ഇന്ത്യയുടെ 'ക്യാന്‍സര്‍ ക്യാപ്പിറ്റലില്‍' സംഭവിക്കുന്നതെന്ത്?, വഴിതെറ്റിക്കുന്ന ഗവേഷണഫലങ്ങളോ?; കുറിപ്പ് 

ഇന്ത്യയുടെ ക്യാന്‍സര്‍ ക്യാപ്പിറ്റല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പഞ്ചാബിലെ ഭട്ടിണ്ഡയെ ഉദാഹരണമായി കാണിച്ച് ഗവേഷണഫലങ്ങളെ വിമര്‍ശിക്കുന്ന ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു
ഇന്ത്യയുടെ 'ക്യാന്‍സര്‍ ക്യാപ്പിറ്റലില്‍' സംഭവിക്കുന്നതെന്ത്?, വഴിതെറ്റിക്കുന്ന ഗവേഷണഫലങ്ങളോ?; കുറിപ്പ് 

കൊച്ചി: ഇന്ത്യയുടെ ക്യാന്‍സര്‍ ക്യാപ്പിറ്റല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന പഞ്ചാബിലെ ഭട്ടിണ്ഡയെ ഉദാഹരണമായി കാണിച്ച് ഗവേഷണഫലങ്ങളെ വിമര്‍ശിക്കുന്ന ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഭട്ടിണ്ഡയില്‍ ഇത്രയധികം ക്യാന്‍സര്‍ രോഗികള്‍ ഉണ്ടാവാന്‍ കാരണം കര്‍ഷകരുടെ കീടനാശിനി പ്രയോഗം മുതല്‍ യുറേനിയം അംശം വരെയാണെന്ന് സമര്‍ഥിച്ച് വിവിധ ഘട്ടങ്ങളില്‍ പുറത്തുവന്ന ഗവേഷണ ഫലങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാണിച്ചാണ് സുജിത് കുമാര്‍ ഗവേഷണങ്ങളുടെ വിശ്വാസ്യത ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്യുന്നത്.

'സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുമൊക്കെ വഴങ്ങിക്കൊണ്ട് ഗവേഷണ ഫലങ്ങള്‍ മുന്‍കൂട്ടിത്തന്നെ നിശ്ചയിച്ചുകൊണ്ട് അതിനെ സാധൂകരിക്കാനാവശ്യമായ തെളിവുകള്‍ തുന്നിച്ചേര്‍ക്കുന്ന ഗവേഷണ രീതി വളരെ എളുപ്പമാണെന്നതിനാല്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും അതിനോട് കൂടുതല്‍ താല്പര്യം ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. അത്തരം ഗവേഷണങ്ങള്‍ സത്യം പുറത്തുകൊണ്ടുവരുന്നതിനെ തടയിടുന്നതായതിനാല്‍ ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.'- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

