തീരത്തടിഞ്ഞത് ഭീമൻ മത്സ്യം ഹുഡ് വിങ്കർ സൺഫിഷ്; ദുരൂഹതകൾ തുടരുന്നു

വാലും പല്ലുകളുമില്ലാത്ത ഈ ഭീമൻ മത്സ്യത്തെക്കുറിച്ചുള്ള ദുരൂഹതകളും തുടരുകയാണ്
തീരത്തടിഞ്ഞത് ഭീമൻ മത്സ്യം ഹുഡ് വിങ്കർ സൺഫിഷ്; ദുരൂഹതകൾ തുടരുന്നു

വാഷിങ്ടണ്‍: അപൂർവ മത്സ്യം ഹുഡ് വിങ്കര്‍ സണ്‍ഫിഷ് കാലിഫോര്‍ണിയയിലെ സാന്റാ ബാര്‍ബറ കൗണ്ടി ബീച്ചില്‍ കരയ്ക്കടിഞ്ഞു. വാലും പല്ലുകളുമില്ലാത്ത ഈ ഭീമൻ മത്സ്യത്തെക്കുറിച്ചുള്ള ദുരൂഹതകളും തുടരുകയാണ്. ഫെബ്രുവരി 19നാണ് ദക്ഷിണാര്‍ധഗോളത്തില്‍ മാത്രം കാണുന്ന ഹുഡ്‌വിങ്കര്‍ സണ്‍ഫിഷ് കരയ്ക്കടിഞ്ഞത്. ഇവയെങ്ങനെ അമേരിക്കന്‍ തീരത്ത് എത്തിയെന്നതാണ് ഗവേഷകരെ ഇപ്പോൾ കുഴപ്പിക്കുന്നത്. 

അമേരിക്കന്‍ തീരത്ത് ഹുഡ് വിങ്കര്‍ ഫിഷിനെ കണ്ടെത്തിയതോടെ ഇവയുടെ ആവാസ വ്യവസ്ഥയില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്രയധികം ദൂരം താണ്ടി ഈ മത്സ്യം എങ്ങനെ അമേരിക്കന്‍ തീരം വരെ എത്തിയെന്നത് സംബന്ധിച്ചും സംശയങ്ങള്‍ ബാക്കിനില്‍ക്കുന്നു.  

2014ലാണ് ഇത്തരം മത്സ്യങ്ങളെ ആദ്യമായി കണ്ടെത്തുന്നത്. 2017ല്‍ ഗവേഷകര്‍ ഇക്കാര്യം ഔദ്യോഗികമായി രേഖപ്പെടുത്തുകയും ചെയ്തു. ഏറ്റവും കൂടുതല്‍ എല്ലുകളുള്ളതും ഭാരമുള്ളതുമായ ഹുഡ് വിങ്കര്‍ സണ്‍ഫിഷുകള്‍ അത്രയുംകാലം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. ഓസ്‌ട്രേലിയന്‍ സ്വദേശിനിയായ മരിയാനെ നയെഡാര്‍ഡ് എന്ന ഗവേഷകയാണ് ആദ്യമായി ഹുഡ് വിങ്കര്‍ സണ്‍ഫിഷിനെ തിരിച്ചറിഞ്ഞത്.

സണ്‍ഫിഷ് വിഭാഗത്തില്‍പ്പെട്ട 150 മത്സ്യങ്ങളുടെ ഡിഎന്‍എ പരിശോധിച്ചിരുന്ന മരിയാനെ ഒരു ഡിഎന്‍എ മാത്രം വ്യത്യസ്തമായതും നിലവിലെ സണ്‍ഫിഷുകളുമായി യോജിക്കാത്തതുമാണെന്ന് കണ്ടെത്തി. ഇതോടെയാണ് ഹുഡ് വിങ്കര്‍ സണ്‍ഫിഷിനെ കണ്ടെത്താനുള്ള ഗവേഷണം ആരംഭിക്കുന്നത്. ഒടുവില്‍ 2014ല്‍ ന്യൂസിലാന്‍ഡില്‍ ഇത്തരത്തിലുള്ള മത്സ്യം കരയ്ക്കടിഞ്ഞതോടെയാണ് സമുദ്രത്തില്‍ മറഞ്ഞിരുന്ന ഹുഡ് വിങ്കര്‍ മത്സ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തറിയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com