ഒരു വര്‍ഷം നമ്മള്‍ കുടിക്കുന്നത്‌ ആറ് ലിറ്റര്‍  മദ്യം ! മദ്യോപഭോഗം ഏറ്റവും കുറവ് കുവൈത്തില്‍

അപകടകരമാം വിധത്തില്‍ മദ്യം ഉപയോഗിക്കുന്ന ശീലം 10 ശതമാനമെങ്കിലും 2025 ഓടെ കുറയ്ക്കുകയെന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം ആഗോള വ്യാപകമായി നടപ്പിലാവില്ലെന്നും റിപ്പോര്‍ട്ട്
ഒരു വര്‍ഷം നമ്മള്‍ കുടിക്കുന്നത്‌ ആറ് ലിറ്റര്‍  മദ്യം ! മദ്യോപഭോഗം ഏറ്റവും കുറവ് കുവൈത്തില്‍

ബെര്‍ലിന്‍: ഇന്ത്യയില്‍ മദ്യത്തിന്റെ ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചതായി ലാന്‍സെറ്റ് ജേണലിന്റെ പഠന റിപ്പോര്‍ട്ട്. ഏഴ് വര്‍ഷം കൊണ്ട് 38 ശതമാനമാണ് ഉപയോഗം കൂടിയത്. ആഗോളവ്യാപകമായി 70 ശതമാനത്തിന്റെ വര്‍ധനയും ഉണ്ടായിട്ടുണ്ട്. 189 രാജ്യങ്ങളില്‍ 1990 മുതല്‍ 2017 വരെയുള്ള മദ്യോപഭോഗമാണ് പഠനവിധേയമാക്കിയത്. ഒരുവര്‍ഷം 4.3 ലിറ്റര്‍ മുതല്‍ ആറ് ലിറ്റര്‍ വരെ മദ്യമാണ് ഇന്ത്യയിലെ 'കുടിയന്‍മാര്‍' അകത്താക്കുന്നത്. 

യുഎസില്‍ ഇത് 9.3 മുതല്‍ 9.8 ലിറ്റര്‍ വരെയും ചൈനയില്‍ 7.1 മുതല്‍ 7.4 ലിറ്റര്‍ വരെയുമാണ്. വടക്കന്‍ ആഫ്രിക്കയിലും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലുമാണ് മദ്യ ഉപഭോഗം ഏറ്റവും കുറവ് കണ്ടുവരുന്നത്. ഈ രാജ്യങ്ങളില്‍ പരമാവധി ഒരു ലിറ്റര്‍ മദ്യം വരെ മാത്രമാണ് ഒരു വ്യക്തി ഉപയോഗിക്കുന്നത്. ഇതില്‍ തന്നെ കുവൈത്താണ് പട്ടികയില്‍ ഏറ്റവും പിന്നില്‍. വെറും അഞ്ച് മില്ലീ ലിറ്റര്‍ മദ്യമാണ് പ്രതിവര്‍ഷം മദ്യപാനിയായ ഒരു വ്യക്തിയുടെ ഉള്ളിലെത്തുന്നത്. അതേസമയം രാജ്യങ്ങളുടെ പട്ടികയില്‍ മാള്‍ഡോവയാണ് ഒന്നാമത്. പ്രതിവര്‍ഷം 15 ലിറ്റര്‍ വീതമാണ് ഇവിടുത്തെ ആളോഹരി ഉപഭോഗം.

ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യപിക്കില്ലെന്ന് തീരുമാനിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. മുന്‍പ് 46 ശതമാനം പേര്‍ മദ്യപാനത്തില്‍ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു നിന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ 43 ശതമാനത്തിലേക്ക് അത് കുറഞ്ഞു.

താഴ്ന്ന വരുമാനമുള്ള വീടുകളിലെയും ഇടത്തരം കുടുംബങ്ങളിലുമാണ് മദ്യ ഉപഭോഗം കൂടിയതായി കണ്ടെത്തിയത്. സമ്പന്നരുടെ മദ്യഉപഭോഗം ഏറെക്കുറെ സ്ഥിരമായി നില്‍ക്കുന്നതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 2030 ഓടെ ജനസംഖ്യയിലെ പ്രായപൂര്‍ത്തിയായവരില്‍ പകുതിയോളം പേരും മദ്യം ഉപയോഗിക്കുന്നവരായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇവരില്‍ 23 ശതമാനം പേരും മാസത്തിലൊലിക്കല്‍ മദ്യപിക്കുന്നവരാകുമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. മദ്യപാനം കാരണം രോഗം മൂര്‍ച്ഛിക്കുന്നവരുടെ എണ്ണവും കൂടിയേക്കാമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏകദേശം 200 ല്‍ അധികം രോഗങ്ങള്‍ക്ക് മദ്യത്തിന്റെ ഉപഭോഗം കാരണമാകുന്നുവെന്നാണ് കണക്ക്. 

1990 കളില്‍ ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങള്‍, പ്രത്യേകിച്ചും യൂറോപ്പായിരുന്നു മദ്യ ഉപഭോഗത്തില്‍ മുന്നില്‍ നിന്നിരുന്നത്. എന്നാല്‍ പത്ത് വര്‍ഷം കഴിഞ്ഞതോടെ ഈ നിരയിലേക്ക് ചൈനയെയും ഇന്ത്യയെയും വിയറ്റ്‌നാമിനെയും പോലുള്ള ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ എത്തുകയായിരുന്നു. ഈ ട്രെന്‍ഡ് 2030 വരെ തുടരുമെന്നും മദ്യ ഉപഭോഗത്തില്‍ യൂറോപ്പിനുള്ള മേല്‍ക്കൈ തകരുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു. അപകടകരമാം വിധത്തില്‍ മദ്യം ഉപയോഗിക്കുന്ന ശീലം 10 ശതമാനമെങ്കിലും 2025 ഓടെ കുറയ്ക്കുകയെന്ന ലോകാരോഗ്യ സംഘടനയുടെ ലക്ഷ്യം ആഗോള വ്യാപകമായി നടപ്പിലാവില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com