പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകളെ കുറിച്ചറിയാം; കാത്തിരിക്കുന്നത് 26ഓളം സ്‌കോളര്‍ഷിപ്പുകള്‍ 

ഒറ്റപ്പെണ്‍കുട്ടി സ്‌കോര്‍ളര്‍ഷിപ്പു മുതല്‍ വിവാഹ ശേഷം പഠനം തുടരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടും.
പെണ്‍കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പുകളെ കുറിച്ചറിയാം; കാത്തിരിക്കുന്നത് 26ഓളം സ്‌കോളര്‍ഷിപ്പുകള്‍ 


ന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതകള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകളെ കുറിച്ച് അറിയാം. ഇന്ത്യയ്ക്കകത്തും പുറത്തുമായി ഏകദേശം 26 ലേറെ സ്‌കോളര്‍ഷിപ്പുകളാണ് പഠനത്തില്‍ മികവ് തെളിയിക്കുന്ന പെണ്‍കുട്ടികളെ കാത്തിരിക്കുന്നത്. ഒറ്റപ്പെണ്‍കുട്ടി സ്‌കോര്‍ളര്‍ഷിപ്പു മുതല്‍ വിവാഹ ശേഷം പഠനം തുടരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പുകള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടും.

ഫെയര്‍ ആന്‍ഡ് ലവ്‌ലി ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്: ബിരുദ കോഴ്‌സുകള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. 50,000രൂപയുടെ ധനസഹായമാണ് സ്‌കോളര്‍ഷിപ്പില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വ്യത്യസ്ത പ്രവേശന പരീക്ഷകള്‍ക്ക് കോച്ചിങ് നേടികൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്കും സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാവുന്നതാണ്. എല്ലാ വര്‍ഷവും നവംബര്‍ മാസത്തിലാണ് ഫെയര്‍ ആന്‍ഡ് ലവ്‌ലി സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിക്കുന്നത്.

സമാധാനത്തിനുള്ള വനിതാ സ്‌കോളര്‍ഷിപ്: നിരായുധീകരണം, വികസനം, അണ്വായുധ നിര്‍വ്യാപനം തുടങ്ങിയവയുടെ പ്രായോഗിക പരിശീലനങ്ങളില്‍ ഏര്‍പ്പെടാന്‍ വനിതകള്‍ക്ക് യാത്രാചിലവ് അടക്കമുള്ള ധനസഹായം യുഎന്‍ഒ നല്‍കും. എല്ലാ വര്‍ഷവും ഓഗസ്റ്റിലാണ് ഈ സ്‌കോളര്‍ഷിപ് പ്രഖ്യാപിക്കുന്നത്. 

ബാറ്റ് ആന്‍ഡ് ബോള്‍ ഗെയിം വുമെന്‍സ് സ്‌പോര്‍ട്‌സ് സ്‌കോളര്‍ഷിപ്: സ്‌പോര്‍ട്‌സ് സയന്‍സ്, ഫിസിയോതെറാപി, സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍, സ്‌പോര്‍ട്‌സ് സൈകോളജി, ന്യൂട്രീഷന്‍ തുടങ്ങിയ കായിക സംബന്ധമായ ബിരുദവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് ലഭിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. മെയിലാണ് ഈ സ്‌കോളര്‍ഷിപ് പ്രഖ്യാപിക്കുന്നത്. എഴുപതിനായിരത്തിലധികം രീപയാണ് ഈ സ്‌കോളര്‍ഷിപ് വഴി ലഭിക്കുന്ന ധനസഹായം. 

വുമെന്‍സ് സൈബര്‍ സെക്യൂരിറ്റി സ്‌കോളര്‍ഷിപ്: സൈബര്‍ സെക്യൂരിറ്റി, ഇന്‍ഫോര്‍മേഷന്‍ അഷ്വറന്‍സ്(ഐഎ) എന്നീ രണ്ട് വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. മാര്‍ച്ചിലാണ് ഇത് പ്രഖ്യാപിക്കുന്നത്. മൂന്ന് ലക്ഷത്തിനടുത്ത് രൂപയുടെ ധനസഹായമാണ് ഈ സ്‌കോളര്‍ഷിപ് വഴി ലഭിക്കുക. 

