'ഉറക്കെ നിലവിളിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്, ചുറ്റുമുള്ളവരാണ് സാക്ഷികള്‍'; ട്രെയിനില്‍ വെച്ചുണ്ടായ് അപമാനം ധീരതയോടെ നേരിട്ട പെണ്‍കുട്ടി പറയുന്നു

ട്രെയിനില്‍ വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തിനെതിരേ ഈ പെണ്‍കുട്ടി നടത്തിയ നിയമനടപടി എല്ലാവര്‍ക്കും മാതൃകയാണ്
'ഉറക്കെ നിലവിളിക്കുകയാണ് ഞാന്‍ ആദ്യം ചെയ്തത്, ചുറ്റുമുള്ളവരാണ് സാക്ഷികള്‍'; ട്രെയിനില്‍ വെച്ചുണ്ടായ് അപമാനം ധീരതയോടെ നേരിട്ട പെണ്‍കുട്ടി പറയുന്നു

പൊതുസ്ഥലങ്ങളിലും വീട്ടില്‍ വെച്ച് സ്ത്രീകള്‍ക്ക് പലതരത്തിലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടിവരാറുണ്ട്. സ്ത്രീപീഡനങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോള്‍ പോലും ഭൂരിഭാഗം സ്ത്രീകളും ഇതിനെതിരേ നിയമനടപടി സ്വീകരിക്കാറില്ല. പിന്നീട് നേരിടേണ്ടിവരുന്ന ചോദ്യങ്ങളും സംശയത്തോടെയുള്ള നോട്ടങ്ങളുമെല്ലാം നേരിടാന്‍ കരുത്തില്ലാത്തതാണ് ഈ പിന്‍മാറ്റത്തിനുള്ള കാരണം. എന്നാല്‍ ഇത്തരം ആക്രമണങ്ങളെ ധീരമായി എങ്ങനെ നേരിടാം എന്നു കാണിച്ചുതരികയാണ് ഒരു പെണ്‍കുട്ടി. 

ട്രെയിനില്‍ വെച്ച് തനിക്കുണ്ടായ മോശം അനുഭവത്തിനെതിരേ ഈ പെണ്‍കുട്ടി നടത്തിയ നിയമനടപടി എല്ലാവര്‍ക്കും മാതൃകയാണ്. ആക്രമിക്കപ്പെട്ടാല്‍ ഏത് രീതിയിലാണ് നിയമനടപടി സ്വീകരിക്കേണ്ടതെന്നും പൊലീസില്‍ നിന്നും കോടതിയില്‍ നിന്നും ഉയര്‍ന്ന ചോദ്യങ്ങളെന്തൊക്കെയാണെന്നും ഹാജരാക്കിയ രേഖകള്‍ എന്തെല്ലാമാണെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇവര്‍. ഇതോടെ യുവതിയുടെ ധീരതയേയും നിശ്ചയദാര്‍ഢ്യത്തേയും പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. 

ശതാബാദി ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന യുവതി ഒരു മദ്യപാനിയുടെ ആക്രമണത്തിന് ഇരയാവുകയായിരുന്നു. മോശം അനുഭവമുണ്ടായപ്പോള്‍ തന്നെ ഉറക്കെ നിലവിളിക്കുകയാണ് ആദ്യം ചെയ്തത് എന്നാണ് യുവതി പറയുന്നത്. ചുറ്റുമുള്ള ആളുകളാണ് സംഭവത്തിന് സാക്ഷികളെന്നും അതുകൊണ്ടാണ് താന്‍ ആദ്യം അങ്ങനെ ചെയ്തതെന്നും യുവതി പറയുന്നു. ആ കംപാര്‍ട്ട്‌മെന്റില്‍ ടിടിആര്‍ ഇല്ലാതിരുന്നതിനാല്‍ ടിടിആറിനെയോ പൊലീസിനെയോ വിവരമറിയിക്കാന്‍ അവര്‍ പാന്‍ട്രി സ്റ്റാഫിനെ ചുമതലപ്പെടുത്തി. സംഭവമറിഞ്ഞെത്തിയ സിആര്‍പിഎഫിനോട് നടന്ന കാര്യങ്ങള്‍ താന്‍ വിശദീകരിച്ചെന്നും അവര്‍ അയാളെ കൂട്ടിക്കൊണ്ടു പോയെന്നും യുവതി വ്യക്തമാക്കി.

തുടര്‍ന്ന് അധികൃതര്‍ക്കൊപ്പം അടുത്ത സ്‌റ്റോപ്പിലിറങ്ങിയാണ് പരാതി എഴുതി നല്‍കിയത്. അതിക്രമത്തിനിരയായാല്‍ തീര്‍ച്ചയായും അങ്ങനെ ചെയ്യണമെന്നും അത് വളരെ പ്രധാനമാണെന്നും അവര്‍ പറയുന്നു. സംഭവിച്ച കാര്യങ്ങളെല്ലാം ഒരു പേപ്പറിലെഴുതണമെന്നും അത് പിന്നീട് തെളിവായി മാറുമെന്നും യുവതി ഓര്‍മപ്പെടുത്തുന്നു. 'കുഞ്ഞുകാര്യമാണെന്നോര്‍ത്ത് ഒന്നും എഴുതാതെ വിടരുത്. ആക്രമണത്തിന് മുന്‍പുള്ള അയാളുടെ പെരുമാറ്റം അതിനു ശേഷമുള്ള പെരുമാറ്റം എന്നിവയെക്കുറിച്ചും സംഭവമറിഞ്ഞ ശേഷം ചുറ്റുമുള്ള ആളുടെ പ്രതികരണവുമെല്ലാം വ്യക്തമായി എഴുതണം. ആക്രമിക്കപ്പെടുമ്പോള്‍ നിങ്ങള്‍ മറ്റുള്ളവരോട് സഹായം അഭ്യര്‍ഥിച്ചോയെന്ന ചോദ്യം നിങ്ങള്‍ക്ക് നേരെ ഉയരും. 

