'എനിക്ക് കാൻസറാണെന്ന് അറിഞ്ഞപ്പോൾ അവർ സ്വത്ത് ചോദിച്ചെത്തി, വീട്ടിൽ വന്ന് അസഭ്യം പറഞ്ഞു'; ഒടുവിൽ തുണയായത് മകൾ മാത്രം; കുറിപ്പ് 

അമ്മയ്ക്ക് കാൻസറാണെന്ന് അറിഞ്ഞതിന് പിന്നാലെ സ്വത്തവകാശം ആവശ്യപ്പെടാൻ തുടങ്ങുകയായിരുന്നു ആൺമക്കൾ
'എനിക്ക് കാൻസറാണെന്ന് അറിഞ്ഞപ്പോൾ അവർ സ്വത്ത് ചോദിച്ചെത്തി, വീട്ടിൽ വന്ന് അസഭ്യം പറഞ്ഞു'; ഒടുവിൽ തുണയായത് മകൾ മാത്രം; കുറിപ്പ് 

ളയമകൾക്ക് 11 മാസം മാത്രം പ്രായമുള്ളപ്പോൾ ഭർത്താവ് മരിച്ച് ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുക്കേണ്ടിവന്ന കഥയാണ് ഈ അമ്മ പങ്കുവയ്ക്കുന്നത്. എഴുത്തും വായനയും അറിയാത്ത അവർ കൂലിവേലയ്ക്ക് പോയാണ് മക്കളെ വളർത്തിയത്. 'ഹ്യൂമൻസ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജിലാണ് ശ്രദ്ധേയമായ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. 

തന്റെ രണ്ട് ആൺമക്കൾ വളർന്ന് നല്ലനിലയിൽ എത്തുമ്പോൾ എല്ലാ പ്രശ്നങ്ങളും അവസാനിക്കുമെന്ന് കരുതിയിരുന്ന ആ അമ്മയെ കാത്തിരുന്നത് ആൺമക്കളുടെ സംരക്ഷണകരങ്ങളല്ല. അമ്മയ്ക്ക് കാൻസറാണെന്ന് അറിഞ്ഞതിന് പിന്നാലെ സ്വത്തവകാശം ആവശ്യപ്പെടാൻ തുടങ്ങുകയായിരുന്നു അവരിരുവരും. അന്നുമുതൽ കൈപിടിച്ച് തളർത്താതെ കൂട്ടിരുന്ന തന്റെ മകളെക്കുറിച്ചാണ് ഈ അമ്മയുടെ കുറിപ്പ്. 

കൂറിപ്പിന്റെ പൂർണരൂപം

എന്റെ രണ്ട് ആൺമക്കൾ സ്കൂളിൽ പഠിക്കുകയാണ്, പെൺകുട്ടിക്ക് പതിനൊന്ന് മാസം പ്രായം. അപ്പോഴാണ് ഭർത്താവിന്റെ മരണം. അദ്ദേഹം പൊലീസ് കോൺസ്റ്റബിൾ ആയിരുന്നു, അതുകൊണ്ട് വരുമാനം ഒരു പ്രശ്നമല്ലായിരുന്നു. പക്ഷേ ഒറ്റരാത്രി കൊണ്ട് എല്ലാം മാറിമറിഞ്ഞു. 

എനിക്കതിനോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഞാനൊരു വീട്ടമ്മയായിരുന്നു. പെട്ടെന്ന് വീടിന്റെ ഉത്തരവാദിത്തം എന്നിലായി. എനിക്ക് എഴുതാനോ വായിക്കാനോ അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ കൂലിപ്പണി മാത്രമേ എനിക്ക് കിട്ടുമായിരുന്നുള്ളൂ. വേറെ മാർഗ്ഗമൊന്നും ഇല്ലാത്തതിനാൽ എനിക്കത് തിരഞ്ഞെടുക്കേണ്ടി വന്നു. 