ഇന്തോ-യുഎസ് ഫെല്ലോഷിപ് ഫോര്‍ വുമന്‍ ഇന്‍ സ്‌റ്റെം: സയന്‍സ് ആര്‍ഡ് ടെക്‌നോളജിയിലും ഗണിത ശാസ്ത്ര വിഷയങ്ങളിലും മികവ് പ്രകടിപ്പിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പിഎച്ച്ഡി പഠന കാലയളവില്‍ രണ്ട് ലക്ഷം രൂപയോളം സ്‌കോളര്‍ഷിപ്പായി നല്‍കുന്ന പദ്ധതിയാണിത്. ഫെബ്രുവരിയിലാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. 

പ്രഭാ ദത്ത് ഫെല്ലോഷിപ്പ്: സമകാലിക വിഷയങ്ങളില്‍ വനിതാ ജേര്‍ണലിസ്റ്റുമാര്‍ക്ക് ഗവേഷണം നടത്താനുള്ള ഫെല്ലോഷിപ്പാണ് ഇത്. എല്ലാ വര്‍ഷവും അവസാന മാസങ്ങളിലാണ് ഇത് പ്രഖ്യാപിക്കുന്നത്. ഒരു ലക്ഷത്തോളം രൂപയുടെ ഫെല്ലോഷിപ്പ് ആണ് ഇത്.

വുമെന്‍ സൈയിന്റിസ്റ്റ് സ്‌കീം-സി: സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പ് എല്ലാ വര്‍ഷവും വനിതാ ശാസ്ത്രജ്ഞര്‍ക്കായി ഒരുക്കുന്ന സ്‌കീം ആണിത്. 20,000-30,000രൂപയ്ക്ക് ഇടയില്‍ പ്രതിമാസ സ്റ്റൈപെന്റ് നല്‍കികൊണ്ട് പരിശീലനം നല്‍കുന്ന പദ്ധതിയാണിത്.

അഡോബി റിസേര്‍ച്ച് വുമന്‍ ഇന്‍ ടെക്‌നോളജി സ്‌കോളര്‍ഷിപ്: സാങ്കേതിക രംഗത്ത് മികവ് തെളിയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. മുഴുവന്‍ സമയ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹതയുള്ളത്. 

ലോറിയല്‍ ഇന്ത്യ ഫോര്‍ യംഗ് വുമന്‍ ഇന്‍ സയന്‍സ് സ്‌കോളര്‍ഷിപ്: സയന്‍സ് പശ്ചാതലത്തില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസം മുന്നോട്ട് തുടരാന്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. ജൂണ്‍ ജൂലൈ മാസങ്ങളിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 

ഐഐഇ ആന്‍ഡ് വിടെക് ഗോള്‍ഡ്മാന്‍ സാച്‌സ് സ്‌കോളേഴ്‌സ് പ്രോഗ്രാം: എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ്, ഐസിറ്റി തുടങ്ങിയ വിഷയങ്ങളില്‍ ബുരുദ കോഴ്‌സുകള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ് ഉപയോഗപ്പെടുത്താനാകുന്നത്. ഒരു ലക്ഷത്തിന് മുകളില്‍ തുക ഫീസായി പദ്ധതിവഴി അംഗീകരിച്ച് ലഭിക്കും. മെയ് മാസത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്.

ഗൂഗിള്‍ അനിത ബോര്‍ഗ് മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്/ വുമന്‍ ടെക്‌മേക്കേഴ്‌സ് സ്‌കോളേഴ്‌സ് പ്രോഗ്രാം: കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ എന്‍ജിനിയറിങ് തുടങ്ങിയ വിഷയങ്ങളില്‍ പ്രാഗത്ഭ്യം കാണിക്കുന്ന ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ് ലഭിക്കുക. മെയ് മാസത്തിലാണ് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ടത്. 

വുമന്‍ സൈന്റിസ്റ്റ് സ്‌കീം:പ്രതിമാസം 30,000 രൂപമുതല്‍ 55,000രൂപ വരെ ലഭിക്കുന്ന ഫെല്ലോഷിപ്പാണിത്. പ്രസവത്തേത്തുടര്‍ന്നോ മറ്റ് കുടുംബ ആവശ്യങ്ങള്‍ മൂലമോ കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാതെയിരുന്ന ശാസ്ത്രജ്ഞരും സാങ്കേതികവിദഗ്ധരുമായ വനിതകള്‍ക്കാണ് ഈ സ്‌കീമിന് അര്‍ഹരാകുക. 

