ചേര്‍ത്തു പിടിക്കാന്‍ കുഞ്ഞിപ്പെങ്ങളില്ലാതെ ഷുഹൈബ് ക്ലാസിലെത്തി; നിറകണ്ണുകളോടെ...
By സമകാലിക മലയാളം ഡെസ്‌ക് | Published: 27th November 2019 06:43 AM |
Last Updated: 27th November 2019 06:43 AM | A+A A- |

ബത്തേരി: നിറയെ ചിരിക്കുന്ന ഷഹലയുടെ കുഞ്ഞു കൈകള്‍ ചേര്‍ത്തു പിടിക്കാതെയായിരുന്നു ഷുഹൈബിന്റെ ഇന്നലത്തെ സ്‌കൂള്‍ യാത്ര. കുഞ്ഞനിയത്തി ഷഹലയുടെ സാമീപ്യവും കുസൃതികളുമില്ലാത്തതിന്റെ നൊമ്പരം കടിച്ചമര്‍ത്തി ഷുഹൈബ് ക്ലാസിലെത്തി. ഷഹല ഷെറിന്റെ പിതൃസഹോദരിയുടെ മകനാണ് ഷുഹൈബ്. സര്‍വജന സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി.
എന്നും ഷഹലയ്‌ക്കൊപ്പമായിരുന്നു ഷുഹൈബിന്റെ സ്‌കൂളിലേക്കുള്ള വരവും പോക്കും. അടച്ചിട്ടിരുന്ന ബത്തേരി ഗവ. സര്‍വജന സ്‌കൂള്‍ സ്‌കൂള്‍ ഒരാഴ്ചയ്ക്കു ശേഷം ഇന്നലെ തുറന്നപ്പോള്‍ നിറകണ്ണുകളോടെയാണ് ഷുഹൈബ് സ്‌കൂളിലെത്തിയത്. പുത്തന്‍കുന്നില്‍ ഷഹലയുടെ വീടിനു സമീപത്താണ് ഷുഹൈബ് താമസിക്കുന്നത്.
ഷഹലയും ഷുഹൈബും ഷുഹൈബിന്റെ സഹോദരി നെസ്‌ല ഫാത്തിമയും ഒരുമിച്ചാണ് എന്നും സ്‌കൂളില്‍ പോയിരുന്നത്. വീട്ടില്‍ നിന്നു പുത്തന്‍കുന്നു വരെ നടക്കും. അവിടെ നിന്നു ബസ് കയറി 6 കിലോമീറ്റര്‍ യാത്രയുണ്ട് സ്‌കൂളിലേക്ക്. യുപി ക്ലാസുകള്‍ ഡിസംബര്‍ രണ്ടിനേ തുറക്കൂ. അതിനാല്‍ നെസ്‌ല ഇന്നലെ സ്‌കൂളില്‍ വന്നിരുന്നില്ല.