മാതൃത്വത്തിന്റെ മഹിമ; ഇവര്‍ക്ക് സ്വന്തം മക്കളെ പോലെ മാന്‍ കുഞ്ഞുങ്ങള്‍; മുലയൂട്ടുന്ന ചിത്രം വൈറല്‍

മാനുകളെ അവര്‍ വിശുദ്ധ മൃഗമായി കാണുന്നു. പരിക്കേറ്റതും കൂട്ടംതെറ്റിയതുമായ മാനുകളെ കുടുംബങ്ങള്‍ ദത്തെടുക്കുകയും സ്വന്തം മക്കളെ പോലെ പരിപാലിക്കുകയും ചെയ്യുന്നു
മാതൃത്വത്തിന്റെ മഹിമ; ഇവര്‍ക്ക് സ്വന്തം മക്കളെ പോലെ മാന്‍ കുഞ്ഞുങ്ങള്‍; മുലയൂട്ടുന്ന ചിത്രം വൈറല്‍

ജോധ്പൂര്‍: ബിഷ്‌ണോയ് ഗോത്രവര്‍ഗത്തിന്റെ പ്രകൃതി സ്‌നേഹം ലോകപ്രശസ്തമാണ്. മനുഷ്യരെ പോലെ തന്നെ ഇവര്‍ മൃഗങ്ങളെയും പരിപാലിക്കുന്നു. രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയിലെ ഒരു സ്ത്രീ മാന്‍കുഞ്ഞിന് മുലയൂട്ടുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രവീണ്‍  കശ് വാനാണ് ഈ  ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

മാതൃത്വം എന്ന വാക്കിന് ഏറെ അര്‍ത്ഥതലങ്ങള്‍ നല്‍കുന്ന ഒരു ചിത്രമാണ് ഇത്. താന്‍ പെറ്റ സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്നത് പോലെയാണ് ഈ യുവതി മാനിനെ മുലയൂട്ടുന്നത്.  ബിഷ്‌ണോയ് വിഭാഗക്കാര്‍ മൃഗങ്ങളെ പരിപാലിക്കുന്നതിന്റെ നേര്‍ചിത്രമാണിത്. അവരുടെ മക്കളെപോലെയാണ് മൃഗങ്ങളെ സ്‌നേഹിക്കുന്നതെന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നുവെന്ന് പ്രവീണ്‍ ട്വിറ്ററില്‍ കുറിച്ചു.

ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ ആയിരങ്ങളാണ് ഷെയര്‍ ചെയ്തത്. ലൈക്കുചെയ്യുന്നതോടൊപ്പം ചിത്രത്തെ എല്ലാവരും പ്രശംസിക്കുകയും ചെയ്യുന്നു. 

സ്വന്തം കുഞ്ഞിനൊപ്പം മാന്‍കുട്ടിയെ മുലയൂട്ടുന്ന ധാരാളം അമ്മമാരെ ഈ ഗ്രാമത്തില്‍ കാണാം. കഴിഞ്ഞ അഞ്ചൂറുവര്‍ഷമായി ബിഷ്‌ണോയ് സ്ത്രീകള്‍ തുടര്‍ന്നുവരുന്ന രീതിയാണിത്. മാനുകളെ അവര്‍ വിശുദ്ധ മൃഗമായി കാണുന്നു. പരിക്കേറ്റതും കൂട്ടംതെറ്റിയതുമായ മാനുകളെ കുടുംബങ്ങള്‍ ദത്തെടുക്കുകയും സ്വന്തം മക്കളെ പോലെ പരിപാലിക്കുകയും ചെയ്യുന്നു.

ബിഷ്‌ണോയികള്‍ ഹിന്ദു മതവിശ്വാസികളെങ്കിലും മരിച്ചവരെ ദഹിപ്പിക്കാറില്ല. മരങ്ങള്‍ വെട്ടുന്നത് ഒഴിവാക്കുന്നതിനൊപ്പം മൃതദേഹം കുഴിച്ചിടുന്നത് മണ്ണിനെ ഫലപുഷ്ടിയുള്ളതാക്കുന്നു എന്നതിനാലാണ് ഇത്.

രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ മരം സംരക്ഷിക്കാന്‍ കൊല്ലപ്പെട്ട ബിഷ്‌ണോയികളുടെ ഓര്‍മ്മയ്ക്കായി ക്ഷേത്രം നിര്‍മിച്ചിട്ടുണ്ട്. ജോധ്പൂരിലെ ഖെജാര്‍ലി ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജഭടന്‍മാര്‍ മരം മുറിക്കുന്നതു തടയാന്‍ 1730ല്‍ 363 ബിഷ്‌ണോയികള്‍ ഇവിടെ ജീവന്‍ ബലിനല്‍കിയതായി ചരിത്രത്തില്‍ പറയുന്നു. മരം മുറിക്കാതിരിക്കാന്‍ മരത്തില്‍ കെട്ടിപ്പിടിച്ച് നില്‍കുകയാണ് ഇവര്‍ ചെയ്തത്.

ഗുരു ജംബേശ്വര്‍ നിര്‍ദേശിച്ച തത്ത്വങ്ങള്‍ പിന്തുടര്‍ന്നാണ് ബിഷ്‌ണോയികള്‍ ജീവിച്ചുവരുന്നത്. ഈ തത്ത്വങ്ങളില്‍ ഒന്നാണ് പ്രകൃതിസംരക്ഷണവും സസ്യജന്തുജാലങ്ങളോടുള്ള സ്‌നേഹവും. അതുകൊണ്ടുതന്നെ വനത്തിനോട് ചേര്‍ന്നുള്ള ബിഷ്‌ണോയ് ഗ്രാമങ്ങളില്‍ മനുഷ്യരെ ഭയക്കാതെ വന്യജീവികള്‍ സൈ്വര്യവിഹാരം ചെയ്യുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com