ഹെല്‍മറ്റ് ബോധവല്‍ക്കരണ പരസ്യത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച യുവതികള്‍ ; സര്‍ക്കാരിനെതിരെ പ്രതിഷേധം ( വീഡിയോ )

'ലുക്‌സ് ലൈക്ക് ഷിറ്റ്, ബട്ട് സേവ്‌സ് മൈ ലൈഫ്' എന്നാണ് പരസ്യത്തിന്റെ അടിക്കുറിപ്പ്
ഹെല്‍മറ്റ് ബോധവല്‍ക്കരണ പരസ്യത്തില്‍ അടിവസ്ത്രം മാത്രം ധരിച്ച യുവതികള്‍ ; സര്‍ക്കാരിനെതിരെ പ്രതിഷേധം ( വീഡിയോ )

ബെര്‍ലിന്‍ : നമ്മുടെ നിത്യജീവിതത്തിലെ ഒട്ടുമിക്ക പരസ്യങ്ങളിലും സ്ത്രീ ശരീരത്തിന്റെ നഗ്നത ഒഴിച്ചുകൂട്ടാനാകാത്ത ഒന്നായി മാറിയിട്ടുണ്ട്. എന്തിനേറെ വാഹനങ്ങളുടെ പരസ്യത്തില്‍ വരെ അല്പവസ്ത്രധാരിണികളാണ് രംഗത്തെത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ തന്നെ ഇത്തരം പരസ്യം ഇറക്കിയാലോ.

ജര്‍മ്മന്‍ സര്‍ക്കാറാണ് സൈക്കിള്‍ യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം വിശദീകരിച്ച് പരസ്യം തയ്യാറാക്കിയത്. പരസ്യത്തില്‍ അഭിനയിച്ചിട്ടുള്ള മോഡലുകള്‍ ഹെല്‍മെറ്റും അടിവസ്ത്രവും മാത്രമേ ധരിച്ചിട്ടുള്ളൂ എന്നതാണ് പരസ്യത്തെ വിവാദകേന്ദ്രമാക്കിയത്. 'ലുക്‌സ് ലൈക്ക് ഷിറ്റ്, ബട്ട് സേവ്‌സ് മൈ ലൈഫ്' എന്നാണ് പരസ്യത്തിന്റെ അടിക്കുറിപ്പ്. 

പരസ്യത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. സൈക്കിള്‍ യാത്രയുടെ സുരക്ഷ ഉറപ്പാക്കുന്ന ഹെല്‍മെറ്റിന്റെ പരസ്യത്തിന് അടിവസ്ത്രം മാത്രം ധരിപ്പിച്ചത് എന്തിനെന്നാണ് വിമര്‍ശകര്‍ ചോദിക്കുന്നത്. ജര്‍മ്മന്‍ സര്‍ക്കാരിനകത്തും പരസ്യത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ശരീരം മറയ്ക്കുന്ന മാന്യമായി വസ്ത്രം ധരിച്ച് ഹെല്‍മറ്റും വെച്ചുള്ള ഒരു ചിത്രമാണ് പ്രതിഷേധസൂചകമായി ജര്‍മ്മന്‍ ആരോഗ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. 

എന്നാല്‍ പ്രതിഷേധത്തെ ജര്‍മ്മന്‍ ഗതാഗതമന്ത്രാലയം ഗൗരവമായി എടുത്തിട്ടില്ല. പരസ്യം പെട്ടെന്ന് തന്നെ ജനശ്രദ്ധ ആകര്‍ഷിച്ചു എന്നതിന് തെളിവാണ് ഈ വിമര്‍ശനങ്ങളെന്നാണ് മന്ത്രാലയത്തിന്റെ അഭിപ്രായം. ആളുകളെ പെട്ടെന്ന് ആകര്‍ഷിക്കാനാകും എന്നതിനാലാണ് ഇത്തരത്തില്‍ പരസ്യം തയ്യാറാക്കിയതെന്നും ഗതാമത മന്ത്രാലയ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ജര്‍മ്മനിയിലെ ഒരു ടെവിവിഷന്‍ ഷോയിലെ താരങ്ങളാണ് അടിവസ്ത്രം ധരിച്ച് പരസ്യത്തില്‍ അഭിനയിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com