സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി മുഹമ്മദ് ഫയാസ്; സ്വയം നിര്‍മിച്ച വിമാനത്തില്‍ പറന്ന് പോപ്‌കോണ്‍ വില്‍പ്പനക്കാരന്‍ (വീഡിയോ)

പോപ്‌കോണ്‍ വില്‍പ്പനക്കാരനായ മുഹമ്മദ് ഫയാസ് തന്റെ പറക്കാനുള്ള മോഹം യാഥാര്‍ഥ്യമാക്കിയത് ഒരു വിമാനം തന്നെ നിര്‍മിച്ചാണ്
സ്വപ്‌നങ്ങള്‍ക്ക് ചിറക് നല്‍കി മുഹമ്മദ് ഫയാസ്; സ്വയം നിര്‍മിച്ച വിമാനത്തില്‍ പറന്ന് പോപ്‌കോണ്‍ വില്‍പ്പനക്കാരന്‍ (വീഡിയോ)

തബുര്‍ (പാക്കിസ്ഥാന്‍): കഠിനാധ്വാനവും ഇച്ഛാശക്തിയും കൊണ്ട് 32കാരനായ മുഹമ്മദ് ഫയാസ് തന്റെ സ്വപ്‌നങ്ങള്‍ക്ക് ചിറക് വയ്പ്പിച്ച് ആകാശത്തിലേക്ക് പറന്നു. പോപ്‌കോണ്‍ വില്‍പ്പനക്കാരനായ മുഹമ്മദ് ഫയാസ് തന്റെ പറക്കാനുള്ള മോഹം യാഥാര്‍ഥ്യമാക്കിയത് ഒരു വിമാനം തന്നെ നിര്‍മിച്ചാണ്. അധികം വിദ്യാഭ്യാസമൊന്നുമില്ലാത്ത മുഹമ്മദ് ഫയാസ് കഠിനാധ്വാനം കൊണ്ട് അത് സാധ്യമാക്കിയെടുത്ത് രാജ്യത്തെ ലക്ഷക്കണക്കിന് പേരുടെ ഹൃദയങ്ങളാണ് കീഴടക്കിയത്. 

റോഡ് കട്ടര്‍ യന്ത്രത്തിന്റെ എന്‍ജിനും ചണനാരുകള്‍ കൊണ്ട് ചിറകുകളും ഓട്ടോറിക്ഷയുടെ ടയറുകള്‍ കടം വാങ്ങി ചക്രങ്ങളാക്കി മാറ്റിയുമാണ് മുഹമ്മദ് ഫയാസ് ചെറു വിമാനം നിര്‍മിച്ച് പറത്തിയത്. ടിവി ക്ലിപിങ്ങുകളും ഓണ്‍ലൈനില്‍ നിന്ന് കിട്ടിയ വിവരങ്ങളുമൊക്കെ വച്ചാണ് വിമാനം നിര്‍മിച്ചത്. 

പഞ്ചാബ് പ്രവിശ്യയിലെ തബൂര്‍ ഗ്രാമത്തിലാണ് മുഹമ്മദ് ഫയാസിന്റെ താമസം. കുട്ടിക്കാലത്ത് വ്യോമ സേനയില്‍ ചേരാനായിരുന്നു ഫയാസിന് ആഗ്രഹം. ചെറുപ്പത്തില്‍ തന്നെ അച്ഛന്‍ മരിച്ചതോടെ എട്ടാം ക്ലാസില്‍ വച്ച് പഠനം നിര്‍ത്തേണ്ടി വന്നു. അമ്മയ്ക്കും അഞ്ച് സഹോദരങ്ങള്‍ക്കും തുണയാകേണ്ടി വന്നതോടെ ഫയാസ് ചെറുപ്പത്തില്‍ തന്നെ ജോലിക്കിറങ്ങി. 

പറക്കുക എന്ന സ്വപ്‌നം ഫയാസ് വിടാതെ പിന്തുടര്‍ന്നിരുന്നു. യുവാവായതോടെ സ്വന്തമായി വിമാനം നിര്‍മിക്കുകയെന്ന തീരുമാനത്തിലേക്ക് ഫയാസ് എത്തി. പകല്‍ സമയത്ത് പോപ് കോണ്‍ വില്‍പ്പക്കാരനായും രാത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായും ഫയാസ് ജോലി ചെയ്തു. ഇതില്‍ നിന്ന് കിട്ടുന്ന പണം സ്വരുകൂട്ടി. കുടുംബത്തിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ ഒരു ഭാഗം വിറ്റ് കുറച്ച് പണവും നാട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് 50000 രൂപയുടെ ലോണും സംഘടിപ്പിച്ച് നിര്‍മാണം ആരംഭിച്ചു. 

