രോഗങ്ങളില്ല, ശാരീരിക വേദനയുമില്ല; മരിക്കാന്‍ അനുവദിക്കണമെന്ന് 23കാരി, ദയാവധത്തിന് അപേക്ഷ

നെഞ്ചില്‍ കത്തി കുത്തിയിറക്കുന്ന വേദന താങ്ങാനാവുന്നില്ലെന്നും മരിക്കാന്‍ അനുവദിക്കണമെന്നുമാണ് ഇവരുടെ അപേക്ഷ
രോഗങ്ങളില്ല, ശാരീരിക വേദനയുമില്ല; മരിക്കാന്‍ അനുവദിക്കണമെന്ന് 23കാരി, ദയാവധത്തിന് അപേക്ഷ

23 വയസുമാത്രമാണ് കെലിക്ക് പ്രായം. സുന്ദരിയും ബുദ്ധിമതിയുമാണ്. ശാരീരികമായ ഒരു പ്രശ്‌നവും കെലിക്ക് ഇല്ല. എന്നാല്‍ ദയാവധത്തിന് അനുവാദം കിട്ടാനുള്ള പോരാട്ടത്തിലാണ് കെലി. ശാരീരികമായ പ്രശ്‌നങ്ങള്‍ അല്ല മാനസികമായ പ്രശ്‌നങ്ങളാണ് കടുത്ത തീരുമാനമെടുക്കാന്‍ കെലിയെ പ്രേരിപ്പിച്ചത്. നെഞ്ചില്‍ കത്തി കുത്തിയിറക്കുന്ന വേദന താങ്ങാനാവുന്നില്ലെന്നും മരിക്കാന്‍ അനുവദിക്കണമെന്നുമാണ് ഇവരുടെ അപേക്ഷ. 

ബെല്‍ജിയം സ്വദേശിയായ കെലിക്ക് ദയാവധത്തിന് അപേക്ഷ നല്‍കുക വളരെ എളുപ്പമുള്ള കാര്യമായിരുന്നു. കാരണം ദയാവധത്തിന് അനുവാദം നല്‍കുന്ന മൂന്ന് രാജ്യങ്ങളില്‍ ഒന്നാണ് ബെല്‍ജിയം. രോഗങ്ങള്‍ ബാധിച്ച് ദുരിതം അനുഭവിക്കുന്നവര്‍ക്കാണ് ദയാവധം അനുവദിക്കുക. എന്നാല്‍ ശാരീരികമായ വേദനയാണോ മാനസികമായ വേദനയാണോ എന്ന് വ്യക്തമാക്കിയിട്ടില്ലെന്നും തനിക്ക് മാനസികമായ വേദന താങ്ങാനാവുന്നില്ലെന്നുമാണ് കെലിയുടെ വാദം. തന്നെ കണ്ണാടിയില്‍ കാണുമ്പോള്‍ രാക്ഷസിയെപ്പോലെയാണ് തോന്നുന്നതെന്നും അവര്‍ പറയുന്നു.

എന്നാല്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് മരണം അനുവദിക്കുന്നതിനോട് മാനസികരോഗ വിദഗ്ധര്‍ പോലും എതിരാണ്. സമയമെടുത്ത് ചികിത്സിച്ച് ഇത് മാറ്റിയെടുക്കാനാവുമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ തങ്ങള്‍ അനുഭവിക്കുന്ന വേദന എത്രയാണെന്ന് ഇവര്‍ മനസിലാക്കുന്നില്ലെന്നും ഇത് വിവേചനമാണെന്നുമാണ് കെലിയുടെ വാദം. 

