40000 രൂപക്ക് വേണ്ടി ഭര്‍ത്താവ് വേശ്യാലയത്തില്‍ വിറ്റു: പതിനാറാം വയസില്‍ തട്ടിയെടുക്കപ്പെട്ട ജീവിതം തിരികെ പിടിച്ച് 

പതിനാറാം വയസില്‍ ഭര്‍ത്താവ് വേശ്യാലയത്തില്‍ ഉപേക്ഷിച്ച് പോയ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഈ വാരം ശ്രദ്ധേയമാകുന്നത്.
40000 രൂപക്ക് വേണ്ടി ഭര്‍ത്താവ് വേശ്യാലയത്തില്‍ വിറ്റു: പതിനാറാം വയസില്‍ തട്ടിയെടുക്കപ്പെട്ട ജീവിതം തിരികെ പിടിച്ച് 

മുംബൈ നഗരത്തിലെ സാധാരയില്‍ സാധാരണരായ ജനങ്ങളുടെ ജീവിതനേര്‍ക്കാഴ്ചയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജില്‍ വരച്ചു കാട്ടുന്നത്. പ്രതികൂല ജീവിതസാഹചര്യങ്ങളോട് പൊരുതി ഉയര്‍ത്തെഴുന്നേല്‍ക്കുന്ന ആളുകളുടെ പ്രതീക്ഷയാണ് ഇതില്‍ അനാവരണം ചെയ്യുന്നത്. 

ഇതിലെ ഓരോ മനുഷ്യരും ഓരോ കഥകളാണ്. മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന കഥകള്‍. പതിനാറാം വയസില്‍ ഭര്‍ത്താവ് വേശ്യാലയത്തില്‍ ഉപേക്ഷിച്ച് പോയ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ കഥയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെയില്‍ ഈ വാരം ശ്രദ്ധേയമാകുന്നത്. 40000 രൂപയ്ക്ക് വേണ്ടിയായിരുന്നു അയാള്‍ സ്വന്തം ഭാര്യയെ ഒരു വയസുള്ള കുഞ്ഞിനൊപ്പം വേശ്യാലയത്തില്‍ ഉപേക്ഷിച്ച് പോയത്. 

ആ കടം വീടും വരെ അവിടെ ജോലി ചെയ്യണമെന്നായിരുന്നു വ്യവസ്ഥ. വീടുവിട്ടിറങ്ങി ജോലി ചെയ്യുന്ന കാലത്ത് പരിചയപ്പെട്ടതായിരുന്നു അയാളെ. പിന്നീട് വിവാഹം കഴിഞ്ഞ് ഇവര്‍ മുംബൈയിലേക്ക് പോന്നു. ഒരു വര്‍ഷത്തോളം അവിടെ ഒരു വീട്ടില്‍ ജോലിക്ക് നിന്നതിന് ശേഷം അവര്‍ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 

'ഒരു ദിവസം അദ്ദേഹം ഞങ്ങളെയും കൂട്ടി ചുവന്ന തെരുവിലെത്തി. ഒരു മുറിയില്‍ എന്നെയിരുത്തി വരാമെന്ന് പറഞ്ഞ് അദ്ദേഹം പോയി. ഞാന്‍ ഒരു മണിക്കൂര്‍ അദ്ദേഹത്തെ കാത്തിരുന്നു. അതിന് ശേഷം അദ്ദേഹത്തെ തിരഞ്ഞ് ഇറങ്ങി. അയാള്‍ അവിടെ നിന്ന് പോയെന്ന് ആളുകള്‍ എന്നോട് പറഞ്ഞു. ഞാന്‍ വല്ലാതെ ഭയന്നു. മകനെയും എടുത്ത് പോകാനൊരുങ്ങി. അപ്പോഴാണ് ഒരാള്‍ എന്നെ തടഞ്ഞു നിര്‍ത്തിയത്. 40,000 രൂപയ്ക്ക് ഭര്‍ത്താവ് എന്നെ വിറ്റതായി അയാള്‍ അറിയിച്ചു. ഒന്നുകില്‍ ഞാന്‍ അവിടെ ജോലി ചെയ്യുക, അല്ലെങ്കില്‍ അവര്‍ക്ക് പണം തിരികെ നല്‍കുക. അവര്‍ പറഞ്ഞു. 

വല്ലാത്ത മാനസികാഘാതത്തിലായി ഞാന്‍. എട്ടുദിവസത്തോളം മുറിക്ക് പുറത്തിറങ്ങാന്‍ അവര്‍ അനുവദിച്ചിട്ടില്ല. ഞാന്‍ മകന് ഭക്ഷണം നല്‍കി. പക്ഷേ എനിക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കുന്നുണ്ടായിരുന്നില്ല. എന്റെ കൈയില്‍ പണമുണ്ടായിരുന്നില്ല. അതിനാല്‍ മുന്നില്‍ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല. 

