ഇറ്റാലിയന്‍ ദമ്പതികള്‍ ദത്തെടുത്തു; മുതിര്‍ന്നപ്പോള്‍ അമ്മയെ തേടി കേരളത്തില്‍, ആ കത്തുകളുടെ പിന്നാലെ അന്വേഷണം; മറ്റൊരു 'ഒരു ഇന്ത്യന്‍ പ്രണയകഥ'

മൂന്നരപതിറ്റാണ്ട് മുന്‍പ് കോഴിക്കോട്ടുള്ള അനാഥ മന്ദിരത്തില്‍ തന്നെ ഏല്‍പ്പിച്ച് എങ്ങോട്ടോ പോയ അമ്മയെ ഒടുവില്‍  നവ്യ സോഫിയ കണ്ടെത്തുകയായിരുന്നു
ഇറ്റാലിയന്‍ ദമ്പതികള്‍ ദത്തെടുത്തു; മുതിര്‍ന്നപ്പോള്‍ അമ്മയെ തേടി കേരളത്തില്‍, ആ കത്തുകളുടെ പിന്നാലെ അന്വേഷണം; മറ്റൊരു 'ഒരു ഇന്ത്യന്‍ പ്രണയകഥ'

കല്‍പ്പറ്റ: തന്നെ ഉപേക്ഷിച്ച മാതാപിതാക്കളെ തേടി കാനഡയില്‍ നിന്ന് കേരളത്തില്‍ എത്തുന്ന ഒരു പെണ്‍കുട്ടിയുടെ കഥയാണ് സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരു ഇന്ത്യന്‍ പ്രണയകഥ. മാതാപിതാക്കളെ കണ്ടെത്തുന്നതിനിടെയുളള രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഇപ്പോള്‍ സമാനമായ ഒരു അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും കഥയാണ് ഇറ്റാലിയന്‍ പൗരയായ നവ്യ സോഫിയ ഡൊറിഗാട്ടിക്ക് പറയാനുളളത്.

മൂന്നരപതിറ്റാണ്ട് മുന്‍പ് കോഴിക്കോട്ടുള്ള അനാഥ മന്ദിരത്തില്‍ തന്നെ ഏല്‍പ്പിച്ച് എങ്ങോട്ടോ പോയ അമ്മയെ ഒടുവില്‍  നവ്യ സോഫിയ കണ്ടെത്തുകയായിരുന്നു.  ഇപ്പോള്‍ വയനാട്ടില്‍ ഭര്‍ത്താവിനും കുട്ടികള്‍ക്കും ഒപ്പം താമസിക്കുകയാണ് നവ്യയുടെ അമ്മ. ഫോണിലാണ് നവ്യ അമ്മയെ ബന്ധപ്പെട്ടത്. അമ്മയുടെ ജീവിതത്തില്‍ താെനാരു പ്രശ്‌നമാകില്ലെന്നും ഈ മകള്‍ ഉറപ്പു നല്‍കി. ഒന്‍പതു വര്‍ഷം മുന്‍പു അമ്മയെത്തേടി ഭര്‍ത്താവിനൊപ്പം നവ്യ കേരളത്തിലെത്തിയത്. എന്നാല്‍ അന്ന് നിരാശയോടെ മടങ്ങി. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ തുടക്കമിട്ട  അന്വേഷണമാണ് അമ്മയിലേക്കുള്ള വഴി തുറന്നത്. 

ചേവായൂര്‍ പൊലീസ് സ്‌റ്റേഷനിലെ  സിവില്‍ പൊലീസ് ഓഫിസറായ റിജേഷ് പ്രമോദും ഈ അന്വേഷണത്തില്‍ നവ്യയ്‌ക്കൊപ്പം നിന്നു. 1984 മാര്‍ച്ച് 31ന് കോഴിക്കോട്ടുള്ള ഒരു അനാഥമന്ദിരത്തിലാണ് നവ്യ പിറന്നത്. കുട്ടിയെ അവിടെ ഏല്‍പിച്ച് അമ്മ മടങ്ങി. ഇതേ സ്ഥാപനത്തിനു കീഴിലുള്ള വയനാട്ടിലെ അനാഥമന്ദിരത്തിലാണു രണ്ടു വയസ്സുവരെ നവ്യ വളര്‍ന്നത്. അവിടെ വച്ച് ഇറ്റാലിയന്‍ ദമ്പതികളായ സില്‍വാനോ ഡൊറിഗാട്ടിയും തിസിയാനയും  ദത്തെടുത്തതോടെ നവ്യ ഇറ്റാലിയന്‍ പൗരയായി.

