ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ വനിത ആരാവും ? 'അര്‍ത്തെമിസി'ലെ അംഗങ്ങളെ കാത്ത് ശാസ്ത്രലോകം

യുഎസ് സൈന്യത്തില്‍ പൈലറ്റായിരുന്ന ആനി മക് ക്ലെയിന്റെ പേരാണ് ആ ചരിത്ര നിയോഗത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒന്നാമത്തേത്
ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ വനിത ആരാവും ? 'അര്‍ത്തെമിസി'ലെ അംഗങ്ങളെ കാത്ത് ശാസ്ത്രലോകം


വാഷിങ്ടണ്‍ : ചരിത്രത്തിലേക്ക് കാലുകുത്തുന്ന ആ വനിത ആരാവും? അപ്പോളോ ചന്ദ്രനിലെത്തി 50 വര്‍ഷം പൂര്‍ത്തിയാക്കുമ്പോഴേക്കും വീണ്ടും മനുഷ്യനെ ചന്ദ്രനിലയക്കാന്‍ നാസ അന്തിമ തയ്യാറെടുപ്പുകള്‍ നടത്തുകയാണ്. 2024 ല്‍ ഊര്‍ജ്ജസ്വലരായ നാല് സ്ത്രീകളെയും വഹിച്ച് അര്‍ത്തെമിസ് ചന്ദ്രനിലെത്തും. ഗ്രീക്ക് ഇതിഹാസമനുസരിച്ച് അപ്പോളോ ദേവന്റെ ഇരട്ട സഹോദരിയാണ് 'അര്‍ത്തെമിസ്'. സ്ത്രീകളെ ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യത്തിന് അര്‍ത്തെമിസിനോളം ചേരുന്ന പേരില്ലെന്ന് നാസ തീരുമാനിക്കുകയായിരുന്നു.

30 വര്‍ഷത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയയ്‌ക്കൊടുവില്‍ നാസ തെരഞ്ഞെടുത്ത 12 ബഹിരാകാശ ശാസ്ത്രജ്ഞമാരില്‍ ആരാകും ആ നാലുപേര്‍ എന്നാണ് ശാസ്ത്രലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. നാലുപേരില്‍ രണ്ട് പേര്‍ക്ക് ചരിത്രം കുറിക്കാനുള്ള വനിതകളാകാനുള്ള നറുക്കും വീഴും. 

1958 ല്‍ നാസ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സൈന്യത്തില്‍ നിന്നും പുരുഷന്‍മാരെ മാത്രമാണ് തെരഞ്ഞെടുത്തിരുന്നത്. അമേരിക്കക്കാരിയായ സാലി റൈഡ് 1983 ല്‍ ബഹിരാകാശത്ത് എത്തുന്നത് വരെ ഈ പതിവ് തുടര്‍ന്നിരുന്നു. ബഹിരാകാശ ശാസ്ത്രജ്ഞരുടെ 21-ാം ബാച്ചിലെ നാലു പേര്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളവരാണെന്നാണ് നാസ പറയുന്നത്. യുവത്വത്തിന്റെ ഊര്‍ജ്ജസ്വലതയും പരിചയ സമ്പത്തും ഇവര്‍ക്ക് വേണ്ടുവോളമുണ്ടെന്നും നാസ വ്യക്തമാക്കുന്നു. 

യുഎസ് സൈന്യത്തില്‍ പൈലറ്റായിരുന്ന ആനി മക് ക്ലെയിന്റെ പേരാണ് ആ ചരിത്ര നിയോഗത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്നവരില്‍ ഒന്നാമത്തേത്. ഈ മാസം അവസാനം വരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടാകും ആനി. അവരോടൊപ്പം പേടകത്തിലുള്ള ക്രിസ്റ്റിനാ കൊഹെനും സാധ്യതാ പട്ടികയിലുണ്ട്. പര്‍വ്വതാരോഹകയായിരുന്നു ക്രിസ്റ്റിന. ഇറാഖിലും അഫ്ഗാനിസ്ഥാനിലും യുദ്ധവിമാനങ്ങള്‍ പറത്തി മികവ് തെളിയിച്ച നിക്കോള്‍ മാനും മൈക്രോ ബയോളജിസ്റ്റ് ജെസീക്ക മെയറും ഇവര്‍ക്കൊപ്പം സാധ്യത കല്‍പ്പിക്കപ്പെടുന്ന സ്ത്രീകളാണ്. 2016 ല്‍ നടന്ന അഭിമുഖത്തില്‍, ചന്ദ്രനിലേക്ക് പോകുന്നതിന് ഒരു അവസരം ലഭിച്ചാല്‍ ഏറ്റവും ഫലപ്രദമായി വിനിയോഗിക്കുമെന്നായിരുന്നു ഇവരുടെ മറുപടി.

യുഎസ് സൈന്യത്തില്‍ പൈലറ്റായിരുന്നവര്‍ മുതല്‍ ഡോക്ടര്‍മാരും ശാസ്ത്രജ്ഞരും വരെ നാസയുടെ പന്ത്രണ്ടംഗ പട്ടികയിലുണ്ട്. എങ്കിലും കുറഞ്ഞത് ഒരിക്കലെങ്കിലും വിമാനം തനിച്ച് പറത്തിയിട്ടുള്ളവര്‍ക്ക് മുന്‍ഗണന നല്‍കണമെന്നാണ് പരിചയ സമ്പന്നരായ ബഹിരാകാശ ശാസ്ത്രജ്ഞരുടെ വാദം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com