ഏഴ് വര്‍ഷമായി തെരുവ് നായകളുടെ വിശപ്പടക്കുന്നു ഈ മനുഷ്യന്‍; സഹജീവി സ്‌നേഹത്തിന്റെ മറ്റൊരു മാതൃക കൂടി

സഹ ജീവി സ്‌നേഹത്തെക്കുറിച്ച് വലിയ വലിയ വചകങ്ങള്‍ നാമൊക്കെ പറയാറുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്തനാണ് ആന്റണിച്ചേട്ടന്‍
ഏഴ് വര്‍ഷമായി തെരുവ് നായകളുടെ വിശപ്പടക്കുന്നു ഈ മനുഷ്യന്‍; സഹജീവി സ്‌നേഹത്തിന്റെ മറ്റൊരു മാതൃക കൂടി

കൊച്ചി: സിവി ആന്റണി എന്ന 70 വയസ് കഴിഞ്ഞ ഈ മനുഷ്യന്‍ പുലര്‍ച്ചെ 3.30 മുതല്‍ തന്റെ ഒരു ദിവസത്തെ പ്രവര്‍ത്തി ആരംഭിക്കുന്നു. സഹ ജീവി സ്‌നേഹത്തെക്കുറിച്ച് വലിയ വലിയ വചകങ്ങള്‍ നാമൊക്കെ പറയാറുണ്ടെങ്കിലും അതില്‍ നിന്ന് വ്യത്യസ്തനാണ് ആന്റണിച്ചേട്ടന്‍. ലാഭേഛയില്ലാതെ, വിട്ടുവീഴ്ച വരുത്താതെ തന്റെ പ്രവര്‍ത്തിയില്‍ അദ്ദേഹം മുഴുകുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി കൊച്ചിയിലെ വെണ്ണല- ജനത റോഡിലെ തെരുവ് നായകളുടെ അന്ന ദാതാവാണ് ആന്റണിച്ചേട്ടന്‍. 

വെണ്ണലയിലെ ഫ്രന്റ്‌സ് ലൈനില്‍ താമസിക്കുന്ന ആന്റണിച്ചേട്ടന്‍ പുലര്‍ച്ചെ 3.30ന് എഴുന്നേറ്റ് കുറെ ചിക്കന്‍ കഷ്ണങ്ങള്‍ മഞ്ഞള്‍പ്പൊടി ഇട്ട് വേവിച്ചെടുക്കുന്നു. പിന്നെ മറ്റൊരു പാത്രത്തില്‍ ചോറും. നാല് മണിക്ക് ഇവ പ്ലാസ്റ്റിക്ക് പാക്കറ്റുകളില്‍ നിറയ്ക്കുന്നു. ഷേവിങും കുളിയും കഴിഞ്ഞ് അന്റണിച്ചേട്ടന്‍ 4.45ന് ഇവയെല്ലാമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങും. 

വെണ്ണല- ജനത റോഡില്‍ ആന്റണിച്ചേട്ടന്‍ എത്തുമ്പോള്‍ പലയിടങ്ങളില്‍ നിന്നായി നായകള്‍ അദ്ദേഹത്തിനരികിലെത്തിയിട്ടുണ്ടാകും. കൊണ്ടു വന്ന ഭക്ഷണം അദ്ദേഹം അവയ്ക്ക് നല്‍കുന്നു. കൈയില്‍ കരുതിയ ബിസ്‌ക്കറ്റുകളും നല്‍കും. ബിസ്‌ക്കറ്റ് നായകള്‍ക്ക് വലിയ ഇഷ്ടമാണെന്ന് ആന്റണിച്ചേട്ടന്‍. ആന്റണിച്ചേട്ടന്‍ നല്‍കുന്ന ഭക്ഷണം കഴിച്ച നായകളെല്ലാം വാലാട്ടി തങ്ങളുടെ സ്‌നേഹം അദ്ദേഹത്തോട് പ്രകടിപ്പിക്കാറുണ്ട്. 

530ന് അദ്ദേഹം നേരെ ആലിന്‍ച്ചുവട് വന്ന് ബസ് കയറി നേരെ കലൂര്‍ സെന്റ് ആന്റണി പള്ളിയില്‍ പോയി പ്രാര്‍ത്ഥിക്കും. അതിന് ശേഷം കലൂര്‍ മാര്‍ക്കറ്റില്‍ പോയി രവിയുടെ കടയില്‍ നിന്ന് നല്ല ചിക്കന്‍ കഷ്ണങ്ങള്‍ വാങ്ങും. 

തിരിച്ച് എട്ട് മണിയോടെ വീണ്ടും ആലിന്‍ച്ചുവട്ടില്‍ തന്നെ എത്തുന്ന ആന്റണിച്ചേട്ടനെ കാത്ത് നായകളുടെ മറ്റൊരു സംഘമുണ്ടാകും അവിടെ. അവയ്ക്കും ഭക്ഷണം നല്‍കിയ ശേഷം തന്റെ വീട്ടില്‍ തിരിച്ചെത്തി വീട്ടിലെ വലിയ മാവിന്റെ ചുവട്ടില്‍ ക്ഷീണം മാറ്റാനായി നീണ്ടു നിവര്‍ന്നിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് സംതൃപ്തിയുടെ പുഞ്ചിരി വിടരും. 