ലൂവെനില്‍ കുടുംബത്തോടൊപ്പമാണ് കെലി ജീവിക്കുന്നത്. മരിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് വളരെ ബുദ്ധിമുട്ടിയാണ് വീട്ടില്‍ പറഞ്ഞത് എന്നാണ് കെലി പറയുന്നത്. കെല്ലിയ്ക്ക് ഇരട്ട സഹോദരിയുണ്ട്. അച്ഛനുമായി മികച്ച ബന്ധമാണ് കെലിക്കുള്ളത്. എന്നാല്‍ അമ്മയുമായി അത്ര അടുപ്പത്തില്‍ അല്ല. അതിനാല്‍ വീട്ടില്‍ നിന്ന് തനിക്ക് സ്‌നേഹം സുരക്ഷിതത്വവും കിട്ടിയില്ല എന്നാണ് കെലി പറയുന്നത്. ചെറുപ്പം മുതല്‍ തനിക്ക് പ്രശ്‌നങ്ങളുണ്ടെന്നും മാനസിക പിരിമുറുക്കങ്ങള്‍ തന്നെ നാണംകുണുങ്ങിയാക്കി മാറ്റിയെന്നുമാണ് അവര്‍ വ്യക്തമാക്കുന്നത്. തന്റെ ഇരട്ട സഹോദരിയുടെ നിഴലിലാണ് താന്‍ ജീവിച്ചത്. തനിക്ക് വേണ്ടി സുഹൃത്തുക്കളെ ഉണ്ടാക്കിയതുപോലും ഇരട്ട സഹോദരിയായിരുന്നു. അവസാനം തങ്ങള്‍ രണ്ട് സ്‌കൂളിലേക്ക് മാറിയത് തന്നെ കൂടുതല്‍ ബാധിച്ചെന്നും കെലി പറയുന്നു. ഇതിനെ മറികടക്കാന്‍ ശ്രമിച്ചെങ്കിലും താന്‍ എപ്പോഴും ഒറ്റയ്ക്കും അസന്തുഷ്ടയുമാണ്. ശാരീരിക വേദനകള്‍ പോലെ തന്നെയാണ് തന്റെ അവസ്ഥയും. ഹൃദയത്തെ കൈകൊണ്ട് മുറുക്കെ പിടിച്ച് മുറിച്ചുമാറ്റുന്നതുപോലെയാണ് എന്നും കെലി വ്യക്തമാക്കി. 

18 വയസില്‍ പ്രിയപ്പെട്ട മുത്തശ്ശന്‍ മരിച്ചതോടെയാണ് മാനസിക പിരിമുറുക്കം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് മാറുന്നത്. കൂടാതെ വളരെ വിശ്വസിച്ച സൈക്കോളജിസ്റ്റ് തന്നെ ചതിച്ചതും കെലിയുടെ മാനസിക പിരിമുറുക്കങ്ങള്‍ രൂക്ഷമാക്കി. ആത്മഹത്യയ്ക്ക് ശ്രമിച്ച് പരാജയപ്പെട്ടിട്ടുണ്ട്. ദയാവധം നിയമവിദേയമാണെന്ന് മനസിലാക്കിയതോടെയാണ് കെല്ലി ഇത്തരത്തില്‍ മരിക്കാന്‍ ശ്രമിക്കുന്നത്. തന്നെ പരിശോധിച്ച രണ്ട് സൈക്കാട്രിസ്റ്റും ഒരു ഡോക്ടറും കെല്ലിയുടെ മാനസിക വേദന സഹിക്കാന്‍ പറ്റാത്തതാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഏഴു മാസം മുന്‍പാണ് കെലി മരിക്കാന്‍ അനുവാദം ചോദിച്ചുകൊണ്ട് അപേക്ഷ നല്‍കിയത്. ഉറങ്ങുന്നതുപോലെ മരിക്കാനാണ് കെലിക്ക് ആഗ്രഹം. ആ സമയം തന്റെ കുടുംബം പോലും തന്റെ കൂടെ വേണ്ടെന്നും കെലി വ്യക്തമാക്കി. എന്നാല്‍ കെലിയ്ക്ക് ദയാവധത്തിന് അനുവാദം ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com