'സുന്ദരിയും കന്യകയുമാണ്' ; മകള്‍ക്ക് യോഗ്യനായ വരനെ തേടി പിതാവ് ; വാഗ്ദാനപ്പെരുമഴ ; പരസ്യം വൈറല്‍

മികച്ച വരനെ കണ്ടെത്തുന്നതിനായി ചേന്തബ്യൂരിയില്‍ ഏപ്രില്‍ 1ന് മത്സരങ്ങള്‍ നടക്കും
'സുന്ദരിയും കന്യകയുമാണ്' ; മകള്‍ക്ക് യോഗ്യനായ വരനെ തേടി പിതാവ് ; വാഗ്ദാനപ്പെരുമഴ ; പരസ്യം വൈറല്‍

ബാങ്കോക്ക് : മക്കല്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ മാതാപിതാക്കള്‍ അനുയോജ്യരായ വരനെയോ വധുവിനെയോ തേടി സമൂഹമാധ്യമങ്ങളിലും പത്രങ്ങളിലുമെല്ലാം പരസ്യം നല്‍കുന്നത് സര്‍വസാധാരണമാണ്. എന്നാല്‍ കോടീശ്വരനായ പിതാവ് മകള്‍ക്ക് അനുയോജ്യനായ വരനെ തേടി നല്‍കിയ പരസ്യം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വരന് വേണ്ട യോഗ്യതകള്‍ മാത്രമല്ല, നല്‍കുന്ന പാരിതോഷികങ്ങളുടെ വാഗ്ദാന പെരുമഴയും പട്ടികയില്‍ നിരത്തിയിട്ടുണ്ട്. 

തായ്‌ലന്റ്കാരനായ അര്‍നോണ്‍ റോഡ്‌തോന്‍ഗ് ആണ് വിവാഹപരസ്യം നല്‍കിയിട്ടുള്ളത്.  26 കാരിയായ മകള്‍ കണ്‍സിറ്റയ്ക്ക് വേണ്ടിയാണ് ഈ കോടീശ്വരന്‍ വരനെ തേടുന്നത്. മകളെ വിവാഹം ചെയ്യുന്നവര്‍ക്ക് വലിയ വാഗ്ദാനങ്ങളും അദ്ദേഹം നിരത്തുന്നു. 

വരന് 2 കോടിയോളം മൂല്യമുള്ള തായ് കറന്‍സിയും കോടികള്‍ ആസ്തിയുള്ള ബിസിനസില്‍ പങ്കാളിത്തവും നല്‍കുമെന്നാണ് പ്രധാന വാഗ്ദാനം. പെണ്‍കുട്ടി കന്യകയാണ്. മറ്റു ബന്ധങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പരസ്യത്തില്‍ എടുത്തു പറയുന്നു. ഇതാണ് രാജ്യാന്തര മാധ്യമങ്ങളില്‍ പരസ്യത്തിനു വാര്‍ത്താ പ്രാധാന്യം നേടി കൊടുത്തത്.

വരന് ഉണ്ടായിരിക്കേണ്ട യോഗ്യതകളും അദ്ദേഹം വ്യക്തമാക്കുന്നു. മാന്യനും കഴിവുള്ളതുമായ ഒരാളെയാണ് താന്‍ പരിഗണിക്കുന്നതെന്നാണ് പരസ്യത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. മികച്ച വരനെ കണ്ടെത്തുന്നതിനായി തായ്‌ലന്‍ഡിന്റെ കിഴക്കന്‍ പ്രവിശ്യയായ ചേന്തബ്യൂരിയില്‍ ഏപ്രില്‍ 1ന് മത്സരങ്ങള്‍ നടക്കും. കച്ചവടത്തിലുള്ള അറിവുകളായിരിക്കും പരീക്ഷിക്കുക. ഇതുവരെ നൂറുകണക്കിന് ആളുകള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമറിയിച്ചെന്നുമാണ് റിപ്പോര്‍ട്ട്.

പിതാവ് റോഡ്‌തോന്‍ഗിനെ ബിസിനസില്‍ സഹായിക്കുകയാണ് മകള്‍ കണ്‍സിറ്റ ഇപ്പോള്‍. കുടുംബത്തെ സ്‌നേഹിക്കുന്ന മാന്യനും നല്ലവനുമായ ഒരു പുരുഷനെയാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് കണ്‍സിറ്റയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com