'ആ കരുതലിന് ടീച്ചറമ്മയ്ക്ക് നന്ദി...';കുഞ്ഞു ലച്ചു പുഞ്ചിരിക്കുന്നു, ജീവിതത്തിലേക്ക്

ഒരാഴ്ച മുമ്പ് ഒരുദിവസം പ്രായമുള്ള കുഞ്ഞിനെയും വാരിപ്പിടിച്ച് എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് പായുമ്പോള്‍ ജംഷീലയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു...
'ആ കരുതലിന് ടീച്ചറമ്മയ്ക്ക് നന്ദി...';കുഞ്ഞു ലച്ചു പുഞ്ചിരിക്കുന്നു, ജീവിതത്തിലേക്ക്

കൊച്ചി: ഒരാഴ്ച മുമ്പ് ഒരുദിവസം പ്രായമുള്ള കുഞ്ഞിനെയും വാരിപ്പിടിച്ച് എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് പായുമ്പോള്‍ ജംഷീലയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഇപ്പോഴും ജംഷീലയുടെ കണ്ണുകള്‍ നിറയുന്നു, പക്ഷേ അത് സന്തോഷക്കണ്ണീരാണ്...കൈവിട്ടു പോകുമെന്ന് കരുതിയ കണ്‍മണിയെ ജീവിതത്തിലേക്ക് മടക്കിക്കിട്ടിയതിന്റെ സന്തോഷം...

'ഫെയ്‌സ്ബുക്കില്‍ ഞങ്ങളിട്ട കമന്റു കണ്ടപ്പോള്‍ തന്നെ പ്രതികരിച്ച ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ക്ക് നന്ദി... ഞങ്ങളിവിടെ ഇരിക്കാന്‍ കാരണമായ ടീച്ചറോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്...അല്ലെങ്കില്‍ എന്റെ കുഞ്ഞ്...' വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ ജംഷീല വിതുമ്പി.

കഴിഞ്ഞ ഒമ്പതിനാണ് മലപ്പുറം എടക്കര സ്വദേശി ഷാജഹാന്റെയും ജംഷീലയുടെയും കുഞ്ഞിനെ അതീവ ഗുരുതരാവസ്ഥയില്‍ ലിസി ആശുപത്രിയില്‍ എത്തിച്ചത്. പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയിലെ പരിശോധനയിലാണ് കുഞ്ഞിന് ഗുരുതരമായ ഹൃദ്രോഗമാണെന്ന് കണ്ടെത്തിയത്. ഉടന്‍ ചികിത്സ നല്‍കിയില്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ അപകടത്തിലാകുമായിരുന്നു. 

തുടര്‍ന്നാണ് കുട്ടിയുടെ മാതൃസഹോദരന്‍ ജിയാസ് ആരോഗ്യമന്ത്രി കെകെ ശൈലജയോട് ഫെയ്‌സ്ബുക്കിലൂടെ സഹായം തേടുന്നത്. മന്ത്രി നടത്തിയ അടിയന്തര ഇടപെടലില്‍ കുട്ടിയുടെ ചികിത്സ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലിസി ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. 

കുട്ടിയുടെ ചികിത്സ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ചികിത്സയ്ക്ക് നേത്യത്വം നല്‍കിയ ഡോ. എഡ്വിന്‍ ഫ്രാന്‍സിസ് പറയുന്നു. ആദ്യഘട്ടം വിജയമാണെന്നും രണ്ടാംഘട്ടത്തിന്റെ ഭാഗമായി ആറുമാസത്തിന് ശേഷം ഹൃദയ ശസ്ത്രക്രിയ നടത്താമെന്നുമെന്നാണ് ഡോക്ടര്‍ പറയുന്നത്.കുഞ്ഞിന്റെ ഹൃദയ വാല്‍വിനായിരുന്നു തകരാര്‍. ഹൃദയത്തിന്റെ വലത്തേ അറയില്‍ നിന്ന് ശ്വാസകോശത്തിലേക്ക് രക്തമെത്തിക്കുന്ന വാല്‍വും രക്തക്കുഴലും ഇല്ലായിരുന്നു. അറകളെ ബന്ധിപ്പിക്കുന്ന ഭിത്തിയില്‍ ദ്വാരവുമുണ്ടായിരുന്നു. ദേഹത്തിന് നീലനിറമായി. അടിയന്തരമായി ഹൃദയത്തില്‍ നിന്ന് ശ്വാസകോശത്തിലേക്കുള്ള കുഴലില്‍ സ്‌റ്റെന്റ് ഉപയോഗിച്ച് വികസിപ്പിച്ചു. ഇപ്പോള്‍ കുട്ടിയുടെ നീലനിറം മാറി. ഉമ്മയുടെ കൈകളില്‍ അവള്‍ സമാധാനത്തോടെ ഉറങ്ങുന്നു. 

കുഞ്ഞിന് ഇതുവരെ പേരിട്ടിട്ടില്ല. പക്ഷേ ലച്ചുവെന്ന് വിളിച്ചാണ് ജംഷീല കുഞ്ഞിനെ താലോലിക്കുന്നത്. ആശുപത്രി ജീവനക്കാര്‍ക്കും അവള്‍ ലച്ചു തന്നെ.കുരുന്ന് ആരോഗ്യത്തോടെ മടങ്ങുന്നതിന്റെ സന്തോഷം കേക്ക് മുറിച്ചും മധുരങ്ങള്‍ പങ്കുവച്ചുമാണ് ആശുപത്രി മാനേജ്‌മെന്റും രക്ഷകര്‍ത്താക്കളും ആഘോഷിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com