ഇതിനൊക്കെ വേണ്ടിയാണോ, ഈ കൊടുംവെയിലില്‍ നിങ്ങള്‍ ശുപാര്‍ശക്കായോടുന്നത്?; ചര്‍ച്ചയായി ഐഎഎസ് ഉദ്യോഗസ്ഥയുടെ കുറിപ്പ്

വലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിച്ചില്ലെങ്കില്‍ തങ്ങളുടെ മക്കള്‍ ഉയരങ്ങളിലെത്തില്ലെന്ന രക്ഷകര്‍ത്താക്കളുടെ തെറ്റായ ധാരണയെക്കുറിച്ച് സരയു പോസ്റ്റില്‍ പറയുന്നു. 
ഇതിനൊക്കെ വേണ്ടിയാണോ, ഈ കൊടുംവെയിലില്‍ നിങ്ങള്‍ ശുപാര്‍ശക്കായോടുന്നത്?; ചര്‍ച്ചയായി ഐഎഎസ് ഉദ്യോഗസ്ഥയുടെ കുറിപ്പ്

ര്‍ക്കാര്‍ സ്‌കൂളുകളെ അവഗണിച്ച് സ്വകാര്യ സ്‌കൂളുകളിലേക്ക് കുട്ടികളെ ചേര്‍ക്കാന്‍ പരക്കം പായുന്ന രക്ഷകര്‍ത്താക്കള്‍ ഇപ്പോള്‍ നമുക്കിടയില്‍ സ്ഥിരം കാഴ്ചയാണ്. അത്തരക്കാരെ കുറിച്ചുള്ള തമിഴ്‌നാട് കേഡര്‍ ഐഎഎസ് ഓഫീസറും മലയാളിയുമായ സരയു മോഹനചന്ദ്രന്റെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. 

വലിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ പഠിച്ചില്ലെങ്കില്‍ തങ്ങളുടെ മക്കള്‍ ഉയരങ്ങളിലെത്തില്ലെന്ന രക്ഷകര്‍ത്താക്കളുടെ തെറ്റായ ധാരണയെക്കുറിച്ച് സരയു പോസ്റ്റില്‍ പറയുന്നു. സ്വകാര്യ സ്‌കൂളില്‍ അഡ്മിഷനായി ഓടിനടന്നതും അവസാനം സര്‍ക്കാര്‍ സ്‌കൂളില്‍ പഠിച്ച് മികച്ച വിജയം നേടിയതുമായ തന്റെ സ്വന്തം അനുഭവം വിവരിച്ചാണ് സരയു കുറിപ്പെഴുതിയിരിക്കുന്നത്. സ്വകാര്യ സ്‌കൂളുകളിലേക്ക് അഡ്മിഷന് വേണ്ടി ശുപാര്‍ശ കത്തു വാങ്ങാന്‍ വരുന്ന രക്ഷകര്‍ത്താക്കളെയും സരയു വിമര്‍ശിക്കുന്നുണ്ട്. 

' വലിയ വലിയ സ്‌കൂളുകളും, ക്ലാസ് റൂം അഴുക്കായാലോ എന്നോര്‍ത്ത് കുഞ്ഞുങ്ങള്‍ ചോറു തിന്നരുതെന്നു പറയുന്ന അധ്യാപകരും ,മൂത്രമൊഴിക്കാന്‍ ഇംഗ്ലീഷില്‍ അനുവാദം ചോദിക്കാന്‍ ഭയന്ന് യൂറിനറി ഇന്‍ഫെക്ഷന്‍ വരുന്ന കുരുന്നുകളും .... ഇതിനൊക്കെ വേണ്ടിയാണോ, ഈ കൊടുംവെയിലില്‍ നിങ്ങള്‍ ശുപാര്‍ശക്കായോടുന്നത്? കുഞ്ഞുങ്ങള്‍ ചിത്രശലഭങ്ങളല്ലേ ... അവരുടെ ചിറകുകള്‍ കൂടുതല്‍ വര്‍ണ്ണാഭമാവട്ടെ.. അവര്‍ പാറിപ്പറന്നു നടക്കട്ടേ...' സരയു ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നു. 

പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം: 

ഏപ്രിൽ മെയ് മാസങ്ങൾ അഡ്മിഷൻ കാലമാണല്ലോ.പരാതിക്കാരിൽ ചിലരെങ്കിലും അടുത്തുള്ള പ്രൈവറ്റ് സ്കൂളിലെ അഡ്മിഷനു ശുപാർശ ചോദിച്ചു വരുന്നവരാണ്. തൃശൂരിൽ നിന്നുമുള്ള മലയാളി കന്യാസ്ത്രീകൾ വളരെ നന്നായി നടത്തി വരുന്ന അൺ എയിഡഡ് സ്കൂളാണ് സെൻ്റ് മേരീസ് .
ഇംഗ്ലീഷ് മീഡിയത്തോടുള്ള കടുത്ത അഭിനിവേശവും അവിടെയുള്ള കർക്കശമായ അധ്യാപന രീതികളുമാവണം മാതാപിതാക്കളെ ഇങ്ങോട്ട് ആകർഷിച്ചിരുന്നത്.

