അത്താഴത്തിന് അപ്രതീക്ഷിത അതിഥിയായി വീടിനകത്ത് പുള്ളിപ്പുലി ; നടുങ്ങി വിറച്ച് വീട്ടുകാര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2019 11:13 AM |
Last Updated: 27th November 2019 11:13 AM | A+A A- |

മുംബൈ : അത്താഴത്തിന് അപ്രതീക്ഷിതമായി വീട്ടിലേക്ക് കയറിയെത്തിയ അതിഥിയെ കണ്ട ഞെട്ടല്‍ വിട്ടുമാറാതെ ഒരു കുടുംബം. മഹാരാഷ്ട്രയിലെ പിമ്പലഗാവ് റോത്തയിലാണ് സംഭവം. അപ്രതീക്ഷിതമായി വീട്ടിലേക്ക് കടന്നുവന്ന അതിഥി മറ്റാരുമല്ല സാക്ഷാല്‍ പുള്ളിപ്പുലിയായിരുന്നു.
വീട്ടിലുള്ളവര്‍ അത്താഴം കഴിഞ്ഞ് വിശ്രമിക്കുമ്പോഴായിരുന്നു, പുള്ളിപ്പുലിയുടെ വരവ്. പുറത്തു നിന്ന വളര്‍ത്തുനായയെ പിന്തുടര്‍ന്നാണ് പുള്ളിപ്പുലി വീടിനുള്ളിലേക്ക് എത്തിയത്. പേടിച്ചരണ്ട വീട്ടുകാര്‍ പെട്ടെന്നു തന്നെ പുലിയെ മുറിക്കുള്ളിലാക്കി വാതിലടച്ചു. ഉടന്‍ തന്നെ വനം വകുപ്പ് അധികൃതരേയും വന്യമൃഗ സംരക്ഷണ പ്രവര്‍ത്തക സംഘടനയായ എസ് ഒഎസ് അധികൃതരേയും വിവരമറിയിച്ചു.
അവര്‍ എത്തിയപ്പോഴേക്കും വീടിനു ചുറ്റം പുലിയെ കാണാന്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തകരെത്തി ജനാലയിലൂടെ നോക്കുമ്പോള്‍ മുറിക്കുള്ളിലെ മേശയില്‍ കയറിയിരിക്കുകയായിരുന്നു പുള്ളിപ്പുലി. മയക്കുവെടി വച്ച ശേഷമാണ് പുള്ളിപ്പുലിയെ പിടികൂടിയത്. മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് പുള്ളിപ്പുലിയെ കൂട്ടിനുള്ളിലാക്കിയത്.
പുലിയെ പിന്നീട് വിദഗ്ധ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഏകദേശം നാലു വയസ്സോളം പ്രായമുള്ള ആണ്‍ പുള്ളിപ്പുലിയാണ് പിടിയിലായത്. പരിശോധനകള്‍ക്ക് ശേഷം പുള്ളിപ്പുലിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി തുറന്നുവിടാനാണു തീരുമാനം. വീടിനുള്ളില്‍ കടന്ന പുലിയെ ഉടന്‍ തന്നെ മുറിയിലിട്ട് പൂട്ടിയതിനാല്‍ ആര്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.