സിഗ്നല്‍ മത്സ്യം കേരള തീരത്ത്, ഏറെ പ്രത്യേകതകളുള്ള ഇനത്തെ ഇന്ത്യയില്‍ കണ്ടെത്തുന്നത് ആദ്യം

കേരള തീരത്ത് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍ നിന്നാണ് ട്രോളര്‍ ഉപയോഗിച്ച് സിഗ്നല്‍ മത്സ്യത്തെ കണ്ടെത്തിയത്
സിഗ്നല്‍ മത്സ്യം കേരള തീരത്ത്, ഏറെ പ്രത്യേകതകളുള്ള ഇനത്തെ ഇന്ത്യയില്‍ കണ്ടെത്തുന്നത് ആദ്യം

തിരുവനന്തപുരം: അപൂര്‍വ ഇനത്തില്‍പ്പെട്ട സിഗ്നല്‍ മത്സ്യത്തെ കേരള തീരത്ത് കണ്ടെത്തി. ഇന്ത്യന്‍ ആദ്യമായാണ് സിഗ്നല്‍ മത്സ്യത്തിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. 

കേരള തീരത്ത് 70 മീറ്റര്‍ താഴ്ചയുള്ള മണല്‍ത്തട്ടില്‍ നിന്നാണ് ട്രോളര്‍ ഉപയോഗിച്ച് സിഗ്നല്‍ മത്സ്യത്തെ കണ്ടെത്തിയത്. ഇന്ത്യയില്‍ നിന്ന് കണ്ടെത്തിയതിനാല്‍ ഇവയ്ക്ക് റ്റീറോപ്‌സാറോണ്‍ ഇന്‍ഡിക്കം എന്ന ശാസ്ത്രനാമമാണ് നല്‍കിയിരിക്കുന്നത്. 

കേരള സര്‍വകലാശാല അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി പ്രൊഫ എ ബിജുകുമാര്‍, അമേരിക്കയിലെ ഓഷ്യന്‍ സയന്‍സ് ഫൗണ്ടേഷനിലെ മത്സ്യഗവേഷകന്‍ ഡോ ബെന്‍ വിക്ടര്‍ എന്നിവര്‍ ചേര്‍ന്ന നടത്തിയ ഗവേഷണത്തിലെ വിവരങ്ങള്‍ ഓഷ്യന്‍ സയന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചു. 

സിഗ്നല്‍ മത്സ്യങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിപ്പമുള്ള കൂട്ടത്തില്‍പ്പെട്ടതിനെയാണ് കേരള തീരത്ത് നിന്ന് കണ്ടെത്തിയത്. ശരീരപാര്‍ശ്വങ്ങളില്‍ നീളത്തില്‍ തിളങ്ങുന്ന കടുത്ത മഞ്ഞ വരകളും, തലയുടെ ഭാഗത്ത് മഞ്ഞ അടയാളങ്ങളും, ആദ്യ മുതുക് ചിറകുകള്‍ വരെ നീളത്തില്‍ മുള്ളുകളും ഈ സിഗ്നല്‍ മത്സ്യത്തില്‍ കാണാം. 

ഇണയെ ആകര്‍ഷിക്കാന്‍ വേണ്ടി നീളമുള്ള മുതുകു ചിറകുകള്‍ ഇവ പ്രത്യേക രീതിയില്‍ ചലിപ്പിക്കും. ഇതുകൊണ്ടാണ് ഇവയെ സിഗ്നല്‍ മത്സ്യങ്ങള്‍ എന്ന് പറയുന്നത്. പവിഴപ്പുറ്റുകളുള്ള മേഖലകളില്‍ നിന്നാണ് സിഗ്നല്‍ മത്സ്യങ്ങളെ കണ്ടെത്തിയിരുന്നത്. കേരള തീരത്ത് സിഗ്നല്‍ മത്സ്യങ്ങളെ കണ്ടെത്തിയ ഇടങ്ങളിലും പവിഴപ്പുറ്റുകള്‍ കാണപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com