ഒത്തുപിടിച്ചപ്പോള്‍ അശോകന്‍ കെട്ടി!; വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്...; പഴയ സഹപാഠികള്‍ ചേര്‍ന്ന് അമ്പതുകാരനായ സുഹൃത്തിനെ വിവാഹം കഴിപ്പിച്ച കഥ

പഴയ സഹപാഠികള്‍ ചേര്‍ന്ന് തങ്ങളുടെ 50കാരനായ കൂട്ടുകാരനെ വിവാഹം കഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടു!
കൂട്ടുകാര്‍ തയ്യാറാക്കിയ അശോകന്റെ വിവാഹ ക്ഷണക്കത്ത്‌
കൂട്ടുകാര്‍ തയ്യാറാക്കിയ അശോകന്റെ വിവാഹ ക്ഷണക്കത്ത്‌

ഴയ സഹപാഠികള്‍ ചേര്‍ന്ന് തങ്ങളുടെ 50കാരനായ കൂട്ടുകാരനെ വിവാഹം കഴിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കണ്ടു!
ജീവിതപ്രാരബ്ധങ്ങളില്‍പ്പെട്ട് വിവാഹം കഴിക്കാന്‍ മറന്നുപോയ കൂട്ടുകാരന് സഹപാഠികള്‍ കതിര്‍മണ്ഡപം ഒരുക്കി. പത്താംക്ലാസില്‍ ഒപ്പം പഠിച്ചവരാണ് അമ്പതുവയസ്സുകാരന്‍ അശോകനെ വിവാഹം കഴിപ്പിച്ചത്. വധുവിനെ കണ്ടെത്തിയതും കല്യാണത്തിന്റെ ചെലവ് വഹിച്ചതുമെല്ലാം സഹപാഠികള്‍ത്തന്നെ. ഇതിന് കാരണമായതാകട്ടെ ഒരു പൂര്‍വവിദ്യാര്‍ഥിസംഗമവും.

മാമബസാര്‍ തെക്കുംതല പരേതനായ കുഞ്ഞപ്പന്റെ മകനാണ് അശോകന്‍. ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ 1983-84 എസ്.എസ്.എല്‍.സി. ബാച്ചിന്റെ പൂര്‍വവിദ്യാര്‍ഥി സംഗമം ജൂലായ് 21ന് സ്‌കൂളില്‍ നടന്നിരുന്നു. സ്‌കൂള്‍വിട്ടശേഷം ആദ്യമായി നടന്ന ഒത്തുചേരലിനെത്തിയവരില്‍ അശോകന്‍ ഒഴികെ എല്ലാവരും വിവാഹിതരായിരുന്നു. ചിലര്‍ക്ക് പേരക്കുട്ടികളുമായി. 140 പേര്‍ പങ്കെടുത്ത സംഗമത്തില്‍ ഒറ്റത്തടിയായി ഉണ്ടായിരുന്നത് അശോകന്‍ മാത്രം.

ചെറുപ്പത്തില്‍ അച്ഛനും 15 വര്‍ഷംമുമ്പ് അമ്മയും മരിച്ച അശോകന്റെ വിവാഹം നടത്തിക്കൊടുക്കണമെന്നത് സംഗമത്തിന്റെ ആശയമായിരുന്നു. പൂര്‍വവിദ്യാര്‍ഥിസംഘടനാ പ്രസിഡന്റ് എം.സി. സുനില്‍കുമാര്‍, സെക്രട്ടറി ഇ.പി. ഷൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ വധുവിനായി അന്വേഷണം തുടങ്ങി.

അങ്ങനെ ചക്കംകണ്ടം കാക്കശ്ശേരി പരേതനായ കൊച്ചുവിന്റെയും മണിയുടെയും മകള്‍ അജിത അശോകന്റെ ജീവിത സഖിയായി. വിവാഹത്തിനുള്ള താലിമാലയും മോതിരവും ഇരുവര്‍ക്കുമുള്ള വിവാഹവസ്ത്രവും ഉള്‍പ്പെടെ എല്ലാം സഹപാഠികളുടെ വക. ബാച്ചിലെ ആണുങ്ങള്‍ അശോകനും പെണ്ണുങ്ങള്‍ അജിതയ്ക്കുമുള്ള വിവാഹവസ്ത്രങ്ങളെടുത്തു.

24ന് രാവിലെ പത്തിന് ചക്കംകണ്ടത്തെ വധൂഗൃഹത്തിലായിരുന്നു വിവാഹം. തുടര്‍ന്ന് ഗുരുവായൂര്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടന്ന വിരുന്നില്‍ കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയും ജയരാജ് വാര്യരും പങങ്കെടുത്തു. ടിഎന്‍ പ്രതാപന്‍ എംപി പോണില്‍ ആശംസകള്‍ അറിയിച്ചു.  പകല്‍ ഗുരുവായൂരില്‍ ഓട്ടോ ഓടിക്കുന്ന അശോകന്‍ രാത്രി ഗുരുവായൂര്‍ അര്‍ബന്‍ ബാങ്കിന്റെ വാച്ച്മാനുമാണ്.

അശോകന്റെ വിവാഹക്ഷണക്കത്തും അല്പം സ്‌പെഷ്യലായിരുന്നു. 'മാഷേ ക്‌ളാസീ കേറട്ടെ' എന്ന തലക്കെട്ടിലുള്ള കത്ത് അശോകന് വിവാഹജീവിതത്തിന്റെ ക്ലാസ്മുറിയിലേക്കുള്ള കടന്നുവരവുകൂടിയാണ്. 'ഒത്തുപിടിച്ചാല്‍ അശോകനും കെട്ടും, വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്' എന്നിങ്ങനെയുള്ള വാചകങ്ങളുമൊക്കെയായി വളരെ ആകര്‍ഷകമായ ക്ഷണക്കത്താണ് തയ്യാറാക്കിയത്. ഗള്‍ഫില്‍ ഡിസൈനര്‍ ആയി ജോലിചെയ്യുന്ന ഒരു സഹപാഠിയാണിത് തയ്യാറാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com