വൈദ്യുതിയോ എന്തിന് ? ജീവിതത്തില്‍ ഒരിക്കല്‍ പോലും വൈദ്യുതി ഉപയോഗിച്ചിട്ടില്ലാത്ത 79കാരിയായ മുന്‍ പ്രൊഫസര്‍; താമസം കുടിലില്‍

പൂനെയിലെ ബുധ്‌വര്‍ പെട്ടില്‍ താമസിക്കുന്ന ഡോ. ഹേമ സനെ എന്ന 79കാരിയ അമ്മൂമ്മ ജീവിതത്തില്‍ ഒരിക്കല്‍ പോലും വൈദ്യുതി ഉപയോഗിച്ചിട്ടില്ല
വൈദ്യുതിയോ എന്തിന് ? ജീവിതത്തില്‍ ഒരിക്കല്‍ പോലും വൈദ്യുതി ഉപയോഗിച്ചിട്ടില്ലാത്ത 79കാരിയായ മുന്‍ പ്രൊഫസര്‍; താമസം കുടിലില്‍

പൂനെ: വൈദ്യുതി ഇല്ലാത്ത ജീവിതം ഇന്ന് ചിന്തിക്കാന്‍ പോലും സാധ്യമല്ല. കടുത്ത വേനലില്‍ വൈദ്യുതി ഇല്ലാതെ കുറച്ച് സമയം പോലും ചെലവിടുക എന്നത് അസാധ്യമായി മാറുകയാണിന്ന്. എന്നാല്‍ ജീവിതത്തില്‍ വൈദ്യുതി ആവശ്യമില്ലാത്തവരും ഉണ്ട്. 

പൂനെയിലെ ബുധ്‌വര്‍ പെട്ടില്‍ താമസിക്കുന്ന ഡോ. ഹേമ സനെ എന്ന 79കാരിയ അമ്മൂമ്മ ജീവിതത്തില്‍ ഒരിക്കല്‍ പോലും വൈദ്യുതി ഉപയോഗിച്ചിട്ടില്ല. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നും എന്നാല്‍ സത്യമാണ്. സാവിത്രിബായ് ഫുലെ സര്‍വകലാശാലയില്‍ നിന്ന് ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടിയ അവര്‍ അനവധി വര്‍ഷം പൂനെയിലെ ഗര്‍വാരെ കോളജില്‍ പ്രൊഫസറായിരുന്നു. 

ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പ്രകൃതിയെ സ്‌നേഹിച്ച് പരിസ്ഥിതിയോടിണങ്ങിയാണ് ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. അതുകൊണ്ടാണ് തനിക്ക് വൈദ്യുതി ആവശ്യമില്ലാത്തതെന്ന് അവര്‍ പറയുന്നു. മനുഷ്യന് വൈദ്യുതി ആവശ്യമില്ല എന്നാണ് അവരുടെ കാഴ്ചപ്പാട്. ഭക്ഷണം താമസം വസ്ത്രം എന്നിവയാണ് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍. അതേ ആവശ്യമുള്ളു. ഈയുടത്ത കാലത്തല്ലേ വൈദ്യുതി വന്നതെന്നും അതില്ലാതെ തന്നെ ജീവിക്കാന്‍ താന്‍ ശീലിച്ചിട്ടുണ്ടെന്നും ഹേമ സനെ പറയുന്നു. 

വൈദ്യുതി ഇല്ലാതെ എങ്ങനെയാണ് കഴിയുന്നതെന്ന് ആളുകള്‍ ചോദിക്കാറുണ്ട്. തിരിച്ച് അവരോടുള്ള ചോദ്യം ഇതാണ് വൈദ്യുതി ഉണ്ടായിട്ട് എങ്ങനെയാണ് ജീവിക്കുന്നത്. മറ്റുള്ളവര്‍ തന്നെ വിഢിയെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് അമ്മൂമ്മ പറയുന്നു. എന്നാല്‍ താന്‍ അതെക്കുറിച്ച് ചിന്തിക്കുന്നില്ല. 

നിറയെ മരങ്ങളും ചെടികളുമുള്ള ഒരു കൊച്ചു കുടിലിലാണ് അവരുടെ താമസം. കൂട്ടിനുള്ളതാകട്ടെ രണ്ട് പൂച്ചകളും ഒരു നായയും ഒരു കീരിയും കുറേ പക്ഷികളും. അവര്‍ക്കും അവകാശപ്പെട്ടതാണ് ഇവിടം എന്ന് ഹേമ സനെ പറയുന്നു. പക്ഷികളടക്കം തന്റെ സുഹൃത്തുക്കളാണ്. വീട്ടു ജോലികള്‍ ചെയ്യുമ്പോള്‍ അവര്‍ തന്റെ അരികിലെത്താറുണ്ട്. 

വീടും സ്ഥലവും വില്‍ക്കാന്‍ പലരും ആവശ്യപ്പെടുന്നുണ്ട്. നല്ല വില കിട്ടുമെന്നാണ് പറയുന്നത്. എന്നാല്‍ ഇത് വിറ്റാല്‍ ഈ മരങ്ങളേയും പക്ഷികളേയും ആര് സംരക്ഷിക്കും. അതുകൊണ്ട് താന്‍ എങ്ങോട്ടുമില്ല. അവര്‍ക്കൊപ്പം താമസിക്കും അവര്‍ പറഞ്ഞു. 

ബോട്ടണി സംബന്ധമായും പരിസ്ഥിതിയുമായി ബന്ധപ്പെട്ടും നിരവധി പുസ്തകങ്ങള്‍ അവര്‍ എഴുതിയിട്ടുണ്ട്. നിലവില്‍ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ഹേമ. 

മറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാനോ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനോ ഒന്നുമില്ല. ജീവിതത്തില്‍ നിങ്ങളുടെ വഴികള്‍ നിങ്ങള്‍ തന്നെ കണ്ടെത്തണമെന്നാണ് ബുദ്ധന്‍ പറഞ്ഞിട്ടുള്ളത്. അവര്‍ പറഞ്ഞു നിര്‍ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com