കാട്ടു കൊമ്പൻ ചരിഞ്ഞു; ദുഃഖം സഹിക്കാൻ കഴിയാതെ ഒരു ​ഗ്രാമം

കഴിഞ്ഞ മൂന്ന് വർഷമായി തങ്ങളുടെ കടുംബത്തിലെ അം​ഗമെന്ന പോലെ കഴിഞ്ഞ ആ കാട്ടുകൊമ്പൻ ചരിഞ്ഞതറിഞ്ഞ് ഒരു ​ഗ്രാമം മുഴുവൻ ദുഃഖിച്ചു
കാട്ടു കൊമ്പൻ ചരിഞ്ഞു; ദുഃഖം സഹിക്കാൻ കഴിയാതെ ഒരു ​ഗ്രാമം

ഗുവാഹത്തി: കഴിഞ്ഞ മൂന്ന് വർഷമായി തങ്ങളുടെ കടുംബത്തിലെ അം​ഗമെന്ന പോലെ കഴിഞ്ഞ ആ കാട്ടുകൊമ്പൻ ചരിഞ്ഞതറിഞ്ഞ് ഒരു ​ഗ്രാമം മുഴുവൻ ദുഃഖിച്ചു. "വൃദ്ധ സന്യാസി" എന്നായിരുന്നു ആ ആനയ്ക്ക് അവ‍ര്‍ നൽകിയ പേര്. ഒരു ഗ്രാമം മുഴുവനും ഈ കാട്ടുകൊമ്പന് കാവൽ നിന്നു. സമയാസമയങ്ങളിൽ ആനയ്ക്ക് ഭക്ഷണവും വെള്ളവും നൽകി. ഒരിക്കൽ പോലും അവൻ അവരെയോ അവ‍ര്‍ അവനെയോ ആക്രമിക്കുകയോ വേദനിപ്പിക്കുകയോ ചെയ്തില്ല. ആന ചരിഞ്ഞെന്ന് അറിഞ്ഞപ്പോൾ കുടുംബത്തിൽ നിന്ന് ആരെയോ നഷ്ടപ്പെട്ട പ്രതീതിയിലാണ് ആസമിലെ കലിയാബോ‍ര്‍ ഗ്രാമവാസികൾ.

മൂന്ന് വ‍ര്‍ഷം മുൻപ് ട്രെയിൻ തട്ടി ആനയ്ക്ക് പരുക്കേൽക്കുകയായിരുന്നു. അന്ന് തൊട്ട് മരണം വരെ ആന കലിയാബോ‍ര്‍ ഗ്രാമത്തിലെ അംഗമായിരുന്നു, അവരിലൊരാളായിരുന്നു. പരുക്കേറ്റ് ചികിത്സയിലായിരുന്ന കാലത്ത് ഏത് നേരവും ആനയ്ക്ക് ചുറ്റും ഗ്രാമവാസികളുണ്ടാവും. ആനയ്ക്ക് വിശപ്പടക്കാൻ, മുറിവിന് മരുന്ന് വയ്ക്കാൻ, വെള്ളം കൊടുക്കാൻ എല്ലാത്തിനും ഗ്രാമവാസികള്‍ ഒന്നടങ്കം മുന്നിട്ടിറങ്ങി. വൃദ്ധ സന്യാസി എന്ന പേരും നൽകി. 

മുറിവുണങ്ങിയ ആന കാട്ടിലും ഗ്രാമത്തിലുമായി കഴിഞ്ഞു. ഒരിക്കലും ഗ്രാമവാസികളെ ആക്രമിച്ചില്ല. ഗ്രാമത്തോട് ചേ‍ര്‍ന്ന് തേങ്കാബാരി എന്ന സ്ഥലത്താണ് കൊമ്പനെ ചരി‌ഞ്ഞ നിലയിൽ കണ്ടെത്തിയത്. വാ‍ർധക്യ സഹജമായ അസുഖത്തെ തുട‍ര്‍ന്നാണ് ആന ചരിഞ്ഞതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോ‍ര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com