5000 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം; കണ്ടെത്തിയത് ഗുജറാത്തില്‍ നിന്ന്

ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോളവീരയില്‍ നിന്നും 360 കിലോമീറ്റര്‍ അകലെ നിന്നാണ് പഴക്കമേറിയ അസ്തികൂടം കണ്ടെത്തിയത്
5000 വര്‍ഷം പഴക്കമുള്ള മനുഷ്യ അസ്ഥികൂടം; കണ്ടെത്തിയത് ഗുജറാത്തില്‍ നിന്ന്

രാജ്‌കോട്ട്: അയ്യായിരം വര്‍ഷം പഴക്കമുള്ള മനുഷ്യന്റെ അസ്ഥികൂടം ഗുജറാത്തില്‍ നിന്ന് കണ്ടെത്തി. ഗുജറാത്തിലെ കച്ച് ജില്ലയിലുള്ള ധോളവീരയില്‍ നിന്നും 360 കിലോമീറ്റര്‍ അകലെ നിന്നാണ് പഴക്കമേറിയ അസ്ഥികൂടം കണ്ടെത്തിയത്. ഹാരപ്പന്‍ സംസ്‌കാരത്തിന്റെ ഭാഗമെന്ന് കരുതുന്ന പ്രദേശമാണ് ഇത്. 

കഴിഞ്ഞ രണ്ട് മാസമായി കച്ച് സര്‍വകലാശാലയും കേരള സര്‍വകലാശാലയും സംയുക്തമായാണ് ഇവിടെ ഉത്ഖനന പരിവേഷണം നടത്തുകയാണ്. അതിനിടെയാണ് അസ്ഥികൂടം ലഭിച്ചത്. ഇതിനോടകം 26 കുഴിമാടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ ഒന്നില്‍ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. ആറടിയോളം ഉയരമുള്ള ഒരാളുടെ ഏതാണ്ട് പൂര്‍ണമായ അസ്ഥികൂടമാണ് ലഭിച്ചിരിക്കുന്നത്. പ്രദേശത്ത് 300 മീറ്റര്‍ ചുറ്റളവില്‍ ഏതാണ്ട് 250 കുഴിമാടങ്ങള്‍ ഉണ്ടായേക്കാമെന്നാണ്  പുരാവസ്തു ഗവേഷകര്‍ പറയുന്നത്. 

4600 മുതല്‍ 5200 വര്‍ഷം മുമ്പുള്ളതാണ് ഈ ശ്മശാനമെന്നാണ് നിഗമനം. കണ്ടെത്തിയ അസ്ഥികൂടത്തിന്റെ പ്രായം, മരണ കാരണം, ലിംഗം എന്നിവ കൃത്യമായി കണ്ടെത്താന്‍ കേരള സര്‍വകലാശാലയിലേക്ക് കൊണ്ടുവരും. 

കണ്ടെത്തിയ കുഴിമാടങ്ങളില്‍ മൃതദേഹങ്ങള്‍ കിഴക്കോട്ട് തലവെച്ച നിലയിലാണ് അടക്കം ചെയ്തിരുന്നത്. കുഴിമാടങ്ങളില്‍ ഏറ്റവും നീളമുള്ളതിന് 6.9 മീറ്ററും കുറഞ്ഞത് 1.2 മീറ്ററുമുള്ളതാണ്. കുഴിമാടങ്ങളില്‍ നിന്ന് കക്കയുടെ തോടുകള്‍ കൊണ്ടുണ്ടാക്കിയ വളകള്‍, അരകല്ല്, കല്ലുകൊണ്ടുണ്ടാക്കിയ കത്തികള്‍, കല്ലുകള്‍ മിനുക്കിയുണ്ടാക്കിയ മുത്തുകള്‍ എന്നിവയും മൃഗങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com