. അവര്‍ എന്നെ അപമാനിച്ചു. ചവിട്ടിത്താഴ്ത്തി. പെണ്ണായതുകൊണ്ടു മാത്രം സംശയിച്ചു. മറ്റുള്ള ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എന്നോട് തല്ലുപിടിക്കാനായി വന്നു. എന്നാല്‍ അതൊന്നും എന്നെ ബാധിച്ചില്ല. 

ഇപ്പോള്‍ ഒരു വര്‍ഷം ആകുന്നു. എന്റെ വരുമാനം കൊണ്ടാണ് വീട് മുന്നോട്ടുപോകുന്നത്. എന്റെ കുട്ടികള്‍ ചോദിക്കുന്നതൊക്കെ ഞാന്‍ അവര്‍ക്ക് നല്‍കും. അവര്‍ക്ക് ഒരു കാര്‍ വാങ്ങി നല്‍കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഉടന്‍ തന്നെ വാങ്ങും. എന്റെ യാത്രക്കാരും മികച്ച പിന്തുണയാണ് നല്‍കുന്നത്. എനിക്ക് വേണ്ടി കയ്യടിക്കുകയും പണം നല്‍കുകയും ആലിംഗനം ചെയ്യുക വരെ ചെയ്യും. ഒരിക്കല്‍ എന്റെ ഓട്ടോറിക്ഷയില്‍ കയറിയ ആള്‍ക്ക് ഞാന്‍ സ്ത്രീയാണെന്ന് മനസിലായില്ല. എന്നെ ഭയ്യ എന്നാണ് വിളിച്ചത്. പിന്നെ മനസിലായപ്പോള്‍ ഞാന്‍ ധബംഗ് ലേഡി ആണെന്നാണ് പറഞ്ഞത്. അതാണ് എനിക്കറിയാവുന്ന ഞാന്‍. അതുപോലെ മറ്റു സ്ത്രീകളും അവാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്ത്രീകള്‍ക്ക് എന്തിനുമുള്ള  കഴിവുമുണ്ട്. മറ്റുള്ളവരുടെ നിയമങ്ങള്‍ അനുസരിച്ച് ജീവിക്കേണ്ട കാര്യമില്ല. എന്റെ അമ്മയെയും സഹോദരിയേയും പോലെ മറ്റുള്ളവര്‍ കഷ്ടപ്പെടണമെന്ന് എനിക്ക് ആഗ്രഹമില്ല. ഓരോ യാത്രക്കാരെ എടുക്കുമ്പോഴും നല്ല വാക്കുകള്‍ കേള്‍ക്കുമ്പോഴും മക്കളുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കുമ്പോഴും എനിക്ക് വേണ്ടി മാത്രമല്ല ഞാനത് ചെയ്യുന്നത്. വേദനകള്‍ നിശബ്ദം സഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com