ഇന്നലെ കാണാൻ വന്ന ഒരു രക്ഷിതാവിന് എൻ്റെ ശുപാർശക്കത്ത് കൂടിയേ തീരൂ.കഴിഞ്ഞവർഷം അതേ സ്കൂളിൽ വാർഷികാഘോഷത്തിന് മുഖ്യാതിഥിയായി ചെല്ലുമ്പോൾ പ്രിൻസിപ്പൽ എൻ്റെ ചെവിയിൽ പറഞ്ഞതാണ് എനിക്കോർമ്മ വന്നത്:
" മാഡം, അടുത്ത അഡ്മിഷൻ സമയാവുമ്പോ ശുപാർശയൊന്നും പറയല്ലേ ട്ടോ, ഞങ്ങൾ pure merit ൽ ആണ് അഡ്മിഷൻ കൊടുക്കുന്നത്." എൽ കെ ജി ക്കാരന് എന്ത് pure merit എന്ന് ഉള്ളിൽ തികട്ടി വന്ന റിബലിസത്തെ ഉള്ളിലടക്കി ,ഗവൺമെൻ്റ് സ്കൂളുകളിൽ മാത്രമേ ക്ഷണം സ്വീകരിച്ചു പോവൂ എന്ന തീരുമാനത്തിൽ മാറ്റം വരുത്തിയതിൽ ഖേദിച്ചതൊക്കെ ഓർത്തെടുക്കുമ്പോഴാണ് പരാതിക്കാരി എന്നെ വീണ്ടും വിളിക്കുന്നത്."യേൻ മാഡം ,എതുമേ സൊല്ലമാട്ടീങ്ക്ളാ?? എന്നോടെ കൊളന്തയോടെ വാഴ്കൈ ഉങ്ക കൈയ്യിൽ താൻ ..." ഞാൻ പറഞ്ഞാലും അഡ്മിഷൻ കിട്ടില്ല എന്ന് പറഞ്ഞിട്ടും അവർ വിടുന്ന ലക്ഷണമില്ല.കയ്യിലിരുന്ന biodata യിൽ എന്നെ കൊണ്ട് recommended എന്നെഴുതി വാങ്ങിയട്ടേ അവർ സമ്മതിച്ചുള്ളൂ.അഡ്മിഷനു വേണ്ടി ഈ കൊടുംചൂടിൽ അലഞ്ഞു തിരിയുന്നതിൻ്റെ പെടാപ്പാടും ഇപ്പറയുന്ന സ്കൂളിൽ മോൾക്ക് അഡ്മിഷൻ കിട്ടിയില്ലെങ്കിലോ എന്ന ആകുലതയും ഒക്കെ അവർ പറഞ്ഞു തീർത്തപ്പോൾ ഞാൻ ചോദിച്ചു:"എന്തിനാ ഇത്രയും കഷ്ടപ്പെടുന്നത്,അടുത്ത് തന്നെ ഒരു govt സ്കൂളും ഗവ.എയിഡഡ് സ്കൂളും ഉണ്ടല്ലോ..." അവരുടെ മുഖം മാറി. മാഡത്തിനങ്ങനെയൊക്കെ പറയാം. വലിയ സ്കൂളിൽ ഇംഗ്ലീഷ് മീഡിയത്തിലൊക്കെ പഠിച്ചിട്ടല്ലേ മാഡം ഈ നിലയിലെത്തിയത്... ഞങ്ങൾക്ക് മക്കളെപ്പറ്റിയുള്ള ആധിയും അഡ്മിഷനു വേണ്ടിയുള്ള അലച്ചിലും നിങ്ങൾക്കാർക്കും മനസ്സിലാവില്ല... ഞാൻ തർക്കിക്കാൻ നിന്നില്ല.