സഈദ് ബിസിനസ് സ്‌കൂള്‍ സ്‌കോളര്‍ഷിപ്‌സ് ഫോര്‍ വുമന്‍: വ്യാവസായിക രംഗത്തേക്ക് കടക്കാനുദ്ധേശിക്കുന്ന സ്ത്രീകള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ആകെ ഫീസിന്റെ 50ശതമാനമാണ് സ്‌കോളര്‍ഷിപ് പ്രകാരം ഇളവായി ലഭിക്കുക. മെയ്-ജൂണ്‍ മാസങ്ങളിലാണ് അപേക്ഷിക്കേണ്ടത്.

വുമന്‍ ആസ് സൈബര്‍ ലീഡേഴ്‌സ് സ്‌കോളര്‍ഷിപ്: എംഎസ്‌സി സൈബര്‍ ഡിഫന്‍സിനും ഇന്‍ഫോര്‍മേഷന്‍ അഷ്വറന്‍സ് എന്നീ വിഷയങ്ങള്‍ പാര്‍ട്ട് ടൈമായി പഠിക്കാന്‍ ക്രാന്‍ഫീല്‍സ് സര്‍വകലാശാല ആറ് ലക്ഷത്തോളം രൂപ ഫീസായി നല്‍കും. ജൂണിലാണ് ഇതിനുള്ള അപേക്ഷകള്‍ ലഭിക്കുക.

സ്വാമി വിവേകാനന്ദ സിംഗിള്‍ ഗേള്‍ സ്‌കോളര്‍ഷിപ് ഫോര്‍ റിസേര്‍ച്ച് ഇന്‍ സോഷ്യല്‍ സയന്‍സസ്: സാമൂഹ്യശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന ഒറ്റപെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. 28,000രൂപയാണ് സ്റ്റൈപെന്റ്. ഇതിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. 

ഒറ്റപെണ്‍കുട്ടികള്‍ക്കുള്ള ഇന്ദിരാ ഗാന്ധി ബിരുദാനന്തര സ്‌കോളര്‍ഷിപ്: ഒറ്റ പെണ്‍കുട്ടികള്‍ക്ക് യുജിസി പ്രഖ്യാപിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. ബിരുദാനന്തര റെഗുലര്‍ കോഴ്‌സിന് അഡ്മിഷന്‍ എടുത്തിട്ടുള്ള വിദ്യാര്‍ത്ഥിനികള്‍ക്ക് രണ്ട് വര്‍ഷം 36,200രൂപയാണ് ഈ സ്‌കോളര്‍ഷിപ് വഴി ലഭിക്കുന്നത്. 

ഒറ്റപെണ്‍കുട്ടികള്‍ക്കുള്ള സിബിഎസ്ഇ മെറിറ്റ് സ്‌കോളര്‍ഷിപ്പ്: പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ഒറ്റപെണ്‍കുട്ടികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ് ലഭിക്കുക. എല്ലാ മാസവും 500രൂപ വീതമാണ് സ്‌കോളര്‍ഷിപ് മുഖാന്തരം ലഭിക്കുന്നത്. ഒക്ടോബര്‍ മാസത്തിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. 

ഇന്റേണ്‍ശാല കരിയര്‍ സ്‌കോളര്‍ഷിപ് ഫോര്‍ ഗേള്‍സ്: 17നും 23നും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാന്‍ സാധിക്കുക. 25,000രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുന്ന തുക, ജനുവരിയിലാണ് ഇതിനായി അപേക്ഷിക്കേണ്ടത്. 

എസ്ഒഎഫ് ഗേള്‍ ചൈല്‍ഡ് സ്‌കോളര്‍ഷിപ് സ്‌കീം: ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള മെറിറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പാണിത്. സയന്‍സ് ഒളിംപ്യാഡ് ഫൗണ്ടേഷന്റെ ഈ സ്‌കോളര്‍ഷിപ് വഴി 5000രൂപയാണ് വിദ്യാര്‍ത്ഥിനികള്‍ക്ക് ലഭിക്കുക.

എഐസിറ്റിഇ പ്രഗതി സ്‌കോളര്‍ഷിപ് ഫോര്‍ ഗേള്‍സ്: എഐസിറ്റിഇ അംഗീകൃത കോളേജുകളില്‍ ഒന്നാം വര്‍ഷ ടെകനിക്കല്‍ ഡിപ്ലോമ കോഴ്‌സോ ബിരുദ കോഴ്‌സോ പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. 30,000രൂപയും മറ്റ് ആനുകൂല്യങ്ങളുമാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നവര്‍ക്ക് ലഭിക്കുക. ഒക്ടോബറിലാണ് സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കേണ്ടത്.

