പെണ്‍കുട്ടിയായതു കൊണ്ട് 'വേണ്ട'; പേരില്‍ പോലും അനിഷ്ടം നിറഞ്ഞ അവള്‍ ഇനി ജപ്പാനില്‍ ഐ ടി ഉദ്യോഗസ്ഥ 

22 ലക്ഷം രൂപയാണ് ഇനിമുതല്‍ വേണ്ടാമിന്റെ വാര്‍ഷിക ശമ്പളം
പെണ്‍കുട്ടിയായതു കൊണ്ട് 'വേണ്ട'; പേരില്‍ പോലും അനിഷ്ടം നിറഞ്ഞ അവള്‍ ഇനി ജപ്പാനില്‍ ഐ ടി ഉദ്യോഗസ്ഥ 

മൂന്ന് പെണ്‍കുട്ടികള്‍ക്കു പിന്നാലെ ഒരു ആണ്‍കുട്ടിക്കു വേണ്ടിയുള്ള കാത്തിരുപ്പിലായിരുന്നു അശോകനും ഭാര്യ ഗൗരിയും. തിരുവള്ളൂര്‍ നാരായണപുരം ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളികളായ ദമ്പതികള്‍ക്ക് പക്ഷെ നാലാമതും പിറന്നത് ഒരു പെണ്‍കുഞ്ഞ് തന്നെ. ആ അനിഷ്ടം അവര്‍ മകളുടെ പേരിലും പ്രകടിപ്പിച്ചു. 'വേണ്ടാം' എന്നാണ് അശോകനും ഭാര്യയും മകള്‍ക്ക് പേര് നല്‍കിയത്. എന്നാല്‍ ഇന്നവള്‍ ഒരു ഗ്രാമത്തിന് മുഴുവന്‍ അഭിമാനമായിരിക്കുകയാണ്. 

സഹപാഠികളടക്കം ഒരുന്നാള്‍ കളിയാക്കിയിരുന്ന അവളിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിയറിങ് പൂര്‍ത്തിയാക്കി ജപ്പാനിലെ ഒരു സ്വകാര്യകമ്പനിയില്‍ ക്യാംപസ് സെലക്ഷനിലൂടെ ജോലിനേടി. 22 ലക്ഷം രൂപയാണ് ഇനിമുതല്‍ വേണ്ടാമിന്റെ വാര്‍ഷിക ശമ്പളം. ഇതിനുപിന്നാലെ മറ്റൊരു നേട്ടം കൂടി വേണ്ടാമിനെ തേടിയെത്തി. പെണ്‍കുട്ടികളുടെ ക്ഷേമത്തിനുള്ള തിരുവള്ളൂരിലെ ബ്രാന്‍ഡ് അംബാസഡറായി കലക്ടര്‍ തിരഞ്ഞെടുത്തത് ഈ മിടുക്കിയെയാണ്. പ്രയാസങ്ങള്‍ മറികടന്ന് വിജയം കൈവരിക്കാന്‍ ജില്ലയിലെ പെണ്‍ക്കുട്ടികള്‍ക്ക് ഇതിലും മികച്ച പ്രചോദനമില്ലെന്ന് പറഞ്ഞാണ് വേണ്ടാമിനെ തിരഞ്ഞെടുത്തത്.

പേരില്‍ അസംതൃപ്തി നിറച്ചെങ്കിലും ആ വേര്‍ത്തിരിവ് ഒരിക്കിലും മാതാപിതാക്കള്‍ തന്റെ നേര്‍ക്ക് പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വേണ്ടാം പറയുന്നത്. "വീട്ടിലെ മുതിര്‍ന്നവരുടെ നിര്‍ദ്ദേശപ്രകാരമാണ് അവരെനിക്ക് ഇങ്ങനെ പേരിട്ടത്. ഇതോടെ അടുത്ത കുഞ്ഞ് ആണായിരിക്കും എന്നാണ് അവരോട് പറഞ്ഞത്. പക്ഷെ ഒരു ആണ്‍ക്കുട്ടിയേക്കാള്‍ നന്നായി ഞാനവരെ നോക്കുമെന്ന് ഇപ്പോള്‍ അവര്‍ക്കറിയാം. കാരണം ദാരിദ്രത്തിലായിരുന്നിട്ടും അവര്‍ എനിക്ക് വിദ്യാഭ്യാസം നല്‍കി. ഇപ്പോള്‍ എനിക്കെന്റെ പേര് ഇഷ്ടമാണ്. ഈ പേരാണ് എനിക്ക് ഭാഗ്യം സമ്മാനിച്ചത്. ഇത് ഒരിക്കലും ഞാന്‍ മാറ്റില്ല", വേണ്ടാം പറഞ്ഞു. 

സ്‌കൂളിലെ കൂട്ടുകാര്‍ പേരുവിളിച്ചു കളിയാക്കുമ്പോള്‍ വേണ്ടാം സങ്കടപ്പെടുന്നത് കണ്ട് മകള്‍ മൂന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ പേരുമാറ്റാന്‍ അശോകന്‍ ശ്രമിച്ചിരുന്നു. പക്ഷെ അതിന്റെ നടപടിക്രമങ്ങള്‍ കൃത്യമായി അറിയാതിരുന്നതിനാല്‍ ആ ശ്രമം ഉപേക്ഷിച്ചു. മകളുടെ ആഗ്രഹപ്രകാരമാണ് ബിടെക്കിന് ചേര്‍ത്തതെന്നും അതിനൊപ്പം ജാപ്പനീസ് ഭാഷകൂടി പഠിച്ചത് ക്യാംപസ് റിക്രൂട്‌മെന്റില്‍ സഹായമായെന്നും അശോകന്‍ പറയുന്നു. 'വേണ്ടാമിനെ എന്റെ കുടുംബത്തിന് വേണം. അവള്‍ ഞങ്ങളുടെ അഭിമാനമാണ്. പെണ്‍ക്കുട്ടികള്‍ ബാധ്യതയല്ലെന്ന് ഞങ്ങളെ പഠിപ്പിച്ചത് അവളാണ്', അശോകന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com