മീന്‍ പിടിക്കുമ്പോള്‍ മുതല്‍ ജിമ്മില്‍ വരെ വിവാഹ വേഷത്തിലെത്തും! ടാമിയുടെ ഈ തീരുമാനം ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം  

ഏകദേശം 86,000രൂപയാണ് ലെയിസുകള്‍ പിടിപ്പിച്ച തൂവെള്ള ഉടുപ്പിനായി ടാമി മുടക്കിയത്
മീന്‍ പിടിക്കുമ്പോള്‍ മുതല്‍ ജിമ്മില്‍ വരെ വിവാഹ വേഷത്തിലെത്തും! ടാമിയുടെ ഈ തീരുമാനം ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം  

വിവാഹദിനത്തില്‍ അതിമനോഹരമായ വസ്ത്രമണിഞ്ഞ് ഏറ്റവും സുന്ദരിയായി എത്താനാണ് എല്ലാ പെണ്‍കുട്ടികളും ആഗ്രഹിക്കുന്നത്. അതിനായി നാളുകള്‍ നീണ്ട തയ്യാറെടുപ്പുതന്നെ നടത്താറുണ്ട് പലരും. എന്നാല്‍ ഒരു ദിവസത്തിനപ്പുറം ആയുസ്സില്ലാതെ അലമാരികളില്‍ കയറിപ്പറ്റുന്നവയാണ് വിവാഹവസ്ത്രം. പക്ഷെ 43കാരിയായ ടാമി ഹാള്‍ ഈ പതിവ് തെറ്റിച്ചിരിക്കുകയാണ്. 

ഓസ്‌ട്രേലിയയിലെ അഡ്‌ലെയിഡില്‍ താമസിക്കുന്ന ടാമി ഫുട്‌ബോള്‍ കളിക്കുമ്പോഴും മീന്‍ പിടിക്കാന്‍ പോകുമ്പോഴും എന്തിന് ജിമ്മില്‍ പോകുമ്പോള്‍ വരെ ധരിക്കുന്നത് വിവാഹവേഷമാണ്. വിവാഹവസ്ത്രത്തോടുള്ള സ്‌നേഹബന്ധമൊന്നുമല്ല ഇതിന് കാരണം. പരിസ്ഥിതി പ്രവര്‍ത്തകയായ ടാമി സുസ്ഥിര ജീവിതരീതി സ്വീകരിച്ചതിന്റെ ഭാഗമായാണ് ഈ തീരുമാനത്തിലേക്കെത്തിയത്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് കാരിന്‍ ഫ്രോസ്റ്റുമായുള്ള ടാമിയുടെ വിവാഹം നടന്നത്. ഏകദേശം 86,000രൂപയാണ് ലെയിസുകള്‍ പിടിപ്പിച്ച തൂവെള്ള ഉടുപ്പിനായി ടാമി മുടക്കിയത്. ഒരു ഗൗണിനായി ഇത്രയധികം തുക എന്നത് എല്ലാവരെയും അതിശയിപ്പിക്കുന്നതാണ്. എന്നാല്‍ അതേ വേഷം സാധിക്കുന്നിടത്തെല്ലാം ധരിച്ചുകൊണ്ടാണ് ആ ധാരാളിത്തത്തെ ടാമി ന്യായീകരിച്ചത്. 

2016ല്‍ ഇന്ത്യയിലേക്ക് നടത്തിയ ഒരു യാത്രയ്ക്ക് ശേഷമാണ് താന്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതെന്നും ടാമി പറഞ്ഞു. ഒരു സമൂഹം എന്ന നിലയില്‍ നമ്മള്‍ പ്രകൃതിയെ എത്രമാത്രം ഇല്ലായ്മ ചെയ്യുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നില്ല. പക്ഷെ ആ യാത്ര കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് ഒരു വര്‍ഷത്തേക്ക് പുതിയ വസ്ത്രമൊന്നും വാങ്ങില്ലെന്ന തീരുമാനം ഞാനെടുത്തത്, ടാമി പറഞ്ഞു. 

ഒരു വിവാഹവസ്ത്രം വാങ്ങിക്കുകയാണെങ്കില്‍ അത് വീണ്ടും ഉപയോഗിക്കുമെന്ന് ഉറപ്പിച്ചാണ് താന്‍ നീങ്ങിയതെന്ന് ടാമി പറയുന്നു. ആ വാക്കുകളോട് നീതി പുലര്‍ത്തിയാണ് പൊതു ഇടങ്ങളില്‍ പോലും വിവാഹവസ്ത്രം ധരിച്ച് ടാമി പ്രത്യക്ഷപ്പെടുന്നത്. ഐസ് ലാന്‍ഡിലേക്ക് പ്ലാന്‍ ചെയ്തിരിക്കുന്ന യാത്രയിലും വിവാഹവേഷം ധരിക്കാനാണ് ടാമി ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com