ഒന്‍പതാമത്തെ ദിവസം ഞാന്‍ കസ്റ്റമറെ സ്വീകരിച്ചു. ഏഴുമാസത്തോളം അവിടെ ജോലി ചെയ്തു. എന്നിട്ടും 25,000 രൂപ മാത്രമാണ് എനിക്ക് സമ്പാദിക്കാന്‍ സാധിച്ചത്. ആ ദിവസങ്ങളില്‍ ഒന്നില്‍ എന്റെ ഭര്‍ത്താവ് മടങ്ങി വന്നു. അയാള്‍ എന്റെ മുറിയില്‍ വന്ന സമയത്ത് ഞാനവിടെ ഉണ്ടായിരുന്നില്ല. ആ അവസരം മുതലെടുത്ത് അയാള്‍ പണം മുഴുവന്‍ മോഷ്ടിച്ചു. ഞാന്‍ തിരികെ വന്നപ്പോള്‍ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. തകര്‍ന്നുപോയി ഞാന്‍.

വീണ്ടും ജോലിയാരംഭിച്ചു. പക്ഷേ വളരെ പെട്ടെന്ന് തന്നെ എനിക്ക് ദയാലുവായ ഒരു കസ്റ്റമറെ കിട്ടി. അയാള്‍ നല്ലവനായിരുന്നു. കരുണയുള്ളവനായിരുന്നു. എന്നെ ഇവിടെ നിന്ന് പുറത്ത് കൊണ്ടുപോകാമെന്നും എന്നെ വിവാഹം കഴിക്കാമെന്നും അയാള്‍ പറഞ്ഞു. അയാളുടെ രണ്ടു പെണ്‍മക്കള്‍ക്ക് ഞാന്‍ ജന്മം നല്‍കി. പിന്നീടാണ് അയാള്‍ വിവാഹിതനാണെന്ന് ഞാന്‍ മനസിലാക്കുന്നത്'- അവര്‍ പറയുന്നു.

മൂന്ന് കുട്ടികളായിരുന്നു ഈ സ്ത്രീക്കുണ്ടായിരുന്നത്. അവരെ ചുവന്ന തെരുവില്‍ വളര്‍ത്താന്‍ താല്‍പര്യമില്ലാത്തതിനാല്‍ സമ്പാദിച്ചതെല്ലാം കൊണ്ട് ബോര്‍ഡിങ് സ്‌കൂളുകളിലും ഹോസ്റ്റലുകളിലും കയറിയിറങ്ങി. പക്ഷേ മക്കളെ സ്വീകരിക്കാന്‍ ആരും തയ്യാറായില്ല. പിന്നീട് ഒരു എന്‍ജിഒയുടെ സഹായത്താലാണ് ഇവരുടെ കുട്ടികളെ ബോര്‍ഡിങ് സ്‌കൂളില്‍ അയച്ച് പഠിപ്പിക്കാന്‍ സാധിച്ചത്. 

ലൈംഗിക തൊഴിലാളിയുടെ ജോലി ഉപേക്ഷിച്ചെങ്കിലും ആദ്യം ഇവര്‍ക്ക് ജോലി നല്‍കാന്‍ ആരും തയാറായില്ല. പിന്നീട് മക്കളെ പഠിപ്പിക്കാന്‍ സഹായിച്ച അതേ എന്‍ജിഒ തന്നെ ഇവര്‍ക്ക് ജോലി നല്‍കി. ലൈംഗിക തൊഴിലാളികള്‍ക്ക് കോണ്ടം നല്‍കുന്ന ജോലിയായിരുന്നു ആദ്യം. പിന്നീട് ഓഫീസ് ജോലി ലഭിച്ചു. പതിനഞ്ച് വര്‍ഷമായി ആ ജോലി ചെയ്യുന്നു.

'ഇന്ന് ഞാന്‍ സ്വന്തമായി ഒരു വീട് വാങ്ങി. മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കി വിവാഹം ചെയ്തയച്ചു. സന്തുലിതമായ ഒരു ജീവിതം നയിക്കുന്നു. ഞാന്‍ ഇന്നും എന്‍ജിഒയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എനിക്ക് സാധ്യമാകുന്ന നിരവധി സ്ത്രീകളെ സഹായിക്കുന്നുമുണ്ട്. ഞാന്‍ എന്റെ ഭൂതകാലം പുറകില്‍ ഉപേക്ഷിച്ചു. എന്നില്‍ നിന്നും തട്ടിയെടുക്കപ്പെട്ട ജീവിതം ഞാന്‍ പുനര്‍നിര്‍മിച്ചുകൊണ്ടിരിക്കുകയാണ്. ആരും എന്നെ സ്വന്തമാക്കാത്ത ജീവിതം.. ഞാന്‍ സ്വതന്ത്രയാണ്' അവര്‍ പറഞ്ഞ് നിര്‍ത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com