വഡോദര: പുലര്‍ച്ചെ വെള്ളം കുടിക്കാന്‍ എഴുന്നേറ്റ് അടുക്കളയിലെത്തുമ്പോള്‍ അവിടെ മറ്റൊരാള്‍ വെള്ളം കുടിക്കുന്നത് കണ്ടാല്‍ ആരാണെങ്കിലും ഭയക്കും. പ്രത്യേകിച്ച് അതൊരു വന്യജീവിയാണെങ്കില്. ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. നിമിഷ ഗോഹില്‍ എന്ന 19 കാരിയായ പെണ്‍കുട്ടി അതിരാവിലെ മുതലയെ അടുക്കളയില്‍ കണ്ട് ഞെട്ടുകയായിരുന്നു.
ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ദാഹം തീര്‍ക്കാന്‍ വെള്ളം കുടിക്കാന്‍ വേണ്ടിയാണ് നിമിഷ എഴുന്നേറ്റത്. അടുക്കളയില്‍ എത്തിയപ്പോള്‍ അവിടെ അപ്രതീക്ഷിതമായി മുതലയെ കണ്ടു. ഉടനെ തന്നെ അമ്മ രാധാബെന്‍ ഗോഹിലിനെ വിളിച്ചുണര്‍ത്തി. ആദ്യം നിമിഷ സ്വപ്നം കണ്ടതാവുമെന്നാണ് രാധാബെന്‍ കരുതിയതെങ്കിലും മുതലയെ നേരിട്ട് കണ്ടപ്പോള്‍ സംശയം മാറുകയായിരുന്നു.
അടുക്കളയിലെ തറയില്‍ കിടക്കുകയായിരുന്നു മുതലയ്ക്ക് നാലര അടിയോളം നീളമുണ്ടായിരുന്നു. മുതലയെ കണ്ടെന്ന് അറിഞ്ഞ് വീട്ടിലേക്ക് ഗ്രാമവാസികള്‍ ഒന്നടങ്കം എത്തി. നര്‍മ്മദ നദിയുടെ അരികത്താണ് ഈ ഗ്രാമം. കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് വെള്ളം തേടിയിറങ്ങിയതാവും മുതലയെന്നാണ് കരുതുന്നത്.
വനം വകുപ്പ് അധികൃതരും ഒരു സര്‍ക്കാരിതര സംഘടനയുടെ പ്രതിനിധികളും ചേര്‍ന്ന് രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് മുതലയെ പിടികൂടിയത്. വഡോദരയുടെ മധ്യഭാഗത്ത് കൂടി ഒഴുകുന്ന വിശ്വമിത്ര നദിയില്‍ നിരവധി മുതലകളുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