എല്ല് പൊടിയുന്ന വേദനയിലും പ്രതീക്ഷ കൈവിടാതെ ഇവള്‍: സിവില്‍ സര്‍വീസ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ലത്തീഷ

എല്ലുകള്‍ പൊടിയുന്ന ബ്രിട്ടില്‍ ബോണ്‍ അസുഖ ബാധിതയായ ലത്തീഷ അന്‍സാരി എരുമേലി എംഇഎസ് കോളജില്‍ നിന്നാണ് എംകോം പൂര്‍ത്തിയാക്കിയത്.
എല്ല് പൊടിയുന്ന വേദനയിലും പ്രതീക്ഷ കൈവിടാതെ ഇവള്‍: സിവില്‍ സര്‍വീസ് സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ ലത്തീഷ

ശാരീരിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് ലത്തീഷ സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയെഴുതി. ഇതോടെ സിവില്‍ സര്‍വീസ് നേടണമെന്ന തന്റെ സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടു വെച്ച സന്തോഷത്തിലാണ് ഈ പെണ്‍കുട്ടി. ശ്വാസംമുട്ടല്‍ ഉണ്ടായാല്‍ ഉപയോഗിക്കാന്‍ ഓക്‌സിജന്‍ സിലിണ്ടറും കൈവശം വച്ചാണു ലത്തീഷ പരീക്ഷാ ഹാളിലേക്ക് എത്തിയത്. 

എല്ലുകള്‍ പൊടിയുന്ന ബ്രിട്ടില്‍ ബോണ്‍ അസുഖ ബാധിതയായ ലത്തീഷ അന്‍സാരി എരുമേലി എംഇഎസ് കോളജില്‍ നിന്നാണ് എംകോം പൂര്‍ത്തിയാക്കിയത്. ഉയര്‍ന്ന മാര്‍ക്കോടെ പിജി പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ക്ക് എരുമേലി കോഓപ്പറേറ്റീവ് ബാങ്കില്‍ ജോലിയും കിട്ടി. എന്നാല്‍ പിന്നീട് ശ്വാസതടസം കലശലാവുകയും പിന്നീട് ഓക്‌സിജന്‍ സിലിണ്ടര്‍ ഇല്ലാതെ ശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലെത്തുകയും ചെയ്തു. 

വലിയ ഓക്‌സിജന്‍ സിലിണ്ടര്‍ കൊണ്ടു നടക്കാന്‍ ബുദ്ധിമുട്ട് ഉള്ളതിനാല്‍ ചെറു സിലിണ്ടറിനായി അപേക്ഷകള്‍ നല്‍കിയിരുന്നു. ചെറു സിലിണ്ടര്‍ അനുവദിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതിനാല്‍ കുറച്ചു താമസം നേരിട്ടതെന്നും കലക്ടര്‍ പികെ സുധീര്‍ബാബു പറഞ്ഞു. അതിനാല്‍ നാഷനല്‍ ഹെല്‍ത്ത് മിഷനോട് ഒരു ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ചു നല്‍കാന്‍ നിര്‍ദേശിച്ചതായും അദ്ദേഹം അറിയിച്ചു. 

തിരുവനന്തപുരം പൂജപ്പുര എല്‍ബിഎസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആയിരുന്നു പരീക്ഷ. എരുമേലിയില്‍ നിന്നു കാറിലെത്തി  വീല്‍ച്ചെയറില്‍ ഇരുന്നാണു പരീക്ഷ എഴുതിയത്. എരുമേലിയില്‍ ഹോട്ടല്‍ നടത്തുന്ന അന്‍സാരിയുടേയും ജമീലയുടെയും മകളാണു 26കാരിയായ ലത്തീഷ. 

അച്ഛന്‍ അന്‍സാരിയും അമ്മ ജമീലയും ലത്തീഷയുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരാന്‍ കൂടെത്തന്നെയുണ്ട്.  രോഗങ്ങളോട് പൊരുതി പരീക്ഷയിലും ജീവിതത്തിലും ജയിക്കാന്‍ തന്നെയാണ് ലതീഷയുടെ തീരുമാനം. അമൃതവര്‍ഷിണിയെന്ന സംഘടനും ലതീഷയെ സഹായിക്കാനുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com