ഡല്‍ഹി ലാഡ്‌ലി സ്‌കീം:ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെയോ, ന്യൂ ഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ ജനന സര്‍ട്ടിഫിക്കേറ്റ് ഉള്ള ഡല്‍ഹി സര്‍ക്കാര്‍ അംഗീകൃത സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാന്‍ കഴിയുക. ഒന്നാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ 11,000രൂപയാണ് ഈ പദ്ധതി വഴി ലഭിക്കുന്നത്. 

ന്യൂനപക്ഷ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള ബീഗം ബസ്‌റത് മഹല്‍ സ്‌കോളര്‍ഷിപ്: ഒമ്പതാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള പെണ്‍കുട്ടികള്‍ക്ക് 5000രൂപ മുതല്‍ 12,000രൂപ വരെ ധനസഹായം ലഭിക്കുന്ന പദ്ധതിയാണിത്. ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കാണ് സ്‌കോളര്‍ഷിപ്പിന് അര്‍ഹത. ഒക്ടോബറിലാണ് അപേക്ഷ നല്‍കേണ്ടത്. 

മെറിറ്റ് വിദ്യാര്‍ത്ഥിനികള്‍ക്കുള്ള റ്റാറ്റ ഹൗസിങ് സ്‌കോളര്‍ഷിപ്: രണ്ടാം വര്‍ഷ ബിടെക് കോഴ്‌സ് പഠിക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. മെറിറ്റ് വിദ്യാര്‍ത്ഥിനികള്‍ക്ക് 60,000രൂപ വരെ സ്‌കോളര്‍ഷിപ്പ് ലഭിക്കും. 

നാഷണല്‍ ഗേള്‍ ചൈല്‍ഡ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ സ്‌കോളര്‍ഷിപ്പ് സ്‌കീം: എസ് സി എസ് റ്റി വിഭാഗത്തില്‍പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്കും കസ്തൂര്‍ഭ ഗാന്ധി ബാലിക വിദ്യാലയത്തില്‍ നിന്ന് എട്ടാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനികള്‍ക്കുമാണ് ഈ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ലഭിക്കുക. സര്‍ക്കാര്‍ സ്‌കൂളുകളിലോ സര്‍ക്കാര്‍ അംഗീകൃത സ്‌കൂളുകളിലോ തുടര്‍വിദ്യാഭ്യാസത്തിന് ചേര്‍ന്നാല്‍ മാത്രമേ സ്‌കോളര്‍ഷിപ്പ് ലഭിക്കുകയൊള്ളു. ഒക്ടോബറിലാണ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കേണ്ടത്. 

ഉഡാന്‍: പത്താം ക്ലാസില്‍ മികച്ച മാര്‍ക്ക് നേടിയ പെണ്‍കുട്ടികള്‍ക്ക് പ്ലസ് വണ്‍ പഠനകാലത്ത് വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നതിനായി സിബിഎസ്ഇയും മാനവ വിഭവ ശേഷി മന്ത്രാലയവും ചേര്‍ന്ന നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. രണ്ട് വര്‍ഷം വെര്‍ച്ച്വര്‍ ക്ലാസുകള്‍ വഴി സൗചന്യ ഓഫ്‌ലൈന്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ സ്‌കോളര്‍ഷിപ് വഴി ലഭിക്കും. 

ബിരുദ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പ്: ഹരിയാനയിലെ മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനികള്‍ക്ക് ഉന്നതവിദ്യാഭ്യാസം തുടരാന്‍ സഹായം നല്‍കുകയാണ് ഈ സ്‌കോളര്‍ഷിപ് വഴി ലക്ഷ്യമിടുന്നത്. 12-ാം ക്ലാസില്‍ 60 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിനികള്‍ക്ക് 3000രൂപ വീതമാണ് പ്രതിവര്‍ഷം ലഭിക്കുക. ബിരുദ പഠനത്തിനായി സര്‍ക്കാര്‍ കോളെജുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് മാത്രമാണ് അര്‍ഹത ലഭിക്കുക. 

കടപ്പാട്:  www.buddy4study.com
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com