വെളുപ്പിന് തുടങ്ങും കോഴികൂവല്‍, ഉറക്കം കെടുത്തുന്നെന്ന പരാതിയുമായി യുവതി; പ്രതിഷേധവുമായി പ്രദേശവാസികള്‍

വെളുപ്പിന് കൂവാന്‍ തുടങ്ങുന്ന കോഴി തന്റെ ഉറക്കം കളയുന്നു എന്നാരോപിച്ചാണ് ഫ്രഞ്ചുകാരിയായ യുവതി കോടതിയെ സമീപിച്ചത്
വെളുപ്പിന് തുടങ്ങും കോഴികൂവല്‍, ഉറക്കം കെടുത്തുന്നെന്ന പരാതിയുമായി യുവതി; പ്രതിഷേധവുമായി പ്രദേശവാസികള്‍

പാരിസ്; പൂനെയിലെ യുവതി ഉറക്കം കെടുത്തുന്ന കോഴിയ്‌ക്കെതിരേ പൊലീസിനെ സമീപിച്ചത് അടുത്തിടെയാണ്. ഇത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പൂനെയില്‍ മാത്രമല്ല അങ്ങ് ഫ്രാന്‍സിലും കോഴിയുടെ ശല്യം കാരണം കോടതി കയറേണ്ടി വന്നിരിക്കുകയാണ് ഒരു യുവതിയ്ക്ക്. വെളുപ്പിന് കോഴി കൂവാന്‍ തുടങ്ങുന്നതോടെ തന്റെ ഉറക്കം കളയുന്നു എന്നാരോപിച്ചാണ് ഫ്രഞ്ചുകാരിയായ യുവതി കോടതിയെ സമീപിച്ചത്. ഒഴിവു ദിനങ്ങളില്‍ പോലും കോഴിയുടെ കൂവല്‍കാരണം തനിക്ക് ഉറങ്ങാന്‍ കഴിയുന്നില്ല എന്നാരോപിച്ചാണ് അയല്‍ക്കാര്‍ക്കെതിരേ യുവതി പരാതി നല്‍കിയത്. 

ഫ്രാന്‍സിലെ ഒലെറോണിലെ ദ്വീപിലാണ് വിചിത്ര പരാതി ഉയര്‍ന്നത്. എന്നാല്‍ രാജ്യത്തിന്റെ പ്രതീകമായ കോഴിയ്‌ക്കെതിരേ കേസ് കൊടുത്തത് വലിയ വിവാദങ്ങള്‍ക്കാണ് കാരണമായത്. യുവതിയ്‌ക്കെതിരേ നിരവധി പേര്‍ രംഗത്തെത്തി. യുവതി വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം മാത്രമാണ് ദ്വീപില്‍ എത്തുന്നതെന്നാണ് അയല്‍വാസി പറയുന്നത്. താന്‍ ഇവിടെ 35 വര്‍ഷങ്ങളായി സ്ഥിരതാമസമാണെന്നും കോഴിയുടെ ഉടമയായ കോറിനെ ഫെസ്വോ പറഞ്ഞു. 

നഗരങ്ങളില്‍ താമസിക്കുന്നവര്‍ അവധിക്കാലം ആഘോഷിക്കാനും മറ്റുമായി ഉള്‍പ്രദേശങ്ങളില്‍ വീടു വാങ്ങാറുണ്ട്. അതിനാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആദ്യമായിട്ടല്ല ഫ്രാന്‍സിലുണ്ടാകുന്നത്. ഗ്രാമപ്രദേശങ്ങളിലെ ജീവിതങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഇത്തരം പരാതികളെന്നാണ് ആരോപണം. ഇത് ഗ്രാമജീവിതങ്ങളെ നശിപ്പിക്കുമെന്ന് ഭയപ്പെടുന്നവരും നിരവധിയാണ്. ഇന്ന് കോഴിയാണെങ്കില്‍ നാളെ പക്ഷികളുടേയും കാറ്റിനെയുമെല്ലാം ശബ്ദം പലര്‍ക്കും അരോചകമായി തോന്നുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇനി കോഴികൂവല്‍ നിയമവിരുദ്ധമാകുമോ എന്ന ഭയവും അവര്‍ക്കുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com