പിന്നീട് നാഷണല്‍ ജിയോഗ്രഫിക്ക് ചാനല്‍ കണ്ട് വിമാനത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചെടുത്തു. ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നാട്ടിലെ വര്‍ക്ക്‌ഷോപ്പില്‍ ജോലിയുള്ള സുഹൃത്തിന്റെ സഹായവും മുഹമ്മദ് ഫയാസിന് ലഭിച്ചു. 

ആദ്യ ശ്രമം പരാജയപ്പെട്ടു. ചില ഉപകരണങ്ങള്‍ മാറ്റേണ്ടിയും വന്നു. എന്നിട്ടും മുഹമ്മദ് ഫയാസ് തളര്‍ന്നില്ല. വിമാനത്തിന്റെ രൂപഘടനയില്‍ മാറ്റം വരുത്തി വീണ്ടും നിര്‍മാണം ആരംഭിച്ചു. 

എന്നാല്‍ മകന്റെ ഇത്തരം ശ്രമങ്ങളോട് അമ്മയായ മുംതാസ് ബിബിക്ക് വിയോജിപ്പായിരുന്നു. അവര്‍ ഇതില്‍ നിന്ന് ഫയാസിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതെല്ലാം നിര്‍ത്തി കുടുംബത്തെയും ജോലിയും ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഫയാസ് ഒന്നും കേള്‍ക്കാന്‍ തയ്യാറായില്ലെന്ന് അവര്‍ പറഞ്ഞു. 

ഒടുവില്‍ എല്ലാ പ്രതിബന്ധങ്ങളേയും തട്ടിമാറ്റി നീണ്ട നാളത്തെ ശ്രമത്തിനൊടുവില്‍ ഫയാസ് വിമാനം നിര്‍മ്മിച്ചെടുത്തു. രണ്ട് വര്‍ഷത്തെ അധ്വാനത്തിനൊടുവില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വിമാനം ആദ്യമായി പറത്തി. സുഹൃത്തുക്കളുടെ സഹായത്തോടെ ചെറിയ റോഡ് റണ്‍വേയാക്കി ഫയാസ് വിമാനം പറത്തി. 120 കിലോമീറ്റര്‍ വേഗതയില്‍ രണ്ട് രണ്ടര അടി ഉയരത്തിലാണ് വിമാനം പറന്നതെന്ന് ദൃക്‌സാക്ഷിയായ സുഹൃത്ത് അമീര്‍ ഹുസൈന്‍ പറഞ്ഞു. രണ്ട്, മൂന്ന് കിലോമീറ്റര്‍ ദൂരം വരെ വിമാനം പറന്നു. 

മാര്‍ച്ച് 23ന് പാക്കിസ്ഥാന്‍ ദേശീയ ദിനത്തില്‍ നൂറുകണക്കിന് ആളുകളുടെ മുന്നില്‍ വച്ച് വിമാനം പറത്താന്‍ മുഹമ്മദ് ഫയാസ് തയ്യാറെടുത്തു. എന്നാല്‍ പൊലീസ് അനുമതി നല്‍കിയില്ല. ഇത് വക വയ്ക്കാതെ വിമാനം പറത്താന്‍ ശ്രമിച്ചതിന് ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ ശ്രമം മുഴുവന്‍ പരാജയപ്പെട്ടതിന്റെ നിരാശയില്‍ ഫയാസ് ജയിലിലേക്ക് പോയി. ഒടുവില്‍ കോടതി 3000 രൂപ പിഴ വിധിച്ച് ഫയാസിനെ വിട്ടയച്ചു. 

പാക്കിസ്ഥാന്‍ വ്യോമസേന തുടക്കത്തില്‍ വിമാനം പറത്താന്‍ അനുമതി നല്‍കിയില്ലെങ്കിലും പിന്നീട് വിമാനം കണ്ട് വിലയിരുത്തി പറപ്പിക്കാനുള്ള അനുമതി നല്‍കി. വ്യോമ സേന രണ്ട് തവണ സന്ദര്‍ശനം നടത്തി വിമാനത്തിന് സര്‍ട്ടിഫിക്കറ്റും നല്‍കി. 

ആകാശത്തിലൂടെ പറക്കുന്നതാണ് എപ്പോഴും താന്‍ സ്വപ്‌നം കാണാറുള്ളതെന്ന് ഫയാസ് പറയുന്നു. മറ്റൊന്നും തന്റെ ചിന്തയിലില്ല. മുഹമ്മദ് ഫയാസ് ഇന്ന് പാക്കിസ്ഥാനിലെ സാമൂഹിക മാധ്യമങ്ങളില്‍ ഹീറോയാണ്. ജീവിതത്തില്‍ ഒന്നുമായില്ലെന്ന് നിരാശപ്പെടുന്നവര്‍ക്ക് മുഹമ്മദ് ഫയാസിന്റെ ജീവിതം പ്രചോദനമാണെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com