പ്രായത്തെ വെല്ലുവിളിച്ചു; 75ാം വയസില്‍ അമ്മയായി; സന്തോഷം പങ്കിട്ട് 80കാരന്‍ ഭര്‍ത്താവ്; റെക്കോര്‍ഡ്

75ാം വയസില്‍ കുഞ്ഞിന് ജന്മം നല്‍കി രാജസ്ഥാന്‍ സ്വദേശിനി. ലോകത്തിലെ ഏറ്റവും പ്രായമുള്ള അമ്മയെന്ന റെക്കോര്‍ഡും ഇവര്‍ സ്വന്തമാക്കി
പ്രായത്തെ വെല്ലുവിളിച്ചു; 75ാം വയസില്‍ അമ്മയായി; സന്തോഷം പങ്കിട്ട് 80കാരന്‍ ഭര്‍ത്താവ്; റെക്കോര്‍ഡ്

ജയ്പുര്‍: 75ാം വയസില്‍ കുഞ്ഞിന് ജന്മം നല്‍കി രാജസ്ഥാന്‍ സ്വദേശിനി. ലോകത്തിലെ ഏറ്റവും പ്രായമുള്ള അമ്മയെന്ന റെക്കോര്‍ഡും ഇവര്‍ സ്വന്തമാക്കി. 75കാരിയായ പ്രഭ ദേവിയാണ് നീണ്ട കാലത്തെ തന്റെ ആഗ്രഹം സഫലമാക്കിയത്. പ്രഭ ദേവിയുടെ ഭര്‍ത്താവിന് പ്രായം 80ഉണ്ട്.

ഐവിഎഫ് വഴിയാണ് ഇവര്‍ക്ക് നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് ജനിച്ചത്. പെണ്‍കുഞ്ഞിനാണ് പ്രഭ ദേവി ജന്മം നല്‍കിയത്. 55കാരിയായ അയല്‍ക്കാരി ഒരു കുട്ടിക്ക് ജന്മം നല്‍കിയതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇവര്‍ ധീരമായ തീരുമാനം കൈക്കൊണ്ടത്. 

സ്ത്രീയുടെ പ്രായം വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യാവസ്ഥയും ഗുരുതരമായ നിലയിലായിരുന്നു. ആറര മാസം കഴിഞ്ഞപ്പോള്‍ സിസേറിയനിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. തൂക്കം കുറവായതിനാല്‍ കുഞ്ഞ് തീവ്ര പരിചരണ വിഭാഗത്തിലാണ്. 

കുട്ടികളില്ലാത്തതിനെ തുടര്‍ന്ന് ഇവര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബന്ധുവായ ഒരു ആണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തിയിരുന്നു. ദത്തെടുത്ത മകന്റെ വിവാഹ ശേഷം മരുമകള്‍ അവരെ മര്‍ദ്ദിക്കാറുണ്ടായിരുന്നു. ഇതോടെയാണ് സ്വന്തമായി ഗര്‍ഭം ധരിക്കാന്‍ അവര്‍ തീരുമാനിച്ചത്. 

ഡോക്ടര്‍മാരെ കണ്ട് 75 വയുള്ളപ്പോള്‍ ഗര്‍ഭം ധരിക്കുന്നതിന്റെ സാധ്യതകള്‍ അവര്‍ അന്വേഷിച്ചു. ഇതിന് ശേഷമാണ് ഐവിഎഫ് വഴി പ്രസവിക്കാന്‍ തീരുമാനിച്ചത്. 

പ്രായമായതിനു പുറമേ, 45 വര്‍ഷം മുന്‍പ് ക്ഷയ രോഗം വന്നിരുന്നു ഇവര്‍ക്ക്. രക്തസമര്‍ദ്ദവും ഉണ്ട്. ശസ്ത്രക്രിയ വലിയ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നെങ്കിലും വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡോക്ടര്‍മാര്‍ പറയുന്നു. 

ആന്ധ്രാ പ്രദേശില്‍ നിന്നുള്ള 74 വയസുള്ള സ്ത്രീ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത് സമീപ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com