'എത്ര സ്‌നേഹിച്ചതാണ് മാഡം..., അത്ര വിശ്വാസമായിരുന്നു; അച്ഛന്‍ മറ്റൊരു സ്ത്രീയുടെ പുരുഷന്‍ ആണിപ്പോള്‍'; കുറിപ്പ് 

ഉപേക്ഷിച്ച് പോയ അച്ഛനെ, വിവാഹമെത്തിയതോടെ കാണാന്‍ ശ്രമിച്ച മകള്‍ക്ക് ഉണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് കുറിപ്പ് 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി:സമാധാനപൂര്‍ണമായ കുടുംബം ജീവിതം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. കുട്ടികളെ സംബന്ധിച്ച് അച്ഛന്റെയും അമ്മയുടെയും സ്‌നേഹം അവര്‍ എപ്പോഴും ആഗ്രഹിക്കും. അച്ഛന്‍ ഉപേക്ഷിച്ചുപോയതിനെ തുടര്‍ന്ന് മകളെ വളര്‍ത്തി വലുതാക്കുന്ന ഒരു അമ്മയുടെ യാതന പറഞ്ഞറിയിക്കാന്‍ കഴിയുന്നതല്ല. അതേപോലെ അമ്മയെ നഷ്ടപ്പെടുന്ന കുട്ടികളെ വളര്‍ത്തിയെടുക്കുന്ന പിതാവിന്റെ അനുഭവങ്ങളും വിശദീകരിക്കാന്‍ സാധിക്കുന്നതല്ല. 

ഉപേക്ഷിച്ച് പോയ അച്ഛനെ, വിവാഹമെത്തിയതോടെ കാണാന്‍ ശ്രമിച്ച മകള്‍ക്ക് ഉണ്ടായ ദുരനുഭവം തുറന്നുപറയുകയാണ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ കല മോഹന്‍. 'അച്ഛന്‍ മറ്റൊരു സ്ത്രീയുടെ പുരുഷന്‍ ആണിപ്പോള്‍...അപരിചിതയായ മകളെന്ന പെണ്ണിനെ അയാള്‍ക്ക് അറിയില്ല..!! അയാളില്‍ നിന്നും കിട്ടിയ അവഗണ , അപമാനം ,യാഥാര്‍ഥ്യത്തിലേക്ക് എത്താന്‍ അവള്‍ നേരമെടുത്തിരിക്കും..അഭിമാനത്തിന്റെ അടിത്തട്ടിനെ പോലും വെട്ടിമുറിവേല്‍പ്പിച്ചിരിക്കുന്നു..'- കല മോഹന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

'അമ്മ ഒളിച്ചോടി പോയ മോളുടെയും മോന്റെയും അവസ്ഥ പറയാതെ അറിയാമല്ലോ..ഇതൊരു അച്ഛന്റെ വാക്കുകള്‍ ആണ്..ആ ആണൊരുത്തന്റെ മനസ്സും കാണാതെ പോകരുത്..' - കുറിപ്പില്‍ പറയുന്നു


കുറിപ്പിന്റെ പൂര്‍ണരൂപം

''മോള്‍ടെ വിവാഹമാണ്..അവളെ ഗര്‍ഭിണി ആയിരിക്കെ എന്നെ ഉപേക്ഷിച്ചു പോയ ഭാര്തതാവ് പിന്നെ അവളെ കണ്ടിട്ടില്ല..
മാസാമാസം കോടതി വിധി പ്രകാരം ചിലവിനു തരുന്നതല്ലാതെ..,
അവളെ ഒന്ന് കാണാന്‍ പോലും അയാള് തയ്യാറായിട്ടില്ല..
വിവാഹത്തിന് അച്ഛനെ വിളിക്കണം, അത് അവളുടെ അവകാശം എന്നാണ് മോള്‍ ഇപ്പോള്‍ പറയുന്നത്..''

നിസ്സഹായായ ഒരു 'അമ്മ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് എന്നെ വിളിച്ചു കരഞ്ഞിരുന്നു..
കൂലി വേല ചെയ്താണ് അവര്‍ മകളെ വളര്‍ത്തിയത്..