അവർ ഇറങ്ങി പോവുമ്പോൾ ഇതുപോലെ ഒരു മൂന്നു വയസ്സുകാരിയേയും കൊണ്ട് അഡ്മിഷനു വേണ്ടി കാത്തു നിന്ന അമ്മയെയാണെനിക്ക് ഓർമ്മ വന്നത്. കുഞ്ഞേച്ചി പഠിക്കുന്ന സ്കൂളിൽ തന്നെ എന്നെ ചേർക്കാൻ പോവുമ്പോൾ സിസ്റ്റർ പറഞ്ഞു,വയസു നാലാവണം..ഇവിടെ admission കിട്ടണമെങ്കിൽ.അമ്മ പിന്നെയും ഒരു വർഷം കാത്തിരുന്നു,ബെഞ്ചും ഡെസ്കുമുള്ള, ചൂരലുള്ള സിസ്റേറഴ്സ് പഠിപ്പിക്കുന്ന സ്കൂളിൽ admission കിട്ടാൻ. നാലാം വയസിൽ പോവുമ്പോൾ 'സ്നേഹ സേന' എന്നെഴുതിയിരിക്കുന്നത് കാണിച്ച് ഉറക്കെ വായിക്കാൻ പറഞ്ഞു സിസ്സർ... ഉറക്കെ വായിച്ചിട്ടും അഡ്മിഷൻ കിട്ടാത്ത എന്നെ പറ്റി അപ്പയും അമ്മയും പരിഭ്രമിച്ചില്ല .

അങ്ങനെയാണ് തൊട്ടടുത്തുള്ള ദാറുസ്സലാം സ്കൂളിൽ ഞാൻ ചേരുന്നത്. ഒരു ഗവ എയിഡഡ് സ്കൂളായിരുന്നതിൻ്റെ പരിമിതികൾ നിറയെ ഉണ്ടായിരുന്നു അന്ന്... അപ്പയുടെ കൂട്ടുകാരൊക്കെ ഈ തീരുമാനത്തെ ചോദ്യം ചെയ്തു.ബെഞ്ചും ഡെസ്കുo ഇല്ലാത്ത സ്കൂളിൽ ഞങ്ങളൊക്കെ നിലത്തിരുന്ന് ആദ്യാക്ഷരങ്ങൾ പഠിച്ചു. നന്നായി പഠിച്ച് നാലിലെത്തിയാൽ ഡെസ്കിൽ വെച്ചെഴുത്തുന്നത് സ്വപ്നം കണ്ടു പഠിച്ചു. ഡെസ്കുള്ള സ്കൂളിൽ അഡ്മിഷൻ കിട്ടിയവർ ഭാഗ്യവാൻമാരാണല്ലോ എന്നോർത്ത് അസൂയ പൂണ്ടു. എന്തായാലും ഇവിടെ നാലാം ക്ലാസുവരെയേ ഉള്ളൂ.അത് കഴിഞ്ഞ് അടുത്തുള്ള govt aided സ്കൂളിൽ അഡ്മിഷൻ കിട്ടണം.മുൻപ് അഡ്മിഷൻ നിഷേധിച്ച സ്കൂളിലെ കുട്ടികൾക്കാണ് അവിടെ മുൻഗണന.ഞാൻ പഠിക്കുന്ന സ്കൂളിലെ കുട്ടികൾക്ക് അവിടെ പരിഗണന കുറവാണ്.കാരണം ഞങ്ങൾ ഇംഗ്ലീഷ് പഠിച്ചു തുടങ്ങുന്നത് തന്നെ നാലാം ക്ലാസിലാണ്.അവരൊക്കെ lkg യിലും.

ഒന്നിലിരുന്ന് രണ്ടിലേക്ക് ജയിക്കുമ്പോഴാണ് ആകെപ്പാടെ ഒരു മാറ്റം...ഡിപിഇപി വന്നു.പുസ്തകങ്ങൾ മഞ്ചാടിയും കുന്നിമണിയും മിന്നാമിന്നിയുമായി.ഞങ്ങൾ കവിതയെഴുതാനും കഥകൾ പറയാനും പരീക്ഷണങ്ങൾ ചെയ്യാനും തുടങ്ങി.പരീക്ഷയെ പേടിക്കാതെ ഞങ്ങൾ ആർത്തുല്ലസിച്ചു പഠിച്ചു.വിജൂന ടീച്ചറും, റംലത്ത് ടീച്ചറും, ഉമൈറത്ത് ടീച്ചറും ഒക്കെ ഞങ്ങളെ കലോത്സവങ്ങൾക്കു കൊണ്ടു പോയി. ശാസ്ത്ര പ്രദർശനങ്ങളും ക്വിസ് competition കളും ഒക്കെ പരിചയപ്പെടുത്തി തന്നത് ഇവരൊക്കെയാണ് .നാലാം ക്ലാസ്സിൽ LSS സ്കോളർഷിപ് കിട്ടിയപ്പോൾ ഞങ്ങളെ പറ്റി അഭിമാനം കൊണ്ട അധ്യാപകർ തന്ന ഊർജം ചെറുതല്ല.ജില്ലാ കലോത്സവത്തിൽ കഥാ കഥനത്തിന് സി ഗ്രേഡ് കിട്ടിയപ്പൊഴും "മിടുക്കി"എന്ന് പറഞ്ഞു അഭിനന്ദിച്ചതും ഇതേ ഗുരുഭൂതന്മാരാണ്.

