ആ മലമ്പാമ്പ് ചത്തിട്ടില്ല, ഷൊര്‍ണൂരില്‍ പാമ്പിനെ ട്രെയിന്‍ തട്ടിയ സംഭവത്തില്‍ ട്വിസ്റ്റ് 

പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴേക്ക് വീണ പാമ്പ് ഒരു ട്രാക്ക് കടന്ന് അടുത്ത റെയില്‍വേ ട്രാക്കിലേക്ക് പോകവെയാണ് ട്രെയിന്‍ തട്ടിയത്
ആ മലമ്പാമ്പ് ചത്തിട്ടില്ല, ഷൊര്‍ണൂരില്‍ പാമ്പിനെ ട്രെയിന്‍ തട്ടിയ സംഭവത്തില്‍ ട്വിസ്റ്റ് 

പാലക്കാട്: ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിന് ഇടയില്‍ ട്രെയിന്‍ തട്ടി പിടയുന്ന മലമ്പാമ്പിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ട്രെയിന്‍ തട്ടിയ മലമ്പാമ്പ്  ചത്തെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അങ്ങനെയല്ല, ആ പാമ്പ് ഇപ്പോഴും ജീവനോടെയുണ്ട്...

പ്ലാറ്റ്‌ഫോമില്‍ നിന്ന് താഴേക്ക് വീണ പാമ്പ് ഒരു ട്രാക്ക് കടന്ന് അടുത്ത റെയില്‍വേ ട്രാക്കിലേക്ക് പോകവെയാണ് ട്രെയിന്‍ തട്ടിയത്. പാളത്തിലൂടെ ട്രെയിന്‍ കടന്നു പോവുന്നത് ശ്രദ്ധിക്കാതെ പാമ്പ് മുന്നോട്ട് ഇഴയുകയായിരുന്നു. പാളത്തിലേക്ക് തല വെച്ച പാമ്പ് ഉടനെ തല പിന്‍വലിക്കുകയും, കിടന്ന് പിടയുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. 

ഈ പാമ്പ് ചത്തിട്ടുണ്ടാവും എന്ന നിലയിലാണ് വാര്‍ത്തകള്‍ വന്നതും. സ്റ്റേഷനിലെ യാത്രക്കാര്‍ പാമ്പിന്റെ വീഡിയോ പകര്‍ത്തിയെങ്കിലും പാമ്പിനെ രക്ഷിക്കാനുള്ള ശ്രമം ഇവരില്‍ നിന്നുണ്ടായില്ല. വനം വകുപ്പ് ജീവനക്കാര്‍ എത്തിയാണ് അനക്കമില്ലാതെ കിടന്ന പാമ്പിനെ ഏറ്റെടുത്തത്. 

ജീവനില്ലെന്ന് കരുതി പാമ്പിനെ ഓഫീസിലേക്ക് കൊണ്ടുവന്നെങ്കിലും പാമ്പിന് അനക്കമുണ്ടെന്ന് സംശയം തോന്നിയതോടെ വെറ്റിനറി സര്‍ജനെ വിളിച്ചു വരുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പിന് ജീവനുണ്ടെന്ന് വ്യക്തമായി. പിന്നാലെ മലമ്പുഴയിലെ പാമ്പ് സംരക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ എത്തി പരിക്കേറ്റ പാമ്പിന് ചികിത്സ നല്‍കി. 

ഫോറസ്റ്റ് ഓഫീസര്‍ ജമാലുദ്ദീന്‍ ലബ്ബയാണ് പാമ്പ് രക്ഷപെട്ട വിവരം അറിയിച്ചതെന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com