പഞ്ചാബിലെ ഭട്ടിണ്ഡ എന്ന സ്ഥലം ഇന്ത്യയുടെ ക്യാന്‍സര്‍ കാപ്പിറ്റല്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. അത്രയധികം ക്യാന്‍സര്‍ രോഗികള്‍ ഉള്ള സ്ഥലമായിരുന്നു അത്. പതിവുപോലെ പ്രതിയെ ആദ്യമേ കണ്ടെത്തി. 'കര്‍ഷകരുടെ കീടനാശിനി പ്രയോഗം !!'. ആദ്യമേ തന്നെ കുറ്റവാളിയെ കണ്ടു കിട്ടിയതിനാല്‍ തുടര്‍ ഗവേഷണങ്ങള്‍ എളുപ്പമായി. ഭട്ടിണ്ഡയിലെപ്പോലെത്തന്നെ പഞ്ചാബിലെ മറ്റ് പലയിടങ്ങളിലും കീടനാശിനികള്‍ കാര്യമായിത്തന്നെ ഉപയോഗിക്കാറുണ്ടെങ്കിലും ഭട്ടിണ്ഡയില്‍ മാത്രം എന്തുകൊണ്ട് ഇത്രയധികം ക്യാന്‍സര്‍ രോഗികള്‍ എന്ന ചോദ്യം തന്നെ അപ്രസക്തമാക്കും വിധം കീടനാശിനികള്‍ക്ക് ചുറ്റും കിടന്ന് കറങ്ങുന്ന നൂറുകണക്കിനു ഗവേഷണ പ്രബന്ധങ്ങള്‍ പറന്നു നടന്നു. കര്‍ഷകരെ പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ട് കീടനാശിനികള്‍ ഉപയോഗിക്കുന്നതിനെതിരെ വലിയ തോതിലുള്ള ബോധവത്കരണ പരിപാടികളും കീടനാശിനി നിരോധനവുമൊക്കെ മുറയ്ക്ക് നടന്നെങ്കിലും ക്യാന്‍സറിനു മാത്രം കുറവൊന്നും ഉണ്ടായില്ല. 2009 ല്‍ പഞ്ചാബിലെ ഫരീദ് കൊട്ടിലെ ഓട്ടിസ്റ്റിക്  സെറിബ്രല്‍ പാള്‍സി അസുഖബാധിതരായ കുട്ടികള്‍ക്കുള്ള ആശുപത്രിയിലെ ഡോക്ടര്‍ക്കുണ്ടായ സംശയവും തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കാരനായ ക്ലിനിക്കല്‍ മെറ്റല്‍ ടോക്‌സോളജിസ്റ്റ് ആയ ഡോക്ടര്‍ കാരിന്‍ സ്മിത്തിന്റെ സഹായത്തൊടെ നടത്തിയ പഠനങ്ങളില്‍ ആണ് ഭൂഗര്‍ഭ ജലത്തില്‍ യുറേനിയത്തിന്റെ വലിയ തോതിലുള്ള സാന്നിദ്ധ്യം കണ്ടെത്തിയത്. ഒരു ലിറ്റര്‍ വെള്ളത്തില്‍ 225 മൈക്രോഗ്രാം വരെ യുറേനിയം പഠന വിധേയമാക്കിയ ഇടങ്ങളില്‍ കണ്ടെത്തി. എങ്ങിനെ ആയിരിക്കാം യുറേനിയം ഇത്തരത്തില്‍ ഭൂഗര്‍ഭ ജലത്തെ മലിനമാക്കുന്നതെന്ന് കണ്ടത്താനുള്ള തുടര്‍ ഗവേഷണങ്ങള്‍ പല സ്ഥാപനങ്ങളെയും പ്രതിസ്ഥാനത്ത് നിര്‍ത്തി. താപ വൈദ്യുത നിലയത്തില്‍ നിന്നും പുറത്തു വിടുന്ന ഫ്‌ലൈ ആഷ് ആണ് യുറേനിയം വെള്ളത്തിലേക്ക് കലര്‍ത്തുന്നതെന്ന നിഗമനങ്ങള്‍ വന്നതിനെത്തുടര്‍ന്ന് താപ വൈദ്യുത നിലയങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ പുതിയതായി വന്ന പഠന ഫലങ്ങള്‍ വെളിവാക്കുന്നത് പ്രകൃത്യാലുള്ള പാറകളിലും മറ്റുമുള്ള യുറേനിയം അംശമാണ് ഭട്ടിണ്ഡയിലെയും പരിസര പ്രദേശങ്ങളിലെയും ഭൂഗര്‍ഭ ജലത്തെ മലിനമാക്കുന്നതെന്നാണ്. എന്തായാലും ഇപ്പോള്‍ പഞ്ചാബ് സര്‍ക്കാര്‍ ഈ പ്രശ്‌നത്തിനൊരു പരിഹാരം കാണാനായി ഗ്രാമങ്ങളില്‍ ജല ശുദ്ധീകരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്കും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുമൊക്കെ വഴങ്ങിക്കൊണ്ട് ഗവേഷണ ഫലങ്ങള്‍ മുന്‍കൂട്ടിത്തന്നെ നിശ്ചയിച്ചുകൊണ്ട് അതിനെ സാധൂകരിക്കാനാവശ്യമായ തെളിവുകള്‍ തുന്നിച്ചേര്‍ക്കുന്ന ഗവേഷണ രീതി വളരെ എളുപ്പമാണെന്നതിനാല്‍ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ സ്ഥാപനങ്ങള്‍ക്കും അതിനോട് കൂടുതല്‍ താല്പര്യം ഉണ്ടാകുന്നത് തികച്ചും സ്വാഭാവികമാണ്. അത്തരം ഗവേഷണങ്ങള്‍ സത്യം പുറത്തുകൊണ്ടുവരുന്നതിനെ തടയിടുന്നതായതിനാല്‍ ഒട്ടും തന്നെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com