വിജയത്തിന്റെ അളവ് അതല്ല; മാര്‍ക്ക് കുറഞ്ഞവരോട് രാജമാണിക്യത്തിന് പറയാനുള്ളത്

പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അല്ല കുട്ടികളെ അളക്കേണ്ടത്.
വിജയത്തിന്റെ അളവ് അതല്ല; മാര്‍ക്ക് കുറഞ്ഞവരോട് രാജമാണിക്യത്തിന് പറയാനുള്ളത്

സ്എസ്എല്‍സി/ പ്ലസ്ടു പരീക്ഷാഫലം വന്നതോടെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം പ്രസിദ്ധപ്പെടുത്തിയാണ് രക്ഷിതാക്കളുടെയും മറ്റ് ബന്ധുക്കളുടെയെല്ലാം വിജയാഘോഷം. പക്ഷേ ഈ ആഹ്ലാദപ്രകടനങ്ങളെല്ലാം കാണുമ്പോള്‍ മാനസികമായി വിഷമത്തിലാകുന്ന ചിലരും കൂടിയുണ്ട്. മാര്‍ക്ക് കുറഞ്ഞ് പോയ കുട്ടികളും അവരുടെ രക്ഷിതാക്കളും.

പരീക്ഷയ്ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അല്ല കുട്ടികളെ അളക്കേണ്ടത്. പക്ഷേ ഇവിടുത്തെ വിദ്യാഭ്യാസ രീതി അനുസരിച്ച് തുടര്‍ന്നുള്ള പഠനം അതിന്റെ അടിസ്ഥാനത്തില്‍ കൂടിയായിരിക്കും. അതുകൊണ്ട് ഇത്തരത്തില്‍ ഉന്നത വിജയവും മാര്‍ക്കും ഫേസ്ബുക്കിലൂടെ പരസ്യപ്പെടുത്തുന്നതു മാര്‍ക്കു കുറഞ്ഞു പോയ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഡിപ്രഷന്‍ സൃഷ്ടിക്കുമെന്ന് എം ജി രാജമാണിക്യം ഐഎഎസ് അഭിപ്രായപ്പെടുന്നു. 

ഇതേ കാരണം കൊണ്ട് യുകെ പോലുള്ള വിദേശ രാജ്യങ്ങളില്‍ മാര്‍ക്ക് നോട്ടീസ് ബോര്‍ഡുകളില്‍ പോലും പ്രസിദ്ധീകരിക്കാതെ വ്യക്തിഗത മെയിലുകളിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. 

തങ്ങളുടെ മക്കള്‍ക്കു മാര്‍ക്കു കുറഞ്ഞു പോയെന്നു കരുതി വിഷമിക്കുന്ന മാതാപിതാക്കളോടു രാജമാണിക്യത്തിനു ചിലത് പറയാനുണ്ട്:

1. ദയവായി നിങ്ങളുടെ അയല്‍ക്കാരുടെയോ കൂട്ടുകാരുടെയോ മക്കളുമായി നിങ്ങളുടെ കുട്ടികളെ താരതമ്യം ചെയ്യരുത്.

2. നിങ്ങളുടെ കുട്ടികളുടെ ഭാവി അവരെ നിങ്ങള്‍ ഇപ്പം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.

3. മാര്‍ക്കു കുറഞ്ഞു പോയി എന്നതു കൊണ്ടു തങ്ങള്‍ക്ക് സങ്കടമൊന്നുമില്ലെന്നു പറഞ്ഞും അവരുടെ പ്രയത്‌നത്തെ അഭിനന്ദിച്ചും കുട്ടികള്‍ക്ക് ആത്മവിശ്വാസം പകരണം.

എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നപ്പോള്‍ ഇതാണ് തന്റെ പിതാവ് ചെയ്തതെന്നും ഇന്നു താന്‍ നേടിയതെല്ലാം അന്നു പിതാവ് പറഞ്ഞ ആ വാക്കുകള്‍ മൂലമാണെന്നും ഇദ്ദേഹം വ്യക്തമാക്കി. മാര്‍ക്കു കുറഞ്ഞു പോയ കുട്ടികള്‍ നിരാശരാകരുതെന്നും മാര്‍ക്കുകള്‍ മാത്രമല്ല ജീവിത വിജയത്തിന്റെ മാനദണ്ഡമെന്നും രാജമാണിക്യം ഓര്‍മ്മിപ്പിക്കുന്നു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ വിദ്യാഭ്യാസം മാര്‍ക്ക് അടിസ്ഥാനമാക്കിയ രീതി തുടരുന്നതിനാല്‍ നമ്മളെല്ലാവരും സ്വര്‍ണ്ണക്കൂട്ടില്‍ അടച്ചിട്ട പാവകളെ പോലെയായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. 

വിജയത്തിനുള്ള ഫോര്‍മുലയും രാജമാണിക്യം വിദ്യാര്‍ഥികളോടു പങ്കു വെച്ചു. വിജയത്തിന്റെ അളവു നിങ്ങളുടെ മാര്‍ക്കല്ല മറിച്ചു നിങ്ങളുടെ ലക്ഷ്യവും മൂല്യങ്ങളും മനോഭാവവുമാണ് നിര്‍ണ്ണയിക്കുന്നത്.  അതിനാല്‍ ഒരു ലക്ഷ്യമുണ്ടാക്കിയെടുത്ത്, മൂല്യങ്ങള്‍ പരിപോഷിപ്പിച്ച്, പോസിറ്റീവായ മനോഭാവം വളര്‍ത്തിയാല്‍ വിജയം സുനിശ്ചിതമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com