'മനസ്സിനെ പറ്റി തിരുത്തേണ്ട ചില ധാരണകള്‍ ഉണ്ട്, ജീവിതം സങ്കീര്‍ണ്ണമല്ല'; കുറിപ്പ്

പറയാനും കേള്‍ക്കാനും കൂടെ ഒരാള്‍ ഉണ്ടെങ്കില്‍ ആത്മഹത്യ ചെയ്യാനുളള പ്രവണത കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍
'മനസ്സിനെ പറ്റി തിരുത്തേണ്ട ചില ധാരണകള്‍ ഉണ്ട്, ജീവിതം സങ്കീര്‍ണ്ണമല്ല'; കുറിപ്പ്

കൊച്ചി:  കേരളത്തില്‍ ഓരോ വര്‍ഷവും ആത്മഹത്യാനിരക്ക് വര്‍ധിച്ചുവരികയാണ്. പലപ്പോഴും ഒറ്റപ്പെടലുകളാണ് ആത്മഹത്യയിലേക്ക് തളളിവിടുന്നത്. പറയാനും കേള്‍ക്കാനും കൂടെ ഒരാള്‍ ഉണ്ടെങ്കില്‍ ആത്മഹത്യ ചെയ്യാനുളള പ്രവണത കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ ഈ വിഷയത്തില്‍ കൗണ്‍സിലറും സൈക്കോളജിസ്റ്റുമായ കല മോഹന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്.

കുറിപ്പിന്റെ പൂര്‍ണരൂപം

ആത്മഹത്യ ചെയ്യാന്‍ തോന്നുന്നു എന്നുള്ള മെസ്സേജുകള്‍ സൈക്കോളജി, സൈക്കിയാട്രിസ്‌റ് ഉദ്യോഗത്തില്‍ ഇരിക്കുന്നവര്‍ക്ക് ദിവസേന കിട്ടുന്ന ഒന്നാണ്

.. ഔദ്യോഗികമായ തിരിക്കില്‍ മെസ്സേജുകള്‍ തട്ടിപ്പാണോ, യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ആണോ എന്നൊക്കെ ചികയാന്‍ ബുദ്ധിമുട്ടാണ്..

കേരളത്തില്‍, ഓരോ വര്‍ഷവും നിരക്ക് കൂടി വരിക ആണല്ലോ..
കൂടുതലായി കാണപ്പെടുന്നത്
രണ്ടു കൂട്ടരാണ്..
വേനലും മഴയും, രാവും പകലും ഒന്നുമറിയാതെ പ്രണയത്തില്‍ മുങ്ങി കുളിച്ചവരും
ജീവിതത്തില്‍ ഒറ്റപെട്ടവരും...

ആത്മാവ് വിറ്റു തുലച്ചു യത്തീം ആയവര്‍.. നട്ടുച്ചയ്ക്ക് ഇരുട്ടായവര്‍..

ആത്മഹത്യ എന്നത് കുത്തക ആണെന്നാണ് ഇവരുടെ അഹങ്കാരം..
വേദനകളെ ചൊറിഞ്ഞു പുണ്ണാക്കുന്ന സമൂഹം അവരെ ജന്മം കൊണ്ടും ജീവിതം കൊണ്ടും പരാജിതര്‍ എന്ന് ചിന്തിപ്പിക്കാന്‍ സദാ ശ്രമിച്ചു കൊണ്ടേ ഇരിക്കും..
അവരെക്കാള്‍ സ്ഥിരബുദ്ധി,
ഭ്രാന്ത് എന്ന് പേരിട്ടവര്‍ പോലും കാണിക്കാറുണ്ട്..

മനസ്സിനെ പറ്റി തിരുത്തേണ്ട ചില ധാരണകള്‍ ഉണ്ട്..
ജീവിതം സങ്കീര്‍ണമാണ് എന്ന് ചിന്തിക്കാതിരിക്കുക..
അതിനെ ആഴത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാതെ നോക്കുക..

യുദ്ധത്തിന്റെ കാഠിന്യം അറിഞ്ഞ ഒരുവളുടെ കുറിപ്പ് തന്നെയാണ്..
മനഃശാസ്ത്ര വിഷയം പഠിച്ചിട്ട് പോലും പല തവണ മനസ്സ് കൈവിട്ടു പോകുമോ എന്ന് ഭയന്ന് പോയ ഒരുവള്‍.. ഞാന്‍ !

എനിക്ക് ആരുമില്ല, ഞാന്‍ ആരുടെയും ആരുമല്ല എന്ന ചിന്ത ആയിരുന്നു ആ കാലത്തെ ദുഃസ്വപ്നം..
കൂടെ ഉള്ളാരൊക്ക, അവര്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമാണ് വികാരം കൊണ്ടത്..
അപ്പോഴത്തെ മുഖഭാവങ്ങള്‍, ആംഗ്യങ്ങള്‍, ഭാവവ്യത്യാസം ഒന്നും ഞാന്‍ സംസാരിക്കുമ്പോ ഇല്ല..
ശിലാ പ്രതിമകളായി, നിശ്ചലരായി, നിര്‍വ്വികാരരായി നില്‍ക്കും, ഇരിക്കും, കിടക്കും..
അവരുടെ സ്വാര്‍ത്ഥത മാത്രമാണ് അകൃത്രിമമായി, അനായാസമായി പ്രകടിപ്പിച്ചത്..
പക്ഷെ, ഞാനും അവരില്‍ ഒരാള്‍ തന്നെയാണല്ലോ എന്ന ചിന്തയില്‍ പിന്നെ അതിജീവിച്ചു..

