അങ്ങനെ എല്ലാവിധ ആചാരങ്ങളോട് കൂടിയും ആ ആഢംബര വിവാഹം നടന്നു; താലി ചാര്‍ത്താന്‍ വധു മാത്രം ഇല്ല

അടുത്ത ബന്ധുക്കളും സുഹൃത്തക്കളും ഉള്‍പ്പെടെ 200ഓളം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ഏറെ വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ചാണ് അജയ് എത്തിയത്.
അങ്ങനെ എല്ലാവിധ ആചാരങ്ങളോട് കൂടിയും ആ ആഢംബര വിവാഹം നടന്നു; താലി ചാര്‍ത്താന്‍ വധു മാത്രം ഇല്ല

ഗുജറാത്ത്: അജയ് ബാരറ്റ് എന്ന 28കാരന് ബന്ധുവിന്റെ ആഢംബര വിവാഹത്തില്‍ പങ്കെടുത്തപ്പോഴാണ് തനിക്കും അതുപോലൊരു വിവാഹം വേണമെന്ന് തോന്നിയത്. ആഗ്രഹം കഠിനമാണെന്ന് മനസിലായപ്പോള്‍ വീട്ടുകാരും അജയ്‌ക്കൊപ്പം നടന്നു. അങ്ങനെ എല്ലാവരും കൂടി ആ വിവാഹമങ്ങ് ഗംഭീരമാക്കി. പക്ഷേ വിവാഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകം മിസിങ് ആയിരുന്നു.

മറ്റൊന്നുമല്ല, അജയ്‌യുടെ ഗംഭീരവിവാഹത്തിന് വധു ഉണ്ടായിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഇദ്ദേഹത്തിന് അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്താനാന്‍ അജയ്‌യുടെ വീട്ടുകാര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് വധു ഇല്ലാതെ തന്നെ പരമ്പരാഗതമായ ഗുജറാത്തി വിവാഹരീതിയില്‍ വിവാഹം നടത്തുകയായിരുന്നു. 

വധുവില്ലെങ്കിലും ആഘോഷങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒരു കുറവും വരുത്തിയില്ല ഇവര്‍. വിവാഹ തലേന്ന് നടത്തുന്ന മെഹന്ദിയും സംഗീത് സെറിമണിയുമെല്ലാം ഈ വിവാഹത്തിനും ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തക്കളും ഉള്‍പ്പെടെ 200ഓളം ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ ഏറെ വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ചാണ് അജയ് എത്തിയത്.

പഠനവൈകല്യമുള്ള അജയ്ക്ക് തന്റെ ചെറിയ പ്രായത്തില്‍ അമ്മയെ നഷ്ടപ്പെട്ടതാണ്. മറ്റ് ചെറുപ്പക്കാരുടെ വിവാഹചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ തന്റേത് എന്നാണെന്ന് ഇയാള്‍ ചോദിക്കാറുണ്ടായിരുന്നെന്ന് അജയ്‌യുടെ പിതാവ് വിഷ്ണു ബാരറ്റ് പറയുന്നു. 

'അവന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഞങ്ങള്‍ക്ക് പ്രയാസമായിരുന്നു. കാരണം എന്റെ മകന് അനുയോജ്യമായ ഒരു വധുവിനെ കണ്ടുപിടിക്കാന്‍ കഴിയാത്തത് തന്നെ. ഒടുവില്‍ വീട്ടുകാരുടെയെല്ലാം അഭിപ്രായം തേടിയ ശേഷം ഇത്തരമൊരു വിവാഹത്തിന് ഞങ്ങള്‍ ഒരുങ്ങുകയായിരുന്നു. മകന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനായതില്‍ ഞാന്‍ ഏറെ സന്തോഷവാനാണ്'- വിഷ്ണു ബാരറ്റ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com