ഒരു യാത്രക്കിടെ കണ്ട പൊള്ളിക്കുന്ന കാഴ്ചയാണ് ഇത്തരമൊരു നന്മയുള്ള പ്രവര്‍ത്തിയിലേക്ക് എത്തിപ്പെടാന്‍ കാരണമെന്ന് ആന്റണിച്ചേട്ടന്‍ പറയുന്നു. ഏഴ് വര്‍ഷം മുന്‍പ് പാലാരിവട്ടം ബൈപ്പാസില്‍ രാവിലെ ചാലക്കുടിക്കുള്ള ബസ് കാത്ത് നില്‍ക്കുമ്പോള്‍ വിഗലാംഗനും എല്ലും തോലും മാത്രമായ ഒരു നായയെ ആന്റണിച്ചേട്ടന്‍ കണ്ടു. ഒറ്റ നോട്ടത്തില്‍ തന്നെ അത് വളരെയേറെ ക്ഷീണിച്ചിട്ടുണ്ടായിരുന്നു. 

വൈകീട്ട് അഞ്ച് മണിക്ക് പാലാരിവട്ടത്ത് ബസിറങ്ങിയപ്പോള്‍ ആന്റണിച്ചേട്ടന്‍ ഞെട്ടി. ആ നായ അവിടെ തന്നെയുണ്ടായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള തട്ടുകടയില്‍ നിന്ന് ഒരു പ്ലേറ്റ് ഓംലെറ്റ് വാങ്ങി അദ്ദേഹം ആ സാധു മൃഗത്തിന് നല്‍കി. നായ ഓംലെറ്റ് തിന്നുന്നത് കണ്ടപ്പോള്‍ അദ്ദേഹത്തിന് ബോധ്യപ്പെട്ടു ദിവസങ്ങളായി നായ പട്ടിണിയാണെന്ന കാര്യം. തനിക്ക് കൃതജ്ഞതയുടെ മഹത്വം ആ നായ മനസിലാക്കി തന്നതായി ആന്റണിച്ചേട്ടന്‍ പറയുന്നു. 

പിന്നീട് ആ നയയെ അദ്ദേഹം തന്റെ വീട്ടിലേക്ക് കൊണ്ടു വന്നു. എന്നാല്‍ വീട്ടില്‍ അദ്ദേഹം വളര്‍ത്തുന്ന ലാബ്രഡോറും മറ്റൊരു നാടന്‍ ഇനത്തില്‍പ്പെട്ട നായയും പുതിയ അതിഥിയെ ഉള്‍ക്കൊള്ളാന്‍ തയ്യാറായില്ല. അവര്‍ പുതിയതായി എത്തിയ നായയെ ആക്രമിച്ചു. തങ്ങളുടെ ഉടമസ്ഥന്റെ സ്‌നേഹം മറ്റൊരു നായക്ക് ലഭിക്കുന്നത് അവര്‍ക്കിഷ്ടമില്ലായിരുന്നു എന്ന് തോന്നുന്നു. ആന്റണിച്ചേട്ടന്‍ പറഞ്ഞു. 

പിന്നീട് ഒരു മാസത്തിന് ശേഷം ആ നായയെ വീണ്ടും പാലാരിവട്ടത്ത് കണ്ടു. എന്നാല്‍ മറ്റൊരാള്‍ ആ നായക്ക് ദിവസവും ആഹാരം നല്‍കുന്ന കാര്യം നാട്ടുകര്‍ പറഞ്ഞപ്പോള്‍ വളരെ സന്തോഷം തോന്നിയാതായി ആന്റണിച്ചേട്ടന്‍ വ്യക്തമാക്കി. 

ആലിന്‍ച്ചുവട്ടില്‍ ദിവസം ഭക്ഷണം കഴിക്കാന്‍ എത്തുന്ന ഒരു നായക്ക് ഒരിക്കല്‍ വാഹനാപകടത്തില്‍ പരുക്കേറ്റു. അതിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ഇഞ്ചക്ഷനടക്കം നല്‍കിയെങ്കിലും നായയെ രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം നിരാശയോടെ പറഞ്ഞു. 

ആന്റണിച്ചേട്ടന്റെ പ്രവര്‍ത്തി മഹത്തരമാണെന്ന് വെണ്ണല മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എംബി മുരളീധരന്‍ പറഞ്ഞു. എന്നാല്‍ ഈ മേഖലയില്‍ തെരുവ് പട്ടികളുടെ ശല്യം വര്‍ധിക്കുന്നുണ്ട്. സമീപകാലത്ത് ഒരു കൊച്ചു കുട്ടിയെ പട്ടി കടിച്ചതായും മുരളീധരന്‍ വ്യക്തമാക്കി. 

വിശപ്പ് സഹിക്കാന്‍ കഴിയാതെ വരുമ്പോഴാണ് തെരുവ് നായകള്‍ മനുഷ്യനെ ആക്രമിക്കുന്നതെന്ന് ആന്റണിച്ചേട്ടന്‍ പറയുന്നു. കലൂര്‍ മാര്‍ക്കറ്റിന് സമീപത്തൊക്കം ധാരാളം തെരുവ് നായകളുണ്ടെങ്കിലും അവയൊന്നും അക്രമ സ്വഭാവം കാട്ടുന്നില്ല. കാരണം അവിടെ നിന്ന് അവയ്ക്ക് ധാരാളം ഭക്ഷണം കിട്ടുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com