തെരുവ് നായയെന്ന് കരുതി സംരക്ഷിച്ചത് ചെന്നായക്കുഞ്ഞിനെ ; ഡിഎന്‍എ പരിശോധനയില്‍ വീണ്ടും ട്വിസ്റ്റ്

സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം വാന്‍ഡിയെ സ്വതന്ത്രമാക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനം
തെരുവ് നായയെന്ന് കരുതി സംരക്ഷിച്ചത് ചെന്നായക്കുഞ്ഞിനെ ; ഡിഎന്‍എ പരിശോധനയില്‍ വീണ്ടും ട്വിസ്റ്റ്

തെരുവ് നായയെന്ന് കരുതി സംരക്ഷിച്ചത് ചെന്നായക്കുഞ്ഞിനെ. ഓസ്‌ട്രേലിയയുടെ വടക്കന്‍ പ്രവിശ്യയായ വിക്ടോറിയയിലാണ് സംഭവം. വീടിന്റെ പൂന്തോട്ടത്തില്‍ ഒളിച്ചിരുന്ന ചെന്നായക്കുട്ടിയെ വീട്ടുടമയാണ് കണ്ടെത്തിയത്. തെരുവുനായക്കുട്ടിയാണെന്നാണ് ഇയാള്‍ കരുതിയത്. പിന്നീട് സംശയം തോന്നിയ വീട്ടുടമസ്ഥന്‍ മൃഗാശുപത്രിയില്‍ എത്തിയപ്പോഴാണ് നായ അല്ലെന്ന് തിരിച്ചറിഞ്ഞത്.

പിന്നീട് നടത്തിയ ഡിന്‍എ പരിശോധനയിലൂടെ ഇത് ഡിങ്കോ എന്നു വിളിക്കുന്ന അപൂര്‍വയിനം ഓസ്ട്രലിയന്‍ കാട്ടു ചെന്നായയാണെന്നും കണ്ടെത്തി. ഓസ്‌ട്രേലിയന്‍ ആല്‍പൈന്‍ ഡിങ്കോ എന്നറിയപ്പെടുന്ന ഗണത്തില്‍പ്പെട്ടതാണ് ഇതെന്നും ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായി. ഓസ്‌ട്രേലിയയിലെ വന്യജീവി സംരക്ഷകര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഏറെ സന്തോഷം നല്‍കുന്ന വാര്‍ത്തയായി മാറി ഡിങ്കോ കുട്ടിയെ ലഭിച്ചത്.

ഓസ്‌ട്രേലിയയില്‍ വംശനാശ ഭീഷണി നേരിടുന്ന ഏക ചെന്നായ വര്‍ഗമാണ് ഡിങ്കോ. ഡിങ്കോയുടെ സംരക്ഷണം ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ ഡിങ്കോ ഫൗണ്ടേഷന്‍ ഏറ്റെടുത്തിരിക്കുകയാണ്. ആഗസ്റ്റിലാണ് ഡിങ്കോയെ കിട്ടിയതെങ്കിലും ഇത് വന്യമൃഗമാണെന്ന് തിരിച്ചറിയുന്നതും ഇക്കാര്യം പുറം ലോകം അറിയുന്നതും നവംബര്‍ ആദ്യവാരത്തിലായിരുന്നു.

മൂന്ന് തരത്തിലുള്ള ഡിങ്കോകളാണ് ഓസ്‌ട്രേലിയയില്‍ കണ്ടു വരുന്നത്. ഇന്‍ലാന്‍ഡ്, ട്രോപിക്കല്‍, ആല്‍പൈന്‍ എന്നിവയാണ് ഇവ. വാന്‍ഡിഗോങ് മേഖലയില്‍ നിന്ന് കണ്ടെത്തിയതുകൊണ്ട് തന്നെ വാന്‍ഡി എന്നാണ് ഈ ചെന്നായ് കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. വിലമതിക്കാവാനാത്ത സ്വത്താണ് വാന്‍ഡി എന്ന് ഓസ്‌ട്രേലിയന്‍ ഡിങ്കോ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ലിന്‍ വാട്‌സണ്‍ പറഞ്ഞു. ഈ ആണ്‍ ചെന്നായ കുട്ടിയെ ഫൗണ്ടേഷന്റെ തന്നെ നിയന്ത്രണത്തിലുള്ള വന്യജീവി സങ്കേതത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. സ്വയം വേട്ടയാടാനുള്ള കരുത്താര്‍ജിച്ച ശേഷം വാന്‍ഡിയെ സ്വതന്ത്രമാക്കാനാണ് ഫൗണ്ടേഷന്റെ തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com