തനിക്കെന്താണു മാതാപിതാക്കളുടെ നിറം കിട്ടാത്തതെന്നു ചോദിച്ച ഒന്‍പതു വയസ്സുകാരിയോടു ഇറ്റാലിയന്‍ ദമ്പതികള്‍ തന്നെയാണ് ഈ ദത്തെടുക്കലിന്റെ കഥ പറഞ്ഞത്. നവ്യയുടെ സുഖവിവരങ്ങള്‍ തിരക്കി വയനാട്ടിലെ അനാഥമന്ദിരത്തില്‍ നിന്നു ഇറ്റലിയിലേക്കു കത്തുകളെത്താറുണ്ടായിരുന്നു. ആ കത്തുകളുടെ പിന്നാലെ നടത്തിയ അന്വേഷണമാണ് 9 വര്‍ഷം മുന്‍പ് നവ്യയെ വയനാട്ടിലെത്തിച്ചത്.
പക്ഷേ, തന്റെ അമ്മയുടെയും മുത്തശ്ശിയുടെയും പേരുകളും ജനനത്തീയതിയും മാത്രമാണു നവ്യയ്ക്കു ലഭിച്ചത്.  കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അനാഥമന്ദിരം നടത്തിപ്പുകാര്‍ക്കും പരിമിതികളുണ്ടായിരുന്നു.  വിവാഹിതയായി ഭര്‍ത്താവിനും രണ്ടു പെണ്‍മക്കള്‍ക്കുമൊപ്പം ഇറ്റലിയിലെ ട്രന്റോ നഗരത്തില്‍ താമസിക്കുന്ന നവ്യ ഈ വര്‍ഷം ജൂലൈയിലാണു   സമൂഹമാധ്യമങ്ങളിലൂടെ  അമ്മയ്ക്കായുള്ള അന്വേഷണം വീണ്ടും ആരംഭിച്ചത്. 

തന്നെക്കുറിച്ചുളള കുറിപ്പും ചെറുപ്പം മുതലുള്ള ചിത്രങ്ങളും ചേര്‍ത്തു തയാറാക്കിയ ലഘുവിഡിയോ മലയാളികള്‍ അംഗങ്ങളായ ഫെയ്‌സ്ബുക് ഗ്രൂപ്പുകളിലെല്ലാം പോസ്റ്റു ചെയ്തു. ഇതു ശ്രദ്ധയില്‍പെട്ട റിജേഷ് നവ്യയെ സഹായിക്കിനിറങ്ങുകയായിരുന്നു. കോഴിക്കോട്ട് അനാഥമന്ദിരങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് നവ്യയുടെ അമ്മയെ റിജേഷ് കണ്ടെത്തിയത്. ഇവര്‍ക്ക് നവ്യയുമായി സംസാരിക്കാനുള്ള അവസരമൊരുക്കി. 

അമ്മ ഇപ്പോള്‍ മോശം അവസ്ഥയിലാണെങ്കില്‍ സഹായിക്കാനും പറ്റുമെങ്കില്‍ ഇറ്റലിയിലേക്കു കൊണ്ടുപോകാനുമാണ് ആഗ്രഹിച്ചതെന്നു നവ്യ പറയുന്നു.' എന്നാല്‍ വിവാഹത്തിനു മുന്‍പ് ഇങ്ങനെയൊരു മകള്‍ ഉണ്ടെന്നു പുറത്തറിയുന്നതാകും ഇപ്പോള്‍ അമ്മയ്ക്ക് ഏറ്റവും വലിയ ബുദ്ധിമുട്ടാവുക. ആ അവസ്ഥ ഞാന്‍ മനസ്സിലാക്കുന്നു.അധികം വൈകാതെ ഞാന്‍ കേരളത്തിലേക്കു വരും. അമ്മയെ കാണാനല്ല,  അമ്മയെത്തേടിയുള്ള യാത്രയില്‍ എന്നെ സഹായിച്ചവരെ കാണാന്‍'-നവ്യ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com