മാസം 215 രൂപയായിരുന്നു അന്ന് എന്റെ വരുമാനം. വീട് നോക്കിയിരുന്നതും കുട്ടികളുടെ ഫീസ് അടച്ചിരുന്നതും അതിൽ നിന്നാണ്. ഒരുപാട് കാലം ഇങ്ങനെ പോകാൻ പറ്റില്ലെന്ന് അന്നെനിക്ക് തോന്നിയിരുന്നു. പക്ഷെ ആൺമക്കളുടെ പഠനം കഴിഞ്ഞ് അവർക്ക് ജോലി കിട്ടിയാൽ ഇതെല്ലാം മാറുമെന്ന് ഞാൻ ആശ്വസിച്ചു. 

നാൽപ്പതു വർഷത്തോളം ഞാൻ കൂലിപ്പണി ചെയ്തു. എന്റെ മക്കൾക്ക് അവരാഗ്രഹിച്ച ജീവിതം കൊടുക്കാൻ സാധിച്ചു. അവർക്ക് അവരുടെ ചിലവുകൾ സ്വയം കണ്ടെത്താൻ കഴിയുന്ന ഘട്ടമെത്തിയപ്പോൾ ഞാൻ വിരമിച്ചു. വിരമിച്ച് രണ്ട് മാസം കഴിഞ്ഞപ്പോൾ മറ്റൊരു ദുരന്തമെത്തി. എനിക്ക് കാൻസർ ആണെന്ന് കണ്ടെത്തി. ഈ ലോകം അവസാനിക്കാൻ പോകുകയാണെന്നാണ് എനിക്ക് തോന്നിയത്. എന്റെ മക്കൾ ഇതറിഞ്ഞപ്പോൾ അവർ ഉത്തരവാദിത്തമേൽക്കാൻ തയ്യാറല്ലെന്നാണ് പറഞ്ഞത്. പകരം അവർ എന്റെ സമ്പാദ്യത്തിൽ നിന്ന് വിഹിതം ചോദിച്ചു. എന്നും വീട്ടിൽ വന്ന് എന്നോട് വഴക്കിടാനും അസഭ്യം പറയാനും തുടങ്ങി. 

അപ്പോഴാണ് എന്റെ മകൾ എനിക്കുവേണ്ടി മുന്നോട്ടുവന്നത്. ഭര്‍ത്താവിനോട് പറഞ്ഞ് എന്റെ സംരക്ഷണം ഏറ്റെടുക്കാൻ അവൾ തയ്യാറായി. അങ്ങനെയാണ് എന്റെ ചികിത്സ തുടങ്ങിയത്. മൂന്ന് വർഷത്തോളം ഞാൻ ചികിത്സയിലായിരുന്നു. ഇതിനിടയിൽ ഒരിക്കൽപ്പോലും അവൾ എനിക്കൊപ്പം അല്ലാതിരുന്നിട്ടില്ല. എനിക്കുവേണ്ടി ഭക്ഷണമുണ്ടാക്കി, എപ്പോഴും എനിക്കൊപ്പം ഇരിന്നു, ഞാൻ മരുന്ന് കഴിച്ചോ എന്ന് ഉറപ്പുവരുത്തി. എനിക്കൊപ്പം ഒരു തൂണ് പോലെ അവൾ ഉറച്ചുനിന്നു. 

എനിക്കിപ്പോൾ കാൻസറില്ല. ആരോഗ്യമുള്ള ജീവിതമാണ് എന്റേത്. എന്റെ മകളില്ലായിരുന്നെങ്കിൽ എനിക്കിത് സാധ്യമാകുമായിരുന്നില്ല. എന്റെ രണ്ട് ആൺമക്കളും എനിക്കുവേണ്ടി നിലകൊള്ളുമെന്ന് കരുതിയാണ് ഞാൻ ഇത്രയും നാൾ ജീവിച്ചത്. പക്ഷേ ഒരു മകളുള്ളതിന്റെ വില എനിക്കിന്ന് മനസ്സിലായി. നമ്മുടെ സമൂഹം അങ്ങനെയാണ്. കുടുംബത്തിലെ പുരുഷന്മാരിൽ നിന്ന് പലതും പ്രതീക്ഷിക്കും. പക്ഷെ എപ്പോഴും അത് നടക്കണമെന്നില്ല. ഇനി മുതൽ വീട്ടിലെ സ്ത്രീകളെ അഭിനന്ദിച്ചുതുടങ്ങാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com