മൂന്ന് മുറിയുള്ള കൂട്‌, ടിവി കാണാം, പാട്ട് കേള്‍ക്കാം, കളിക്കാം; പൊലീസ് നായ്കളുടെ റിട്ടയര്‍മെന്റ് ലൈഫ് ഇനി അടിപൊളി

കേരള പൊലീസിലെ ഡി കമ്മീഷന്‍ ചെയ്ത നായ്ക്കള്‍ക്കായാണ് ഈ സൗകര്യങ്ങളോടെ വിശ്രാന്തി കെ 9 റിട്ടയര്‍മെന്റ് സെല്‍ വരുന്നത്
മൂന്ന് മുറിയുള്ള കൂട്‌, ടിവി കാണാം, പാട്ട് കേള്‍ക്കാം, കളിക്കാം; പൊലീസ് നായ്കളുടെ റിട്ടയര്‍മെന്റ് ലൈഫ് ഇനി അടിപൊളി

തൃശൂര്‍: കേരള പൊലീസിന് മുതല്‍ക്കൂട്ടായിരുന്ന നായ്ക്കളുടെ റിട്ടയര്‍മെന്റ് ലൈഫ് കണ്ടാല്‍ ആര്‍ക്കുമൊന്ന് അസൂയ തോന്നിപ്പോകും...ഒഴിവ് സമയം ചിലവഴിക്കാന്‍ കളിക്കളവും, കളിപ്പാട്ടങ്ങളും, ടിവിയും, രണ്ട് നേരം മുട്ടയും മാംസവും ഉള്‍പ്പെടുന്ന ഭക്ഷണം, താമസിക്കാനോ...മൂന്ന് മുറിയുള്ള കൂട്. കേരള പൊലീസിലെ ഡി കമ്മീഷന്‍ ചെയ്ത നായ്ക്കള്‍ക്കായാണ് ഈ സൗകര്യങ്ങളോടെ വിശ്രാന്തി കെ 9 റിട്ടയര്‍മെന്റ് സെല്‍ വരുന്നത്. 

രാജ്യത്ത് ആദ്യമായാണ് ഡി കമിഷന്‍ ചെയ്ത നായ്ക്കള്‍ക്ക് വേണ്ടി ഇങ്ങനെയൊരു വിശ്രമ കേന്ദ്രം വരുന്നത്. ലോകത്ത് തന്നെ ഇത് അപൂര്‍വവും. പൊലീസ് ശ്വാനസേനയിലെ കാരണവന്മാരായ ഏഴ് നായ്ക്കളാണ് വിശ്രാന്തിയിലേക്ക് ആദ്യമെത്തുക. തൃശൂര്‍ സിറ്റി, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതം നായ്ക്കളും, മലപ്പുറം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്ന് ഓരോ നായ്ക്കള്‍ വീതവും ഇവിടേക്കെത്തും. 

35 ലക്ഷം രൂപയോളം ചിലവഴിച്ചാണ് വിശ്രാന്ത് ഒരുക്കിയത്. പകലം രാത്രിയുമായി നായ്ക്കള്‍ക്ക് വിശ്രമിക്കാന്‍ പ്രത്യേകം മുറികളുണ്ട്. നൂറ് ചതിരശ്രയടി വിസ്താരമുള്ള മൂന്ന് മുറികളുള്ള കൂടുകളാണ് ഓരോ നായ്ക്കും ലഭിക്കുക. ശൗചാലയമായി ഉപയോഗിക്കാന്‍ പാകത്തില്‍ വേറെ മുറിയുമുണ്ട്. കൂടുകള്‍ സ്വയം വെള്ളമെത്തിക്കുന്ന വിധത്തില്‍ പൈപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. 

20 നായ്ക്കളെ വരെ ഒരേ സമയം ഇവിടെ പാര്‍പ്പിക്കാം. ഫാനും, കൊതുക് ശല്യം ഒഴിവാക്കാനുള്ള സംവിധാനവും കൂടുകളില്‍ ഒരുക്കിയിട്ടുണ്ട്.പരിശീലന സമയത്ത് തന്നെ നായ്ക്കളെ പാട്ടുകേള്‍പ്പിക്കുക പതിവാണ്. പാട്ട് നായ്ക്കളെ ഊര്‍ജസ്വലരാക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഇത്. ടിവിയും, വിവിധ തരം പന്തുകളും, പ്രത്യേകം തയ്യാറാക്കിയ വടങ്ങള്‍ എന്നിവയും ഇവിടെ തയ്യാറാണ്...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com