'ഞങ്ങളുടെ സൈക്കിള്‍ സാര്‍ ഒന്ന് വാങ്ങിത്തരണം'; നോട്ട്ബുക്ക് കടലാസില്‍ പൊലീസില്‍ പരാതി നല്‍കി പത്തു വയസുകാരന്‍

നടന്നു നട്ടംതിരിഞ്ഞതോടെയാണ് പത്ത് വയസുകാരന്‍ പൊലീസിനെ സമീപിച്ചത്
'ഞങ്ങളുടെ സൈക്കിള്‍ സാര്‍ ഒന്ന് വാങ്ങിത്തരണം'; നോട്ട്ബുക്ക് കടലാസില്‍ പൊലീസില്‍ പരാതി നല്‍കി പത്തു വയസുകാരന്‍

കോഴിക്കോട്; പരാതി നല്‍കാന്‍ ഇതിനു മുന്‍പും കോഴിക്കോട് മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്‌കൂള്‍ കുട്ടികള്‍ എത്തിയിട്ടുണ്ട്. എന്നാല്‍ ഇതുപോലെ വ്യത്യസ്തമായൊരു പരാതി അവര്‍ക്ക് ലഭിക്കുന്നത് ആദ്യമായാണ്. വിളയാറ്റൂര്‍ ഇളംപിലാട് എല്‍പി സ്‌കൂളിലെ പത്തു വയസുകാരനായ അബിനാണ് പൊലീസുകാരെ അമ്പരപ്പിച്ചത്. തന്റെയും അനിയന്റേയും സൈക്കിള്‍ ശരിയാക്കാന്‍ കൊടുത്തിട്ട് തിരിച്ചു കിട്ടിയിട്ടില്ലെന്നും അത് വാങ്ങിത്തരണം എന്നും പറഞ്ഞുകൊണ്ടുള്ളതാണ് പരാതി. പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി പറയുക മാത്രമല്ല സ്‌കൂളിലെ നോട്ട്ബുക്കിലെ പേജില്‍ എഴുതിയ പരാതിയുമായാണ് അബിന്‍ എത്തിയത്. 

സൈക്കിളുകള്‍ ശരിയാക്കാന്‍ കൊടുത്തിട്ട് രണ്ട് മാസമായി, ഇതുവരെ തിരിച്ചു തന്നില്ല. നടന്നു നട്ടംതിരിഞ്ഞതോടെയാണ് പത്ത് വയസുകാരന്‍ പൊലീസിനെ സമീപിച്ചത്. അബിന്റെ പരാതി ഇങ്ങനെ; 

'മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്‌ഐക്ക്,
സാര്‍, 
എന്റെയും അനിയന്റേയും സൈക്കിള്‍ സപ്തംബര്‍ 5ാം തിയതി കൊടുത്തതാണ്. ഇതുവരെ നന്നാക്കി തന്നിട്ടില്ല. സൈക്കിള്‍ കൊടുക്കുമ്പോള്‍ 200 രൂപ വാങ്ങിവെച്ചിട്ടുണ്ട്. വിളിക്കുമ്പോള്‍ ചിലപ്പോള്‍ ഫോണ്‍ എടുക്കില്ല. ചിലപ്പോള്‍ എടുത്താല്‍ നന്നാക്കും എന്ന് പറയും. കടയില്‍ പോയി നോക്കിയാല്‍ അടച്ചിട്ടുണ്ടാകും. വീട്ടില്‍ വേറെ ആരുമില്ല പോയി അന്വേഷിക്കാന്‍. അതുകൊണ്ട് സാര്‍ ഇത് ഒന്ന് ഞങ്ങള്‍ക്ക് വാങ്ങിത്തരണം. 
എന്ന് 
അബിന്‍'

കുഞ്ഞിന്റെ പരാതികണ്ട് അമ്പരന്നിരിക്കുകയാണ് പൊലീസുകാര്‍. യാത്രപ്രശ്‌നങ്ങളും മറ്റും പറഞ്ഞ് കുട്ടികളില്‍ നിന്ന് പരാതികള്‍ ലഭിക്കാറുണ്ടെന്നും എന്നാല്‍ ഇത്തരം ഒരു പരാതി ആദ്യമായിട്ടാണ് ലഭിക്കുന്നതെന്നുമാണ് മേപ്പയ്യൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ അനുപ് ജി പറയുന്നത്. പത്ത് വയസുകാരന്‍ ഒറ്റയ്ക്ക് പൊലീസ് സ്റ്റേഷനില്‍ എത്തി നോട്ട് ബുക്ക് പേജില്‍ എഴുതിയ പരാതി നല്‍കിയത് തങ്ങളുടെ മനസുകീഴടക്കി എന്നാണ് അദ്ദേഹം പറയുന്നത്. 

പരാതി ലഭിച്ച ഉടനെ അത് പരിഹരിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. അബിന്‍ സൈക്കിള്‍ നന്നാക്കാന്‍ കൊടുത്ത മെക്കാനിക്കുമായി ബന്ധപ്പെട്ടെന്നും വ്യാഴാഴ്ച കുട്ടിയുടെ സൈക്കിള്‍ തിരികെ നല്‍കാന്‍ പറഞ്ഞിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അസുഖ ബാധിതനായതിനാലും മകന്റെ വിവാഹത്തിന്റെ തിരക്കിലായതിനാലുമാണ് കട തുറക്കാതിരുന്നത് എന്നാണ് മെക്കാനിക്ക് പറഞ്ഞത്. എന്തായാലും അബിനും അനിയനും നാളെ തന്നെ സൈക്കിള്‍ തിരികെ കിട്ടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com