ട്രെയിനിന്റെ ചക്രത്തിൽ ചുറ്റിപ്പിണഞ്ഞ് കൂറ്റൻ രാജവെമ്പാല ; ഉദ്വേ​ഗഭരിതരായി യാത്രക്കാർ  ( വീഡിയോ )

രാജവെമ്പാലയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്
ട്രെയിനിന്റെ ചക്രത്തിൽ ചുറ്റിപ്പിണഞ്ഞ് കൂറ്റൻ രാജവെമ്പാല ; ഉദ്വേ​ഗഭരിതരായി യാത്രക്കാർ  ( വീഡിയോ )

ന്യൂഡൽഹി : കൂറ്റൻ രാജവെമ്പാല ഇരുപ്പുറപ്പിച്ചത് ട്രെയിനിന്റെ ചക്രത്തിൽ. പാമ്പിനെ ശ്രദ്ധയിൽപ്പെട്ടതോടെ, രക്ഷപ്പെടുത്തി കാട്ടിലേക്ക് അയക്കാനുള്ള ദൗത്യം ഏറ്റെടുത്ത് റെയിൽവേ- വനം വകുപ്പ് ഉദ്യോ​ഗസ്ഥർ. പത്തടിയോളം നീളമുള്ള രാജവെമ്പാലയാണ്  ട്രെയിനിന്റെ ചക്രത്തിൽ കയറിക്കൂടി ചുറ്റിയിരുന്നത്.

കത്‌ഗോദാം സ്‌റ്റേഷനടുത്ത് വെച്ചാണ് പാമ്പിനെ കണ്ടെത്തിയത്.  രാജവെമ്പാലയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.  ഉത്തരാഖണ്ഡ് വനം വകുപ്പിലെ ഫീല്‍ഡ് ഫോറസ്റ്ററായ പി എം ധകാടെയാണ്  വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും പങ്കുവെച്ചത്.

ഉത്തരാഖണ്ഡ് വനംവകുപ്പിന്റേയും റെയില്‍വെ സുരക്ഷാ സേനയുടേയും സംയുക്ത ശ്രമത്തിനൊടുവിലാണ് രാജവെമ്പാലയെ പിടികൂടി വനത്തിലേക്ക് തുറന്നുവിടാനായതെന്ന് ധകാടെ പോസ്റ്റില്‍ കുറിച്ചു. ചക്രങ്ങള്‍ക്കിടയില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്ന രാജവെമ്പാലയേയും രക്ഷിക്കാനായി ശ്രമം നടത്തുന്ന ഉദ്യോഗസ്ഥരേയും വീഡിയോയില്‍ കാണാം. കാഴ്ചക്കാരില്‍ ചിലര്‍ ആശ്ചര്യത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്.

പാമ്പിനെ രക്ഷപ്പെടുത്തുന്നതിന് മുമ്പ് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിരുന്നതായും ട്രെയിനിന്റെ സമയക്രമത്തില്‍ പരമാവധി മാറ്റം വരാതിരിക്കാന്‍ ശ്രദ്ധിച്ചതായും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. വീഡിയോ കണ്ട നിരവധി പേര്‍ റെയില്‍വെ സുരക്ഷാ സേനയ്ക്കും വനം വകുപ്പിനും അഭിനന്ദങ്ങള്‍ ചൊരിഞ്ഞു. സമയോചിതമായ ഇടപെടല്‍ കാരണം പാമ്പിനെ രക്ഷിക്കാനായതായി പലരും കമന്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com