കുടിച്ച് കഴിഞ്ഞാല്‍ വലിച്ചെറിയാവുന്ന ബിയര്‍ കുപ്പി; പരിസ്ഥിതി സൗഹാര്‍ദ ബോട്ടിലുമായി കാള്‍സ്‌ബെര്‍ഗ്

കുടിച്ച് കഴിഞ്ഞാല്‍ വലിച്ചെറിയാവുന്ന ബിയര്‍ കുപ്പി; പരിസ്ഥിതി സൗഹാര്‍ദ ബോട്ടിലുമായി കാള്‍സ്‌ബെര്‍ഗ്

ഉപയോഗശേഷം ചുരുട്ടിക്കൂട്ടി എറിഞ്ഞാല്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത കുപ്പികളുമായി എത്തിയിരിക്കുകയാണ് അന്തര്‍ദേശീയ മദ്യക്കമ്പനിയായ കാള്‍സ്‌ബെര്‍ഗ്.

ദ്യപിക്കുന്ന മിക്കവരുടെയും വീടിന്റെ ടറസിലും അടുക്കളപ്പുറത്തും എന്നുവേണ്ട ആക്രികൂട്ടിയിടുന്നയിടത്തെല്ലാം ബിയര്‍ കുപ്പികളും കാണും. വിറ്റാല്‍ വലിയ വിലയൊന്നും കിട്ടാത്തതുകൊണ്ട് ഇതിങ്ങനെ സ്ഥലം മെനക്കെടത്തി കൂടിക്കിടക്കും. എന്നാല്‍ ഉപയോഗിച്ച് കഴിഞ്ഞാല്‍ ബിയറിന്റെ ചില്ലു കുപ്പികള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ തേടുന്നവര്‍ക്ക് സന്തോഷകരമായ വാര്‍ത്തായാണ് പുറത്തുവരുന്നത്. 

ഉപയോഗശേഷം ചുരുട്ടിക്കൂട്ടി എറിഞ്ഞാല്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത കുപ്പികളുമായി എത്തിയിരിക്കുകയാണ് അന്തര്‍ദേശീയ മദ്യക്കമ്പനിയായ കാള്‍സ്‌ബെര്‍ഗ്. കോപ്പന്‍ഹേഗില്‍ നടന്ന സി40 ഉച്ചകോടിയില്‍ വെള്ളിയാഴ്ചയാണ് മദ്യ നിര്‍മാതാക്കളായ കാള്‍സ്‌ബെര്‍ഗ് പേപ്പര്‍ ബിയര്‍ ബോട്ടിലുകള്‍ വിപണിയിലിറക്കുന്ന വിവരം അറിയിച്ചത്. 

തടിയില്‍ നിന്നെടുക്കുന്ന ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഈ ബിയര്‍ കുപ്പിയെ ഗ്രീന്‍ ഫൈബര്‍ ബോട്ടില്‍ എന്നാണ് വിളിക്കുന്നത്. രണ്ട് മോഡലുകളാണ് ഇത്തരത്തില്‍ കമ്പനി നിര്‍മ്മിക്കുന്നത്. ഉപയോഗശേഷം വലിച്ചെറിയാവുന്ന ഇവ പെട്ടെന്ന് തന്നെ മണ്ണില്‍ ലയിച്ചുപോകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 

2015 മുതലുള്ള ഗവേഷണത്തിന്റെ ഫലമായാണ് കാള്‍സ്‌ബെര്‍ഗ് പേപ്പര്‍ ബിയര്‍ ബോട്ടിലുകളുടെ പ്രോട്ടോ ടൈപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ബണ്‍ എമിഷന്‍ കുറക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. കുപ്പി നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന പേപ്പറുകള്‍ ബിയറിന്റെ രുചിയെ ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താന്‍ ശ്രമിക്കുന്നതിനാലാണ് കുപ്പിയുടെ നിര്‍മ്മാണം ഇത്ര സമയമെടുക്കുന്നതെന്ന് കാള്‍സ്‌ബെര്‍ഗ് വ്യക്തമാക്കി.

പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത ബയോ ബേസ്ഡ് പോളിമര്‍ ലൈനിങ് വ്യാവസായികമായി ലഭ്യമല്ലെന്നതും നിര്‍മ്മാണത്തെ ബാധിക്കുന്നുണ്ടെന്ന് കമ്പനി അധികൃതര്‍ പറയുന്നു. 

അബ്‌സൊല്യൂട്ട്, കൊക്കകോള, ലോറിയല്‍ പോലുള്ള കമ്പനികള്‍ പേപ്പര്‍ ബിയര്‍ ബോട്ടില്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ കാള്‍സ്‌ബെര്‍ഗിനൊപ്പം കൈകോര്‍ക്കുന്നുണ്ട്. അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കാന്‍ കൂടുതല്‍ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്നും കാള്‍സ്‌ബെര്‍ഗ് വിശദമാക്കുന്നു. പ്രാഥമികമായി ബിയര്‍ ക്യാനുകളെയാണ് പേപ്പര്‍ ബോട്ടില്‍ വച്ച് മാറ്റാന്‍ വേണ്ടി ശ്രമിക്കുന്നതെന്നാണ് കമ്പനി വിശദമാക്കുന്നത്. 

യൂണിലിവര്‍, പെപ്‌സികോ, കൊക്കകോള തുടങ്ങിയ സ്ഥാപനങ്ങളും പരിസ്ഥിതിയെ മലിനമാക്കാതെയുള്ള പാക്കിംഗുകള്‍ക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്. 2025 മുതല്‍ പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് യൂണിലിവര്‍ വ്യക്തമാക്കി. റീസൈക്കിള്‍ ചെയ്ത് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ഷൂവിന്റെ നിര്‍മാണത്തിലാണ് അഡിഡാസ്. കൂടാതെ, ഡവ്, ബെന്‍ ആന്‍ഡ് ജെറി, ലിപ്ട്ടന്‍ തുടങ്ങിയ കമ്പനികളും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com