ഒരു ഹൃദയം മാത്രമുള്ള സയാമീസ് ഇരട്ടകള്‍, അപൂര്‍വ ശസ്ത്രക്രീയയിലൂടെ ഒരു കുഞ്ഞിന് പുതുജീവന്‍

ഹൃദയത്തില്‍ സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. നവജാത ശിശുക്കളില്‍ അപൂര്‍വമായി മാത്രമാണ് സ്റ്റെന്റ് ഘടിപ്പിക്കുന്നത്
ഒരു ഹൃദയം മാത്രമുള്ള സയാമീസ് ഇരട്ടകള്‍, അപൂര്‍വ ശസ്ത്രക്രീയയിലൂടെ ഒരു കുഞ്ഞിന് പുതുജീവന്‍

ബംഗളൂരു: സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രീയയ്ക്ക് വിധേയമാക്കിയപ്പോള്‍ ഒരു കുരുന്നിന് ജീവന്‍ നഷ്ടമായി. രണ്ട് ശരീരവും ഒരു ഹൃദയവുമായി ഇന്ത്യയിലേക്ക് മൗറിഷ്യസില്‍ നിന്നും ചികിത്സയ്ക്കായെത്തി സയാമിസ് ഇരട്ടകളില്‍ ഒന്നിനാണ് ജിവന്‍ നഷ്ടമായത്. 

ഒരു കുഞ്ഞിനെയെങ്കിലും ജീവിതത്തിലേക്ക് തിരികെ തന്നതിന് നന്ദി പറയുകയാണ് സയാമിസ് ഇരട്ടകളുടെ പിതാവ് പാപ്പിലോണ്‍. ബംഗളൂരുവിലെ നാരായണ ഹെല്‍ത്ത് സെന്ററിലായിരുന്നു ശസ്ത്രക്രീയ. ഇരട്ടകളില്‍ ഒരു കുഞ്ഞിന്റെ ശരീരം പൂര്‍ണമായും നീക്കം ചെയ്തു. പത്ത് ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് സയാമിസ് ഇരട്ടകളായ അവര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. മൂന്ന് മാസം മുന്‍പായിരുന്നു അത്. 

സയാമിസ് ഇരട്ടകളെ വേര്‍പെടുത്തുന്നത് പോലെ സങ്കീര്‍ണമായ ശസ്ത്രക്രീയയ്ക്കുള്ള സൗകര്യം മൗറിഷ്യസില്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെ ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലെ പല ആശുപത്രികളേയും സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പൊതുവെ സയാമിസ് ഇരട്ടകളില്‍ കാണുന്നതിനേക്കാള്‍ ദുര്‍ബലമായ ഹൃദയമാണ് ഈ സയാമിസ് ഇരട്ടകളില്‍ ഉണ്ടായിരുന്നത്. 

ഒരു ഹൃദയം മാത്രമുള്ളതിനാല്‍ ഒരു കുഞ്ഞിനെ മാത്രമേ രക്ഷിക്കാന്‍ സാധിക്കുകയുള്ളെന്ന് ഡോക്ടര്‍മാര്‍ നേരത്തെ മാതാപിതാക്കളെ ബോധ്യപ്പെടുത്തിയിരുന്നു. ഫെബ്രുവരി പതിനൊന്നിനായിരുന്നു ആദ്യ ഘട്ട ശസ്ത്രക്രീയ. ഹൃദയത്തില്‍ സ്റ്റെന്റ് ഘടിപ്പിച്ചിരുന്നു. നവജാത ശിശുക്കളില്‍ അപൂര്‍വമായി മാത്രമാണ് സ്റ്റെന്റ് ഘടിപ്പിക്കുന്നത്. മാര്‍ച്ച് 11ന് നടത്തിയ ശസ്ത്രക്രീയയിലൂടെ രണ്ടാമത്തെ കുഞ്ഞിന്റെ ശരീരം വേര്‍പെടുത്തി. 

മൗറിഷ്യസ് സര്‍ക്കാരാണ് ചികിത്സയുടെ ചിലവ് വഹിച്ചത്. മൗറീഷ്യസ് എയര്‍ലൈന്‍സിന്റെ പ്രത്യേകം സജ്ജീകരിച്ച വിമാനത്തില്‍ ഈ മാസം 31ന് കുഞ്ഞിനെ നാട്ടിലെത്തിക്കാനാണ് ലക്ഷ്യം വയ്ക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com