അടുത്തുള്ള കർദിനാൾ സ്കൂളിൽ അഡ്മിഷൻ കിട്ടി അവിടെ പത്താംതരം പൂർത്തിയാക്കുമ്പോൾ മനസ്സുനിറയെ ഇനി വലിയൊരു സ്കൂളിൽ പോയി പഠിക്കണമെന്ന ആഗ്രഹമായിരുന്നു.മലയാളം മീഡിയത്തിൽ പഠിച്ചതിന്റെ അപകർഷത ബോധമായിരുന്നു അന്ന്. ഇംഗ്ലീഷാണ് എല്ലാം എന്ന മിഥ്യാ ധാരണ.അങ്ങനെയാണ് നഗരത്തിലെ പ്രശസ്തമായ St Theresas സ്കൂളിൽ application കൊടുക്കുന്നത്.എല്ലാ വിഷയത്തിനും A plus കിട്ടിയിട്ടും ഇന്റർവ്യൂ ദിവസം എന്റെ പേര് വിളിച്ചില്ല.വാതിൽക്കൽ നിന്ന സിസ്റ്റർ അഡ്മിഷൻ തീർന്നു എന്നറിയിച്ചു. ഓടിക്കിതച്ച് പഠിച്ച സ്കൂളിൽ നിറകണ്ണുകളോടെ എത്തുമ്പോൾ എന്നെ dictionary തന്നു സ്വീകരിച്ചു എന്റെ അധ്യാപകർ.പണ്ട് അഡ്മിഷൻ കിട്ടാത്ത 4 വയസുകാരിയെ വിഷമിക്കണ്ട എന്ന് പറഞ്ഞു കൊണ്ട് വന്നത് അമ്മയായിരുന്നെങ്കിൽ ഇത്തവണ അപ്പയായിരുന്നു കൂടെ...

തിരിഞ്ഞ് നോക്കുമ്പോൾ കിട്ടാത്ത അഡ്മിഷനുകളാണ് എന്നെ ഞാനാക്കിയത്. കണ്ടീഷനുകളില്ലാതെ കൈ നീട്ടി സ്വീകരിച്ച വിദ്യാലയങ്ങളാണ് എല്ലാവരേയും തുറന്ന മനസ്സോടെ സമീപിക്കാൻ എന്നെ പഠിപ്പിച്ചത്.നിലത്തിരുന്ന് ആദ്യാക്ഷരങ്ങൾ സ്‌ലെറ്റിൽ എഴുതി പഠിക്കുമ്പോൾ അടുത്തിരുന്ന അജാസിനെയും ശീതളിനെയും സഹായിക്കാൻ പറഞ്ഞ അന്നമ്മ ടീച്ചറാണ് സഹവർത്തിത്വത്തിൻ്റെ ബാലപാഠങ്ങൾ ചൊല്ലിത്തന്നത്. മാതൃഭാഷയിലൂടെ ഗണിതവും, ഭൗതിക ശാസ്ത്രവും, രസതന്ത്രവും മാത്രമല്ല, സ്നേഹിക്കാനും, പങ്കുവെക്കാനും, സമൂഹത്തിന് ഒരു മുതൽക്കൂട്ടാവാനും ഒക്കെ ഞങ്ങളെ പഠിപ്പിച്ചു.

വലിയ വലിയ സ്കൂളുകളും, ക്ലാസ് റൂം അഴുക്കായാലോ എന്നോർത്ത് കുഞ്ഞുങ്ങൾ ചോറു തിന്നരുതെന്നു പറയുന്ന അധ്യാപകരും ,മൂത്രമൊഴിക്കാൻ ഇംഗ്ലീഷിൽ അനുവാദം ചോദിക്കാൻ ഭയന്ന് യൂറിനറി ഇൻഫെക്ഷൻ വരുന്ന കുരുന്നുകളും .... ഇതിനൊക്കെ വേണ്ടിയാണോ, ഈ കൊടുംവെയിലിൽ നിങ്ങൾ ശുപാർശക്കായോടുന്നത്? കുഞ്ഞുങ്ങൾ ചിത്രശലഭങ്ങളല്ലേ ... അവരുടെ ചിറകുകൾ കൂടുതൽ വർണ്ണാഭമാവട്ടെ.. അവർ പാറിപ്പറന്നു നടക്കട്ടേ...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com