എന്റെ ജീവിത വഴികളെ ഓര്‍ത്തു ഞാന്‍ അത്ഭുതപെടാറുണ്ട്..
പക്ഷെ, അത് തന്നെയാ എന്റെ പാഠപുസ്തകം..
ജീവിതം തീര്‍ന്നു എന്ന് തോന്നിയ ഇടത്ത് നിന്നും ഉയര്‍ത്തി എഴുന്നേല്‍പ്പിച്ച എന്റെ ചങ്കുറ്റത്തോടും,
കാണപ്പെടാത്ത ദൈവങ്ങളോടും കണ്ട സ്‌നേഹത്തിനും നന്ദി...

സങ്കടം കേള്‍ക്കാന്‍ ഒരാളുണ്ടാകുക എന്നത് എത്ര വലിയ കാര്യമാണെന്ന് തിരിച്ചറിഞ്ഞ കാലം.. അറിയാം, ആ വേദന...
കൊടുംകാട്ടില്‍ വഴി തെറ്റിയവരെ പോല്‍ പകച്ചു നില്കുമ്പോ ഒരു ആശ്രയം വേണം..

മറ്റൊന്നുമല്ല, ഒരു ശ്രോതാവ്..
കേള്‍ക്കാന്‍ ഒരാളുണ്ടാകുക..

മൊബൈല്‍ ഫോണില്‍ കൂടി ആണേല്‍,നേര്‍ക്കു നേര്‍ മുഖം കാണുമ്പോള്‍ ഉള്ള കോംപ്ലക്‌സ് ഒഴിവാക്കാം.. പക്ഷെ സമയം ഉള്ളവര്‍ ആകണം..

പ്രായമായ ആളുകളുടെ ഒറ്റപ്പെടല്‍ ഒരു മുഖ്യ പ്രശ്‌നമാണല്ലോ..
റിട്ടയര്‍ ചെയ്തു, ഒന്നും ചെയ്യാന്‍ ഇല്ലാതെ വിരസത അനുഭവപെട്ടു ഇരിക്കുന്നവര്‍ക്ക്, ഇത്തരം സേവനം ഒരു ആശ്വാസം ആകും..

എന്ത് കൊണ്ട്, അവരെ ഒക്കെ ഉള്‍പ്പെടുത്തി
Helpline സര്‍വ്വീസുകള്‍ കൂടുതല്‍ പ്രാബല്യത്തില്‍ വന്നു കൂടാ?
പരിശീലനം കൊടുത്തു, ചെറുപ്പക്കാരെ കൂടി ഉള്‍പ്പെടുത്തി വോളന്റീര്‍മാരുടെ സേവനം ലഭ്യമാക്കി എടുത്തൂടെ?

Suicide പ്രതിരോധ ക്ലിനിക്കുകള്‍ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ സ്ഥാപിക്കണം..
സര്‍ക്കാര്‍ ഇതിനെ കുറിച്ചു പരസ്യത്തിലൂടെ ബോധവല്‍ക്കരണം നടത്തണം..
After care ഹോമുകള്‍, shelter ഹോമുകള്‍ ഒക്കെ ഇടയ്ക്ക് ഭരണാധികാരികള്‍ സന്ദര്‍ശിക്കണം..
വീട്ടിലെ പ്രശ്‌നങ്ങളില്‍ നിന്നും അങ്ങോട്ട് ചെല്ലുമ്പോള്‍ മാനസിക പിന്തുണ ആണ് ആദ്യം ഉറപ്പാക്കേണ്ടത്..

എങ്ങോട്ടെങ്കിലും ഇറങ്ങി പോകാന്‍ തോന്നുന്നു..
എങ്ങോട്ട് പോകാന്‍ !
അവസാനം സ്വയം അങ്ങ് തീര്‍ക്കാന്‍ തീരുമാനിക്കും...

എങ്ങോട്ടെങ്കിലും ഇറങ്ങി പോകാന്‍ തോന്നുന്നു എന്ന് പറയുന്നത് കേള്‍ക്കാന്‍ ആരെങ്കിലും വേണം..
ഒന്നോ രണ്ടോ ദിവസം, ഒന്ന് സമാധാനപ്പെട്ടു സുരക്ഷിതമായി ഉറങ്ങാന്‍ ഒരിടവും..
തിരിച്ചു പോകുമ്പോള്‍, ഉള്ളം ശാന്തമാകണം.
നിയമ രക്ഷ ആണ് അവിടെ മുഖ്യം..
ഒരുപാട് ആത്മഹത്യ നിരക്ക് കുറയും..
ഓരോ ജില്ലകളിലും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നെങ്കില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com