'വായു' ചുഴലിക്കാറ്റില്‍ നാവിക സേന രക്ഷിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കി; അവന് പേര്‍ വായു

ഗുജറാത്ത് തീരത്തു നിന്നാണ് യുവതിയേ നാവികസേന രക്ഷിച്ചത്
'വായു' ചുഴലിക്കാറ്റില്‍ നാവിക സേന രക്ഷിച്ച യുവതി കുഞ്ഞിന് ജന്മം നല്‍കി; അവന് പേര്‍ വായു

ന്യൂഡല്‍ഹി:  ഗുജറാത്തില്‍ കനത്ത നാശനഷ്ടം വിതച്ചാണ് വായു ചുഴലിക്കാറ്റ് ഗതിമാറിയത്. അതിനിടെ വായു ചുഴലിക്കാറ്റില്‍ നിന്നും നാവികസേന രക്ഷിച്ച യുവതി ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ഗുജറാത്ത് തീരത്തു നിന്നാണ് യുവതിയേ സേന രക്ഷിച്ചത്. ഇവര്‍ ജന്‍മം നല്‍കിയ ആണ്‍കുഞ്ഞിനും വായു എന്ന പേര് നല്‍കി. രക്ഷാപ്രവര്‍ത്തകരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനായത്.

വായു ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഗുജറാത്ത് തീരത്തുനിന്ന് ഇത്തരത്തില്‍ 15 ഓളം ഗര്‍ഭിണികളായ യുവതികളെ രക്ഷിക്കാനായിട്ടുണ്ട്. ഇതില്‍ നാലു പേര്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കുകയും ചെയ്തു. 

വായുവിന്റെ പ്രഭാവത്തില്‍ ഗുജറാത്തിന്റെ തീര മേഖലകളില്‍  ശക്തമായ  മഴയും കാറ്റും തുടരുകയാണ്. 24 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ  മുന്നറിയിപ്പ്.

വെരാവാല്‍, പോര്‍ബന്തര്‍, സൗരാഷ്ട്ര,  കച്ച് തീരങ്ങളില്‍ കടല്‍ക്ഷോഭവും ശക്തമാണ്.  പത്തു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി അടച്ചിട്ട വിമാത്താവളങ്ങള്‍ തുറന്നു. ട്രെയിന്‍ സര്‍വീസുകളില്‍ മിക്കതും പുനഃസ്ഥാപിച്ചു. മഴ തുടരുന്നതിനാല്‍ തീര ദേശങ്ങളിലെ ജാഗ്രത നിര്‍ദ്ദേശം പിന്‍വലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com