അതിനു ശേഷം ഏറ്റവുമടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ പോയി എഫ് ഐ ആര്‍ ഫയല്‍ ചെയ്യണം.  അതിനു മുന്‍പായി നമ്മള്‍ ഒരു സ്‌റ്റേറ്റ്‌മെന്റ് ഫയല്‍ ചെയ്യണം. അത് അധികൃതര്‍ക്കു മുന്നില്‍ത്തന്നെയിരുന്ന് തയാറാക്കുകയും സംശയങ്ങള്‍ അപ്പപ്പോള്‍ത്തന്നെ ദൂരീകരിക്കുകയും ചെയ്യണം. ഞങ്ങള്‍ എഫ് ഐ ആര്‍ ഫയല്‍ ചെയ്‌തേക്കാം എന്നൊക്കെ അവര്‍ പറയും. പക്ഷേ അവര്‍ എഫ് ഐ ആര്‍ തയാറാക്കി കഴിഞ്ഞു മാത്രമേ നിങ്ങള്‍ സ്‌റ്റേഷന്‍ വിടാവൂ. എന്റെ കാര്യത്തില്‍ എഫ്‌ഐആര്‍ തയാറാക്കാന്‍ അവര്‍ മൂന്നുമണിക്കൂറോളമെടുത്തു. അതുവരെ ഞാന്‍ ക്ഷമയോടെ കാത്തിരുന്നു.

അഥവാ അവര്‍ എഫ്‌ഐആര്‍ തയാറാക്കാന്‍ മടിക്കുകയാണെങ്കില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലോ വനിതാ ഹെല്‍പേ ലൈനിലോ വിളിച്ച് സഹായമഭ്യര്‍ഥിക്കുകയും സീറോ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയോ ചെയ്യാം. വേണ്ട നിര്‍ദേശങ്ങള്‍ അവര്‍ നല്‍കും. സ്‌റ്റേറ്റ്‌മെന്റിന്റെ കോപ്പിയെടുക്കുക, ഫോട്ടോകളുണ്ടെങ്കില്‍ അതും. ശേഷം പരാതി രജിസ്റ്റര്‍ ചെയ്തതിന്റെ രസീത് ഉദ്യോഗസ്ഥരില്‍ നിന്ന് വാങ്ങുക. അവരുടെ ഒപ്പും സീലുമാണ് രസീതിലുണ്ടാവേണ്ടത്. സ്‌റ്റേറ്റ്‌മെന്റിന്റെ ചിത്രങ്ങളെടുത്ത് സൂക്ഷിക്കുക. അതും തെളിവാണ്.

ഉപദ്രവിച്ച ആളിന്റെ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ചിന്തിച്ചോ എന്ന തരത്തിലുള്ള ചോദ്യങ്ങളൊക്കെ ഉണ്ടാകും പതറാതെ മുന്നോട്ടു പോവുക. ആക്രമിച്ചപ്പെട്ട കാര്യം പല ഉദ്യോഗസ്ഥരോടും ആവര്‍ത്തിക്കേണ്ടി വരും.  ഈ സംഭവത്തില്‍ തെളിവായി ട്രെയിന്‍ ടിക്കറ്റൊക്കെ ഞാന്‍ ഹാജരാക്കിയിരുന്നു. നിങ്ങളുടെ സ്‌റ്റേറ്റ്‌മെന്റില്‍ ലൂപ്‌ഹോള്‍സ് കണ്ടെത്താന്‍ അവര്‍ ശ്രമിക്കും.  പക്ഷേ അക്രമി ചെയ്തതിനെക്കുറിച്ച് ഉത്തമബോധ്യമുള്ളതിനാല്‍ നടന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുക. പറഞ്ഞകാര്യങ്ങളില്‍ നിന്നും ഒരിക്കലും വ്യതിചലിക്കരുത്. അങ്ങനെ ചെയ്താല്‍ ആരോപണം കെട്ടിച്ചമച്ചതാണെ് അവര്‍ കരുതും. 

മൂന്നാം ദിവസം അവര്‍ എന്നെ കോടതിയില്‍ ഹാജരാക്കി. സ്‌റ്റേറ്റ്‌മെന്റ് ആവര്‍ത്തിക്കും മുന്‍പ് വ്യാജക്കേസ് ഫയല്‍ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് ജഡ്ജി ഓര്‍മ്മിപ്പിക്കും. സ്‌റ്റേറ്റ്‌മെന്റ് ജഡ്ജിയുടെ മുന്നില്‍ ആവര്‍ത്തിച്ചാല്‍ പിന്നെ സാക്ഷികളെ ഹാജരാക്കാം. സംഭവത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോടോ ബന്ധുക്കളോടോ പറഞ്ഞിട്ടുണ്ടെങ്കില്‍ അവരെ സാക്ഷികളായി ഹാജരാക്കാം. നമ്മള്‍ പറഞ്ഞ കാര്യങ്ങളെക്കുറിച്ചും സംഭവത്തെക്കുറിച്ചും കോടതി അവരോട് അന്വേഷിക്കും.' യുവതി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com