''ഞാന്‍ അവളെ അച്ഛന്റെ അടുത്ത് വിടാതെ എതിര് നില്‍ക്കുമ്പോള്‍
അവള്‍ പറയുന്ന ചില സംസാരങ്ങള്‍ ഉണ്ടല്ലോ മാഡം..
നെഞ്ച് പൊട്ടി പോകുന്നു..''

അവരുടെ ഈ പറച്ചിലില്‍ എന്റെ കണ്ണും നിറഞ്ഞു..
പൊയ്‌ക്കോട്ടേ..പോയി വരട്ടെ..
തടയേണ്ട..
ഞാന്‍ അവരോടു പറഞ്ഞു..
''മകള്‍ പോയി..കണ്ടു..
അവളെ ഒന്ന് നോക്കാന്‍ പോലും അയാള്‍ തയ്യാറായില്ല..
നിന്നെയും നിന്റെ തള്ളയേയും ഞാന്‍ കളഞ്ഞതാണ് എന്ന് പറഞ്ഞു ആക്ഷേപിച്ചു വിട്ടു.''
അടുത്ത ദിവസം അവരെന്നെ വിളിച്ചു പറഞ്ഞു..

ഞാന്‍ ആ മകളെ കുറിച്ച് ആണ് ഓര്‍ത്തതു..
ജീവിതത്തിന്റെ ഏറ്റവും തീക്ഷണമായ വേദനയില്‍ ഉരുകുന്ന അവളുടെ മനസ്സ്.
അമ്മയെ ധിക്കരിച്ചു ,
അച്ഛനെ കാണാന്‍ പോയി..
എന്നിട്ടോ..?
അച്ഛന്‍ മറ്റൊരു സ്ത്രീയുടെ പുരുഷന്‍ ആണിപ്പോള്‍...
അപരിചിതയായ മകളെന്ന പെണ്ണിനെ അയാള്‍ക്ക് അറിയില്ല..!!

അയാളില്‍ നിന്നും കിട്ടിയ അവഗണ , അപമാനം ,
യാഥാര്‍ഥ്യത്തിലേക്ക് എത്താന്‍ അവള്‍ നേരമെടുത്തിരിക്കും..
അഭിമാനത്തിന്റെ അടിത്തട്ടിനെ പോലും വെട്ടിമുറിവേല്‍പ്പിച്ചിരിക്കുന്നു..
അച്ഛന്‍ ചൊരിഞ്ഞ വാക്കുകള്‍ക്ക് വായ്ത്തലത്തേക്കാള്‍ മൂര്‍ച്ചയുണ്ട്..

അതൊരു നിസ്സാരമായ പ്രശ്‌നമായി കാണാന്‍ അവള്‍ക്കു ജന്മത്തു കഴിയില്ല..കാരണം ,
അച്ഛന്റെ സ്‌നേഹം നിഷേധിക്കപെടുന്നതിലും വലിയ ശാപം കിട്ടാനില്ല.,എന്ന് ഓതി കൊടുക്കുന്ന സമൂഹത്തില്‍ ആണവള്‍ വളര്‍ന്നത്..
തീപൊള്ളല് ഏറ്റ ഒരാളെ കൗണ്‍സലിംഗ് നു കൊണ്ട് വന്നിട്ട് കാര്യമില്ല..
ഞാന്‍ ആ അമ്മയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു..

ഞാന്‍ ഈ എഴുതുന്നത് , വെറും പച്ചയായ സ്ത്രീ മനസ്സിനെ കുറിച്ചാണ്..
പഠിച്ചവള്‍ ആകട്ടെ, അല്ലാത്തവര്‍ ആകട്ടെ..
സമൂഹത്തിന്റെ , കുടുംബത്തിന്റെ ചിട്ടവട്ടങ്ങളില്‍ നിര്‍മ്മിതമായ ചിന്തകളും ധാരണകളും മാത്രമേ ചില പൊള്ളുന്ന പ്രശ്‌നത്തിന്റെ മര്‍മ്മഭാഗത്തോട് അവര്‍ക്കുള്ളു..
ഇനി എത്ര തന്റേടി ആണെങ്കിലും.. !

