കിണറിനുളളില്‍ 10 അടി നീളമുളള 'കൂറ്റന്‍' രാജവെമ്പാല; പിടികൂടി വാവ സുരേഷ് (വീഡിയോ) 

പിടികൂടിയ 3 വയസ്സോളം പ്രായം വരുന്ന രാജവെമ്പാലയെ തെന്‍മലയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഉള്‍വനത്തില്‍ തുറന്നുവിട്ടു
കിണറിനുളളില്‍ 10 അടി നീളമുളള 'കൂറ്റന്‍' രാജവെമ്പാല; പിടികൂടി വാവ സുരേഷ് (വീഡിയോ) 

കൊല്ലം: പാമ്പുപിടിത്തം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മലയാളിയുടെ മനസിലേക്ക് ഓടിവരുന്ന പേരാണ് വാവ സുരേഷ്. വിഷമുളളതും അല്ലാത്തതുമായ പാമ്പുകളെ പിടികൂടി നാട്ടുകാരുടെ ഭീതിക്ക് പരിഹാരം കണ്ടാണ് വാവ സുരേഷ് അറിയപ്പെട്ടത്. ഇപ്പോള്‍ 170-ാമത്തെ രാജവെമ്പാലയേയും പിടികൂടിയിരിക്കുകയാണ് വാവ സുരേഷ്.

കൊല്ലം ജില്ലയിലെ തെന്മലയില്‍ നിന്നുമാണ് ഇതിനെ പിടികൂടിയത്. ഏകദേശം 10 അടിയിലേറെ നീളമുളള പെണ്‍ രാജവെമ്പാല കടുവാകലങ്ങ് ചാരുവിള പുത്തന്‍ വീട്ടില്‍ അനിയുടെ വീട്ടിലെ കിണറ്റിനുള്ളിലാണ് പതുങ്ങിയിരുന്നത്. നാലാം തീയതി വൈകിട്ട് 4 മണിയോടുകൂടിയാണ് കിണറിനുള്ളില്‍ പതുങ്ങിയിരുന്ന രാജവെമ്പാലയെ ചെറിയ തോട്ടിയുപയോഗിച്ച് പുറത്തെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

പിടികൂടിയ 3 വയസ്സോളം പ്രായം വരുന്ന രാജവെമ്പാലയെ തെന്‍മലയില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഉള്‍വനത്തില്‍ തുറന്നുവിട്ടു.രാജവെമ്പാലകളുടെ സ്വാഭാവിക ആവാസസഥലത്താണ് ഇവയെ തുറന്നുവിടുന്നത്.

തന്റെ പാമ്പു പിടിത്ത ജീവിതത്തിനിടയില്‍ ആദ്യമായാണ് ഒരു രാജവെമ്പാലയെ കിണറിനുള്ളില്‍ നിന്നും പിടികൂടുന്നതെന്ന് വാവ സുരേഷ് വ്യക്തമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ കൊല്ലം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ഏകദേശം 15നും 20നും ഇടയില്‍ രാജവെമ്പാലകളെയാണ് പിടികൂടിയത്. പത്തനംതിട്ട ജില്ലയില്‍ നിന്നാണ് ഏറ്റവുമധികം രാജവെമ്പാലകളെ പിടികൂടിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com