ഇന്ത്യയിലെ ഒടുവിലത്തെ ഓറങ്ങുട്ടാനും വിട പറഞ്ഞു

പുണെയില്‍ കൊണ്ടു വന്നതിന് ശേഷം ഒറ്റയ്ക്കായിരുന്നു ഇത്രയും കാലം ബിന്നി ജീവിച്ചത്.
ഇന്ത്യയിലെ ഒടുവിലത്തെ ഓറങ്ങുട്ടാനും വിട പറഞ്ഞു

ഒഡിഷ: ഇന്ത്യയില്‍ ജീവിച്ചിരുന്ന അവസാനത്തെ ഓറങ്ങുട്ടാന്‍ ചത്തു. പ്രായാധിക്യം മൂലമുള്ള അവശതകള്‍ മൂലമാണ് ബിന്നി എന്ന അവസാനത്തെ ഓറങ്ങൂട്ടാന്‍ ചകത്തത്. ഒഡീഷയിലെ നന്ദന്‍കാനന്‍ മൃഗശാലയിലായിരുന്നു 41 കാരിയായ ബിന്നി ഇത്രയും കാലം ജീവിച്ചത്. 

ദഹന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് കുറച്ച് നാളായി അവശതകള്‍ അനുഭവിച്ചിരുന്നു ബിന്നി. കൂടാതെ തൊണ്ടയിലെ പഴുപ്പും ഇതിന്റെ ആരോഗ്യനില വഷളാക്കി. ബുധനാഴ്ചയായിരുന്നു അന്ത്യം. 16 വര്‍ഷത്തെ ഏകാന്തവാസത്തിനൊടുവിലാണ് ഓറങ്ങൂട്ടാന്‍ ചത്തത്.

2003ല്‍ പുണെയിലെ രാജീവ് ഗാന്ധി മൃഗശാലയില്‍ നിന്നും ഒഡിഷയിലെത്തിയതാണ് ബിന്നി.  അന്ന് ബിന്നിക്ക്‌ 25 വയസായിരുന്നു പ്രായം. സിംഗപ്പൂരില്‍ നിന്നാണ് ബിന്നി പുണെയിലെത്തിയത്. കഴിഞ്ഞ ഒരു വര്‍ഷമായി ബിന്നി ചികിത്സയിലായിരുന്നു. ബ്രിട്ടനിലേയും സിംഗപ്പൂരിലേയും ഒറാങ്ങുട്ടാന്‍ ചികിത്സാ വിദഗ്ധരുമായി ബന്ധപ്പെട്ടായിരുന്നു ചികിത്സ. 

പുണെയില്‍ കൊണ്ടു വന്നതിന് ശേഷം ഒറ്റയ്ക്കായിരുന്നു ഇത്രയും കാലം ബിന്നി ജീവിച്ചത്. ആണ്‍ ഒറാങ്ങുട്ടാനെ എത്തിക്കാനുളള മൃഗശാലാ അധികൃതരുടെ ശ്രമങ്ങള്‍ ഫലം കാണാതെ പോവുകയായിരുന്നു. 

വംശനാശഭീഷണി നേരിട്ട് കൊണ്ടിരിക്കുന്ന ജീവി വര്‍ഗമാണ് ഒറാങ്ങുട്ടാന്‍. ബോര്‍മിയോയിലേയും സുമാത്രയിലേയും മഴക്കാടുകളില്‍ മാത്രമാണ് ഇവ കാണപ്പെടുന്നത്. മിക്ക സമയങ്ങളിലും മരത്തിന് മുകളിലാണ് ഇവ സമയം ചെലവഴിക്കാറുളളത്. ചിമ്പാന്‍സികളില്‍ നിന്നും ഗൊറില്ലകളില്‍ നിന്നും വ്യത്യസ്തമായി ഇവയുടെ മുടി ചുവപ്പും തവിട്ടും കലര്‍ന്നതാണ്. വലുപ്പത്തിലും ഭാവത്തിലും ആണും പെണ്ണും വ്യത്യസ്തമായിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com