''വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഉപ്പയെ പുറത്തുവിട്ടു, സെക്യൂരിറ്റിയാണ് കഴിക്കാന്‍ ആഹാരം വാങ്ങിത്തന്നത്''; മനസ് തുറന്ന് ഹനാന്‍

ഉപ്പ മൂക്കുപൊടി വലിക്കുമ്പോള്‍ ഞാന്‍ തുമ്മും. ഓപ്പറേഷന്‍ നടത്തി നട്ടെല്ലിനു ബലമായി ഇട്ടിരിക്കുന്ന രണ്ട് ഇരുമ്പുറോഡുകളും അപ്പോള്‍ ഇളകും.
''വേദനകൊണ്ട് പുളഞ്ഞപ്പോള്‍ ഉപ്പയെ പുറത്തുവിട്ടു, സെക്യൂരിറ്റിയാണ് കഴിക്കാന്‍ ആഹാരം വാങ്ങിത്തന്നത്''; മനസ് തുറന്ന് ഹനാന്‍

ഠനച്ചിലവിന് പണം കണ്ടെത്താനായി സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തുന്നതിനിടെ എടുത്ത ഒരു ഫോട്ടോയും പത്രക്കുറിപ്പുമാണ് ഹനാന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്. ഇതോടെ ഹനാന്റെ പഠനച്ചിലവ് കണ്ടെത്താനും കുടുംബത്തിന് താങ്ങാനുമുള്ള ഓട്ടത്തില്‍  നിരവധി പേര്‍ സഹായവുമായെത്തി. 

അപകടത്തില്‍ നട്ടെല്ല് തകര്‍ന്നപ്പോള്‍ ചികിത്സാച്ചിലവ് ഏറ്റെടുത്ത സര്‍ക്കാര്‍ 'ഇവള്‍ സര്‍ക്കാരിന്റെ മകള്‍' എന്ന് പ്രഖ്യാപിച്ചു. ഒരു വര്‍ഷത്തിനിപ്പുറം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് ഈ പെണ്‍കുട്ടി. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഹനാന്‍ മനസ് തുറന്നത്. 

വാര്‍ത്തകളില്‍ നിറഞ്ഞതിന് പിന്നാലെ ഹനാന്‍ പണത്തിനും പ്രശസ്തിക്കും വേണ്ടി വേഷം കെട്ടുകയാണ് എന്നാണ് ചിലര്‍ പറഞ്ഞ് പരത്തിയത്. എന്നാല്‍ അതിനെല്ലാം ഹനാന് മറുപടിയുണ്ട്. സഹായമായി കിട്ടിയ പണം കഴിഞ്ഞ പ്രളയസമയത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുകയായിരുന്നു. മാത്രമല്ല, സ്‌പോണ്‍ഷര്‍ഷിപ്പ് വാങ്ങി പഠിക്കാന്‍ താല്‍പര്യമില്ലെന്നും എന്നും സ്വന്തം കാലില്‍ നില്‍ക്കാനാണ് ആഗ്രഹമെന്നും ഈ പെണ്‍കുട്ടി പറയുന്നു. 

ഒരു വര്‍ഷം മുന്‍പ് സംഭവിച്ച ഒരു അപകടമാണ് ഹനാനെ ഏറെ തളര്‍ത്തിയത്. 'ഒരു യാത്ര കഴിഞ്ഞ് വരും വഴി കൊടുങ്ങല്ലൂരില്‍ വച്ചാണ് ആ അപകടം. ആദ്യം കൊണ്ടുപോയ ആശുപത്രിയില്‍ തന്നെ പറഞ്ഞു, നട്ടെല്ലിനാണു പരുക്കെന്ന്. ഞാന്‍ പഠിക്കുന്ന തൊടുപുഴ അല്‍ അസര്‍ കോളജ് ഉടമ ഫൈജാസിക്കയെ വിളിച്ചു കാര്യം പറഞ്ഞു. അവരാണ് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. ആദ്യഘട്ട ബില്ലുകളും ഫൈജാസിക്ക കൊടുത്തു. 

പിന്നെയാണ് ആരോഗ്യമന്ത്രി ഇടപെട്ട് ചികിത്സാചെലവുകള്‍ ഏറ്റെടുത്തത്. ഉമ്മയ്ക്ക് മാനസികപ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ട് ആശുപത്രിയില്‍ വന്നുപോയതല്ലാതെ കൂടെ നില്‍ക്കാവുന്ന അവസ്ഥയായിരുന്നില്ല. സഹായിക്കാനായി വന്ന ഉപ്പ മൂക്കുപൊടി വലിക്കുമ്പോള്‍ ഞാന്‍ തുമ്മും. ഓപ്പറേഷന്‍ നടത്തി നട്ടെല്ലിനു ബലമായി ഇട്ടിരിക്കുന്ന രണ്ട് ഇരുമ്പുറോഡുകളും അപ്പോള്‍ ഇളകും. വേദന കൊണ്ട് പുളഞ്ഞപ്പോള്‍ ഉപ്പയെ പറഞ്ഞുവിട്ടു.

ഒരു മാസത്തെ ആശുപത്രി വാസം കഴിഞ്ഞ് ഫ്‌ലാറ്റിലേക്കു വന്നപ്പോള്‍ ആരും നോക്കാനില്ല. സെക്യൂരിറ്റിയാണ് മൂന്നു നേരവും ഭക്ഷണം വാങ്ങിതന്നത്. ഹൗസ് കീപ്പിങ്ങിനു വരുന്ന ചേച്ചി ചൂടുവെള്ളമുണ്ടാക്കി കട്ടിലിനടുത്ത് കൊണ്ടു വച്ചുതരും. കിടന്ന കിടപ്പില്‍ ഞാന്‍ ദേഹം നനച്ചു തുടയ്ക്കും. ആ കിടപ്പില്‍ തന്നെയാണ് ഭക്ഷണം കഴിക്കുന്നതും. മലമൂത്രവിസര്‍ജനം ചെയ്യുന്ന ഡയപ്പര്‍ മാറ്റി വേസ്റ്റ് ബാസ്‌ക്കറ്റിലിടും. 

ഒരു ദിവസം വെള്ളംകുപ്പി ഉരുണ്ടുപോയത് എടുക്കാന്‍ ശ്രമിക്കുന്നതിനിടെ കട്ടിലില്‍ നിന്ന് വീണു. വീണ്ടും രണ്ടാഴ്ച ആശുപത്രിയില്‍. സങ്കടത്തോടെ ഡോക്ടര്‍ ഹാറൂണിനോടു ചോദിച്ചു, 'എനിക്ക് വീല്‍ ചെയറിലേക്കെങ്കിലും മാറാനാകുമോ?' നട്ടെല്ലിലെ പരുക്ക് നിസാരമല്ലെന്നും, നിവര്‍ന്നിരിക്കുന്ന കാര്യം തന്നെ സംശയമാണെന്നും കേട്ടതോടെ എങ്ങനെയും എഴുന്നേറ്റു നടക്കണമെന്നു വാശിയായി'- ഹനാന്‍ പറഞ്ഞ് നിര്‍ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com