ആ നിഗൂഢത നീങ്ങി; ലോകത്തിലെ ഏറ്റവും വിലയേറിയ ചിത്രം സൗദി രാജകുമാരന്റെ ആഡംബരനൗകയില്‍ 

റെക്കോഡ് തുകയ്ക്ക് വിറ്റുപോയത് മുതല്‍ സാല്‍വദോര്‍ മുണ്ടി ഈ ലോകത്തിന് മുന്നില്‍ നിന്ന് അപ്രത്യക്ഷമാണ്
ആ നിഗൂഢത നീങ്ങി; ലോകത്തിലെ ഏറ്റവും വിലയേറിയ ചിത്രം സൗദി രാജകുമാരന്റെ ആഡംബരനൗകയില്‍ 

ചിത്രകാരന്‍ ലിയണാര്‍ഡോ ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധ ചിത്രം സാല്‍വദോര്‍ മുണ്ടി 450 മില്യണ്‍ ഡോളറിന് വിറ്റുപോയെന്ന വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നു. സൗദി യുവരാജാവ് മുഹമ്മദ് ബിന്‍ സല്‍മാനാണ് ലോകത്തിലെ ഏറ്റവും വിലപിടിച്ച ചിത്രം സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റെക്കോഡ് തുകയ്ക്ക് വിറ്റുപോയത് മുതല്‍ സാല്‍വദോര്‍ മുണ്ടി ഈ ലോകത്തിന് മുന്നില്‍ നിന്ന് അപ്രത്യക്ഷമാണ്. വിശ്വവിഖ്യാതമായ ചിത്രത്തെ എവിടേയ്ക്കാണ് കൊണ്ടുപോയതെന്നത് നിഗൂഢമാണ്. ഇപ്പോള്‍ ഈ കാര്യത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നിരിക്കുകയാണ്. 

ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഡീലറായ കെന്നി സ്‌കച്ചടറാണ് ഇതു സംബന്ധിച്ച് വെളിപ്പെടുത്തല്‍ നടത്തിയത്. സൗദി യുവരാജാവിന്റെ ഉടമസ്ഥതയിലുള്ള ആഡംബരനൗകയിലാണ് സാല്‍വദോര്‍ മുണ്ടി ഉള്ളത് എന്നാണ് വെളിപ്പെടുത്തല്‍. ഒരു ലേഖനത്തിലാണ് സാല്‍വദോര്‍ മുണ്ടിയെക്കുറിച്ച് കെന്നി എഴുതിയിരിക്കുന്നത്. 2017 ലാണ് റെക്കോഡ് തുകയ്ക്ക് ചിത്രം വിറ്റുപോയത്. 

യേശുദേവനെയാണ് സാല്‍വദോര്‍ മുണ്ടിയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഒരു കൈകൊണ്ട് ലോകത്തിന് അനുഗ്രഹം ചൊരിയുകയും മറ്റേ കയ്യില്‍ സുതാര്യമായ ഭൂഗോളവും പിടിച്ചു നില്‍ക്കുന്ന യേശുദേവനെയാണ് കാണുന്നത്. എന്നാല്‍ ലിയണാര്‍ഡോ ഡാവിഞ്ചിയുടെ ചിത്രമല്ല ഇതെന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്. 

സാല്‍വദോര്‍ മുണ്ടിയുടെ വില്‍പ്പനയില്‍ പങ്കാളികളായ രണ്ട് പേര്‍ ഉള്‍പ്പടെ നിരവധി പേരെ ഉദ്ധരിച്ചുകൊണ്ടാണ് കെന്നി എഴുതിയിരിക്കുന്നത്. വില്‍പന പൂര്‍ത്തിയായ രാത്രി തന്നെ സൗദി യുവരാജാവിന്റെ വിമാനത്തില്‍ കയറ്റി അദ്ദേഹത്തിന്റെ ആഡംബര നൗകയിലേക്ക് ഇത് മാറ്റി എന്നാണ് പറയുന്നത്. ഉടഞ്ഞ നിലയിലാണ് വിശ്വപ്രസിദ്ധ ചിത്രം കണ്ടെടുക്കുന്നത്. തുടര്‍ന്ന് ലേലം ചെയ്യുന്നതിന് മുന്‍പ് ഇതിനെ പുനര്‍നിര്‍മിക്കുകയായിരുന്നു. കടല്‍കാറ്റേറ്റ് ചിത്രത്തിന് ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നമുണ്ടാകുമോ എന്ന സംശയവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. അല്‍ ഉല ഗവര്‍ണറേറ്റിനെ കള്‍ച്ചറല്‍ ടൂറിസം ഡെസ്റ്റിനേഷനായി മാറ്റിയതിന് ശേഷം സാല്‍വദോര്‍ മുണ്ടിയെ ഇങ്ങോട്ടേക്ക് കൊണ്ടുവരുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. 

ഡാവിഞ്ചിയുടെ വിശ്വപ്രസിദ്ധമായ ചിത്രം പ്രിന്‍സ് ബാദര്‍ ബിന്‍ അബ്ദുള്ള ബിന്‍ മൊഹമ്മെദ് ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദിന്റെ പേരിലാണ് വാങ്ങിയിരിക്കുന്നത്. എന്നാല്‍ ബാദര്‍ വെറും ഇടനിലക്കാരന്‍ മാത്രമാണെന്നും ചിത്രത്തിന്റെ യഥാര്‍ത്ഥ ഉടമ മൊഹമ്മെദ് ബിന്‍ സല്‍മാനാണെന്നും വാള്‍ സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com