വിയര്‍ക്കാനോ കുളിക്കാനോ എന്തിന് കരയാന്‍ കൂടി പാടില്ല; അപൂര്‍വ്വരോഗത്തോട് മല്ലിട്ട് യൂട്യൂബ് സ്റ്റാര്‍

കുളിക്കുകയോ മുഖമോ കൈയ്യോ കഴുകുകയോ ചെയ്താല്‍ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന, പുകച്ചില്‍ തുടങ്ങിയവ നിയയ്ക്കുണ്ടാവും.
വിയര്‍ക്കാനോ കുളിക്കാനോ എന്തിന് കരയാന്‍ കൂടി പാടില്ല; അപൂര്‍വ്വരോഗത്തോട് മല്ലിട്ട് യൂട്യൂബ് സ്റ്റാര്‍

പ്രകൃതിയിലെ ചില വസ്തുക്കള്‍ ചിലര്‍ക്ക് അലര്‍ജി പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പൊടി, പഴങ്ങള്‍, മാംസം അങ്ങനെ ഏതുമാകാം. അലര്‍ജിയുള്ളവര്‍ അത്തരം പദാര്‍ത്ഥങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. പക്ഷേ നിത്യജീവിതത്തില്‍ ഒട്ടും ഒഴിച്ച് കൂടാനാവാത്ത ഒരു വസ്തുവാണ് നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുന്നതെങ്കിലോ? 

അതെ ഇവിടെയൊരു പെണ്‍കുട്ടിക്ക് വെള്ളം അലര്‍ജിയാണ്. വെള്ളം അടുത്തുകൂടെ പോകാനാവില്ല. വിയര്‍ക്കാനോ ഒന്ന് കരയാന്‍ കൂടി പറ്റില്ല. അത്തരമൊരു രോഗമാണ് സസെക്‌സില്‍ നിന്നുള്ള നിയ സെല്‍വേ എന്ന 21 വയസുകാരിയാണ് വെള്ളത്തോടുള്ള അലര്‍ജിയായ അക്വാജെനിക്ക് പ്രൂരിട്ടസ്(aquagenic pruritus) എന്ന പ്രശ്‌നം കൊണ്ട് കഷ്ടപ്പെടുന്നത്. ഒന്നര ലക്ഷത്തോളം സബ്‌സ്‌ക്രൈബര്‍ ഉള്ള യൂട്യൂബ് സ്റ്റാര്‍ കൂടിയാണ് നിയ. 

ശരീരവും വെള്ളവുമായി ബാഹ്യ സമ്പര്‍ക്കം ഉണ്ടായാല്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളാണ് നിയയില്‍ പ്രത്യക്ഷപ്പെടുന്നത്. കുളിക്കുകയോ മുഖമോ കൈയ്യോ കഴുകുകയോ ചെയ്താല്‍ ശരീരത്തില്‍ ചുവന്നുതടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, കഠിനമായ വേദന, പുകച്ചില്‍ തുടങ്ങിയവ നിയയ്ക്കുണ്ടാവും. കുളി മാത്രമല്ല, കരച്ചില്‍, വിയര്‍പ്പ് തുടങ്ങിയവ പോലും പ്രശ്‌നമാണ്. 

അഥവാ വെള്ളം ദേഹത്ത് വീണാല്‍ മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന വേദനയാണ് അനുഭവപ്പെടുക. വെള്ളത്തോടുള്ള അലര്‍ജി കാരണം നിയയ്ക്ക് വീടിനു പുറത്തേക്ക് പോവാനോ ജോലി ചെയ്യാനോ സാധിക്കുന്നില്ല. മഴയും മഞ്ഞുമെല്ലാം നിയയുടെ ശരീരത്തെ വേദനിപ്പിക്കും. ഈ അവസ്ഥ കാരണം ഇന്‍ഷുറന്‍സ് കമ്പനി എക്‌സിക്യൂട്ടീവ് ആയിരുന്ന ഇവര്‍ ജോലി വരെ ഉപേക്ഷിച്ചു.

തന്റെ അഞ്ചാമത്തെ വയസ് മുതലാണ് നിയയ്ക്ക് ആദ്യം ഈ രോഗം വന്നത്. ആദ്യമൊന്നും ലക്ഷണങ്ങളെ കാര്യമാക്കിയില്ല. എന്നാല്‍ പ്രായമേറും തോറും പ്രശ്‌നങ്ങള്‍ വഷളായി വരികയായിരുന്നു. 2013 ആയപ്പോഴേക്കും രോഗം രൂക്ഷമാവുകയായിരുന്നു. പിന്നീടങ്ങോട്ട് വല്ലപ്പോഴും വന്നിരുന്ന പ്രശ്‌നം പതിവായി. 

രോഗത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്താന്‍ ഇതുവരെ ഡോക്ടര്‍മാര്‍ക്കും സാധിച്ചിട്ടില്ല. 'ഞാന്‍ ദിവസം മുഴുവന്‍ ഫാനിന്റേയും എസിയുടേയും ചുവട്ടിലാണ്. വീട്ടിലെ ജോലികള്‍ ചെയ്താലോ പുറത്തേക്കിറങ്ങിയാലോ കടുത്ത വേദനയാണ് അനുഭവപ്പെടുക. മഞ്ഞും മഴയും വെയിലും എനിക്ക് പേടിയാണ്. വേദന കടിച്ചമര്‍ത്തിയാണ് എന്റെ ഓരോ ദിവസവും കടന്നുപോവുന്നത്.'- നിയ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com