അച്ഛന്‍ ഉപേക്ഷിച്ച മക്കളെ വളര്‍ത്തുമ്പോള്‍ ഉടലെടുക്കുന്ന
അവസ്ഥയിലെ ദുരിതവും ഒറ്റപ്പെടലും .പിരിമുറുക്കവും
ഓര്‍ക്കാപ്പുറത്ത് നടുക്കടലില്‍ എടുത്തെറിഞ്ഞ പോലെ ഒന്നാണ്..
വിധവയുടെ ജീവിതം ഒന്ന്, വിവാഹമോചിതയുടെ മറ്റൊന്നു... !
ആ വ്യത്യാസം ഒരുപാട് ഉണ്ട്..

ഓരോ ഘട്ടത്തിലും ഓരോരോ പ്രശ്‌നങ്ങള്‍ വന്നു കൊണ്ടേ ഇരിക്കും..
.എന്നിരുന്നാലും,
സ്വന്തം ആത്മസംഘര്ഷങ്ങളെ നേരിടാനുള്ള കരുത്ത് നേടിയെടുക്കാന്‍ പറ്റണം എന്നല്ലേ പറഞ്ഞു കൊടുക്കാന്‍ ഉള്ളു..
അതൊരു പ്രാര്‍ത്ഥന ആയി തീരട്ടെ !

സ്ത്രീകള്‍ മാത്രമാണോ അനുഭവിക്കുന്നത്?

''എത്ര സ്‌നേഹിച്ചതാണ് മാഡം..
അത്ര വിശ്വാസമായിരുന്നു..
ഒരു പുരുഷന്‍ എന്ന നിലയ്ക്ക് എന്റെ അഭിമാനത്തിനാണ് മുറിവേറ്റിരിക്കുന്നത്..

'അമ്മ ഒളിച്ചോടി പോയ മോളുടെയും മോന്റെയും അവസ്ഥ പറയാതെ അറിയാമല്ലോ..''

ഇതൊരു അച്ഛന്റെ വാക്കുകള്‍ ആണ്..
ആ ആണൊരുത്തന്റെ മനസ്സും കാണാതെ പോകരുത്..

''നിനക്ക് കഴിവില്ലാത്തതു കൊണ്ട് ഓള് വേറെ പോയതാണോ ''എന്നുള്ള നാട്ടു വര്‍ത്തമാനങ്ങളും,
കുത്തി കുത്തിയുള്ള വീട്ടു ഭാഷയും അയാള്‍ പറഞ്ഞു...
മക്കള്‍ അനുഭവിക്കുന്ന അപമാനങ്ങളും...

അമര്‍ഷം തോന്നും ; സ്ത്രീയോടും പുരുഷനോടും..!
നിങ്ങള്‍ ഒരു കുടുംബം ഉള്ള സ്ത്രീയെയും പുരുഷനെയും പ്രണയിക്കാന്‍ തിരഞ്ഞെടുക്കുമ്പോള്‍..,
അവരുടെ മക്കളെ അനാഥര്‍ ആക്കി മാറ്റുന്ന അവസ്ഥയില്‍ എത്തിക്കുന്നത് എന്തിനാണ്.?

മനഃശാസ്ത്ര പഠനങ്ങളില്‍ പരാമര്ശിച്ചിട്ടില്ലാത്ത ചില പ്രതിഭാസങ്ങള്‍..

പങ്കാളികള്‍ അല്ലാത്ത മറ്റൊരാളോട് അടുപ്പം തോന്നുന്നത് സാധാരണ ആയി കാണാമെങ്കിലും , അതൊരു തെറ്റുമല്ല എന്ന് തന്നെ പറയാമെങ്കിലും
നെഞ്ചത്തു കിടത്തി ഉറക്കി വളര്‍ത്തിയ മക്കളെ ഒറ്റ നിമിഷം കൊണ്ട് തള്ളി പറയുന്ന ആ മനസ്സുകളെ കുറിച്ച് എഴുതാന്‍ അക്ഷരങ്ങള്‍ അറിയില്ല..

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com